ജി. ജ്യോതിലാൽ
ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി മലയാളിമനസ്സിൽ കൗതുകമായി മാറിയ തീറ്ററപ്പായി വെള്ളിത്തിരയിലേക്ക്. കലാഭവൻ മണി അഭിനയിക്കേണ്ടിയിരുന്ന വേഷം ചെയ്യുന്നത് അദ്ദേഹത്തിന്റെ അനിയൻ ആർ.എൽ.വി. രാമകൃഷ്ണൻ എന്ന കണ്ണനാണ്. വിനയന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന വിനു രാമകൃഷ്ണൻ സ്വതന്ത്രസംവിധായകനാവുന്ന ചിത്രംകൂടിയാണിത്.
“ചേട്ടനെ മനസ്സിൽ കണ്ടാണ് ഈ കഥ എഴുതിയത്. കഥ കേട്ട് മണിച്ചേട്ടൻ ഓകെ പറഞ്ഞിരുന്നതാണ്. ഡേറ്റിനനുസരിച്ച് തുടങ്ങാമെന്നും തീരുമാനിച്ചിരുന്നതാണ്. ചേട്ടന്റെ മരണത്തോടെ എല്ലാം മാറ്റിവെക്കുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെല്ലാം വിനയൻസാറിന്റെ കൂടെയുണ്ടായിരുന്ന വിനു ചേട്ടന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നയാളാണ്. 
തീറ്ററപ്പായിയെപ്പോലുള്ള ഒരു കഥാപാത്രമാണെങ്കിലും ചേട്ടന്റെ മാനറിസങ്ങൾ ധാരാളമുള്ള ഒരു കഥാപാത്രമായാണ് സിനിമ വരുന്നത്. സിനിമയ്ക്കുവേണ്ടി ഒരുപാട് കൂട്ടിച്ചേർക്കലുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യം തിരക്കഥ വായിച്ചപ്പോ ഞാൻ കരഞ്ഞുപോയി. ചേട്ടൻ വന്ന് മുന്നിൽ നിൽക്കുന്നതുപോലെ തോന്നി”- കണ്ണൻ പറയുന്നു.
“ചേട്ടന്റെ മരണം ഞങ്ങളെ എല്ലാ അർഥത്തിലും തകർത്തിരിക്കുകയാണ്. ഇടയ്ക്ക് എനിക്ക് സിനിമയിൽനിന്ന് ചില ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഏറ്റെടുക്കാൻ തോന്നാത്തവിധം മനസ്സ് ഉലഞ്ഞിരുന്നു. ഈ കഥ പക്ഷേ, ചേട്ടനെ സ്നേഹിക്കുന്ന കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന്‌ തോന്നി. ഞങ്ങളുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷിയായ കെ.കെ. വിക്രമൻസാർ ചിത്രം നിർമിക്കാൻ മുന്നോട്ടുവരുകയുംചെയ്തു. അങ്ങനെയാണ് ഈ പ്രോജക്ട് യാഥാർഥ്യമാവുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞദിവസമായിരുന്നു. മാർച്ച് 10-ന് പാലക്കാട് കോങ്ങാട്ടുവെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്.”
ചിത്രത്തിനുവേണ്ടി തല മൊട്ടയടിച്ച് തടി കൂട്ടി തയ്യാറായിരിക്കുകയാണ് കണ്ണൻ. തൃപ്പൂണിത്തുറ ആൽ.എൽ.വി., കാലടി സംസ്കൃതസർവകലാശാല എന്നിവിടങ്ങളിൽനിന്ന് മോഹിനിയാട്ടം എം.എ.യും എം.ഫിലും ഒന്നാംറാങ്കോടെ പാസായ കണ്ണൻ മോഹിനിയാട്ടത്തിൽ ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്. അധ്യാപകനായും ജോലിനോക്കിയിട്ടുണ്ട്. ചാലക്കുടിയിൽ അച്ഛന്റെ ഓർമയ്ക്കുള്ള രാമൻ സ്മാരക കലാഗൃഹത്തിലും പഠിപ്പിക്കുന്നുണ്ട്.
“നേരത്തേ ചില ആൽബങ്ങളിലും മസനഗുഡി മന്നാടിയാർ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. കലാഭവൻമണിയെക്കുറിച്ച് വിനയൻ ഒരുക്കുന്ന ജീവചരിത്രസിനിമയിൽ ഒരു പാട്ട് പാടാൻ അവസരം കിട്ടിയിരുന്നു. അതിൽ ‘ചാലക്കുടി ചന്തയ്ക്ക്...’ എന്ന പാട്ടാണ് ഞാൻ പാടിയത്” - കണ്ണൻ കൂട്ടിച്ചേർത്തു.
കാക്കിയുടുപ്പും തോൾസഞ്ചിയും കാലൻകുടയുമായി നടക്കുന്ന തൃശ്ശൂരിന്റെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് കേന്ദ്രകഥാപാത്രത്തിനെങ്കിലും ചിത്രം പൂർണമായും റപ്പായിയുടെ കഥയല്ലെന്ന് സംവിധായകൻ വിനു രാമകൃഷ്ണനും പറഞ്ഞു. ആക്‌ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബചിത്രമായിരിക്കും ഇത്.
കെ.ബി.എം. ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും സംവിധായകൻതന്നെ. പത്രപ്രവർത്തകനായ സി.എ. സജീവനാണ് തിരക്കഥയും സംഭാഷണവും. ക്യാമറ: അജയൻ വിൻസെന്റ്, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: അൻവർ അമൻ, കല: ലാൽജിത്ത് കെ.പി., മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: സുനിൽ റഹ്‌മാൻ

****************************

‘പ്രഭാതഭക്ഷണമാകുന്നത് 
ഭീഷണികൾ’

എൻ. സൗമ്യ​, soumyas1911@gmail.com
വെൽവെറ്റ് റെവല്യൂഷൻ എന്ന ഡോക്യുമെന്ററിയിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഇമാഡി എസ്പിന വെറോണ പറഞ്ഞത് ഭീഷണികളാണ് പ്രഭാതഭക്ഷണമാകുന്നതെന്നാണ്. അത് ഒരു പ്രതീകമാണ്. ഉയരുന്ന ശബ്ദം നിശ്ചലമാക്കാനുള്ള ഭീരുക്കളുടെ ശ്രമം. അതിലൊന്നും പതറുന്നവരല്ല കരുത്തുള്ള സ്ത്രീയെന്ന് നുപൂർ പറയുന്നു. ദീർഘകാലം മാധ്യമരഗംത്ത് പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ് ഈ ഡോക്യുമെന്ററി.

? മാധ്യമപ്രവർത്തകർക്ക് നേരെ പലതരം ഭീഷണികൾ ഉയരുന്ന സമയത്താണ് വെൽവെറ്റ് റെവല്യൂഷനെന്ന ഡോക്യുമെന്ററി ഒരുക്കിയത്. അത്തരം ഭീഷണികൾ തന്നെയാണോ ഡോക്യുമെന്ററിയിലേക്ക് നയിച്ചത്
മാധ്യമപ്രവർത്തകർക്ക് എപ്പോഴും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ പുരുഷൻമാരേക്കാൾ പ്രശ്നങ്ങൾ അനുഭവിക്കുന്നത് എന്നും സ്ത്രീകളാണ്. എൻ.ഡി.ടി.വി. യിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിനിടെ ഒട്ടേറെയനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഇന്ന് ഒരുപാട് സ്ത്രീകൾ ഈ രംഗത്തേക്ക് വരുന്നു. അതുപോലെ ജോലിക്കിടെ അവർ കടന്നുപോകുന്ന പ്രശ്നങ്ങളും ഏറെയാണ്. അത്തരമൊരു ചിന്തയിൽ നിന്നാണ് ഡോക്യുമെന്ററിയുടെ പിറവി.
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വിമൻ ഇൻ റേഡിയോ ആൻഡ് ടെലിവിഷനാണ് ഡോക്യുമെന്ററി നിർമിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആറ് വനിതകളുടെ കൂട്ടായ ശ്രമമായിരുന്നു അത്. ഇല്ലാങ് ഇല്ലാങ് ക്വിജനോ(ഫിലിപ്പീൻസ്), ദീപിക ശർമ(ഇന്ത്യ), പോച്ചി തമ്പ സോ, സിഡോണി പോങ്‌മോണി(കാമറൂൺ), ഇവാ ബ്രൗൺസ്റ്റീൻ(യു.എസ്.എ/ബംഗ്ലാദേശ്) എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ. 
പ്രിന്റ്, റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ രംഗത്തുള്ള വനിതാമാധ്യമപ്രവർത്തകർ സംഘർഷങ്ങൾ കവർ ചെയ്യുമ്പോഴുള്ള പ്രശ്നമാണ് ഫോക്കസ് ചെയ്തത്. ഓരോ രാജ്യത്തുള്ളവർക്കും പറയാനുള്ളത് ഓരോ പ്രശ്നങ്ങളായിരുന്നു. 
തനിക്ക് യുദ്ധലേഖികയാവേണ്ട, പക്ഷേ യുദ്ധം എന്റെ വാതിൽപ്പടിയിലെത്തിയിരിക്കുന്നുവെന്നാണ് തുർക്കിയിൽ നിന്നുള്ള സെയ്ന ഇർഹെയിം പറഞ്ഞത്. ഫിലിപ്പീൻസുകാരിയായ ഇമാഡി എസ്പിന വെറോണ പറഞ്ഞത് പ്രഭാതഭക്ഷണമായി ഭീഷണികളാണ് ഭക്ഷിക്കുന്നതെന്നാണ്. 
അഴിമതിക്കാരായതിനാലാണ് ജേണലിസ്റ്റുകൾ കൊല്ലപ്പെടുന്നതെന്നാണ് പ്രസിഡന്റ് പറയുന്നത്. എന്നാൽ ആരാണ് അഴിമതിയുടെ അധികാരം കൈയടക്കിയിരിക്കുന്നത്. പ്രസിഡന്റ് എന്തുതരം പ്രസ്താവനകളാണ് നടത്തുന്നതെന്നാണ് ഫിലിപ്പീൻസിൽ നിന്ന്‌ തന്നെയുള്ള കിംബർലി ക്വിറ്റാസോൾ ചോദിക്കുന്നത്. 
എത്ര ക്രൂരമായ അവസ്ഥയാണത്. ചിറ്റൂരിൽ നിന്നുള്ള മാധ്യമപ്രവർത്തകയ്ക്ക് വർണവിവേചനത്തെക്കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. തീവ്രവാദികളാൽ ഭർത്താവ് കൊല്ലപ്പെട്ടിട്ടും ബംഗ്ലാദേശി ബ്ലോഗർ ബോണ്യ അഹമ്മദ് പറഞ്ഞത് എന്റെ സഹപോരാളികളെ ഉപേക്ഷിച്ച് എനിക്ക് എങ്ങോട്ടും പോകേണ്ടെന്നാണ്. പക്ഷേ ഇതൊന്നും അവരെ പിന്നോട്ടു നയിക്കില്ല. 
ഒരുപാടു വേദികളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പറ്റാവുന്നിടത്തെല്ലാം ഞാൻ പോകുന്നുണ്ട്. കഴിഞ്ഞ നവംബർ രണ്ടിന് യു.എന്നിലും വേദി കിട്ടി. 

? മാധ്യമമേഖലയിൽ മുമ്പത്തേക്കാഴും പ്രശ്നങ്ങളുണ്ടോ ഇന്ന്. എന്താണ് അത്തരമൊരവസ്ഥക്ക് കാരണം
നോക്കൂ, ലോകത്തെമ്പാടും കൊല ചെയ്യപ്പെടുന്നത് എത്ര മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ വർഷം മാത്രം 65 പേരാണ് മരിച്ചത്. അതിൽ 10 പേർ സ്ത്രീകളാണ്. നമ്മുടെ ഗൗരി ലങ്കേഷും അക്കൂട്ടത്തിലുണ്ട്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരേ ശബ്ദിച്ചത്‌ കൊണ്ടു മാത്രം കൊല്ലപ്പെടുകയാണ്. 
മുമ്പ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ല. നമ്മുടെ ഇന്ത്യയിൽ അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നായിരുന്നു ഒരു ധാരണ. ഇപ്പോൾ മാധ്യമങ്ങൾപോലും തുറന്നെഴുതാൻ മടിക്കുകയാണ്. പല പല താത്‌പര്യങ്ങളുണ്ടാകും. എല്ലാത്തിനും വിലക്കേർപ്പെടുത്തുകയാണ്. ആ രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. 
ലോകത്തെല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വിമർശിക്കുന്നവരെ ഇല്ലാതാക്കുകയാണ്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും അല്ലാതെയും ഭീഷണികളുയരുന്നു. സാമൂഹിക മാധ്യമങ്ങളിൽ കൂടിയും കടന്നാക്രമിക്കുകയാണ്. നമ്മൾ എന്തെങ്കിലും എഴുതിയാൽ, പ്രതികരിച്ചാൽ ലൈംഗികതൊഴിലാളിയെന്ന്‌ മുദ്ര കുത്തും. നിങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നു. എന്തൊരവസ്ഥയാണത്.
ലോകത്തെമ്പാടും ഇതു തന്നെയാണ് അവസ്ഥ. അതിനെതിരേ ശബ്ദമുയരുക തന്നെ വേണം. എന്നാൽ ആരും പ്രതികരിക്കുന്നില്ല. മാധ്യമപ്രവർത്തകരുടെ ശബ്ദം പോലുമുയരുന്നില്ല. ഇതാണോ നമ്മുടെ നാടും സംസ്കാരവും. അത്തരമൊരു ചിന്തയിൽ നിന്നാണ് ഡോക്യുമെന്ററിയെന്ന ആശയത്തിലേക്കെത്തിയത്. 

? വെൽവെറ്റ് റെവല്യൂഷൻ എന്ന ഡോക്യുമെന്ററി എന്താണ് മാധ്യമസമൂഹത്തിന് നൽകുന്നത്. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ
മുമ്പ് ജേണലിസ്‌റ്റെന്ന് പറയുമ്പോൾ ഡോക്ടർമാരെയോ മറ്റേതെങ്കിലും ജോലിയോ പോലെ ഒരു നല്ല പ്രൊഫഷനാണെന്ന കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. ചിലർ ചെയ്ത മോശം കാര്യത്തിന്റെ പേരിൽ എല്ലാവരും അങ്ങനെയാണെന്ന് മുദ്ര കുത്തുകയാണ്. അങ്ങനെയല്ല, കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒട്ടേറെ മികച്ചവർ ഇപ്പോഴും ഈ രംഗത്തുണ്ടെന്ന് കാണിക്കുക കൂടിയാണ് ഡോക്യുമെന്ററിയിലൂടെ. എല്ലായിടത്തും നല്ലതും ചീത്തയുമുണ്ടാകും. സത്യന്ധ്യമായി ജോലിയെ സമീപിക്കുന്ന ഒരുപാടുപേരുണ്ട്. നമ്മൾ സമൂഹത്തിലേക്കിറങ്ങി അവരെ പ്പറ്റിയുള്ള വാർത്തകളാണ് നൽകുന്നത്. അവർക്കറിയാം നമ്മളെന്താണെന്ന്. മാധ്യമപ്രവർത്തകരെ ഒരിക്കലും മാറ്റി നിർത്താനാവില്ല. 
സംഘർഷബാധിത പ്രശ്നങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നു. പക്ഷേ അതൊന്നും തൊഴിലിനെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക് കഴിയുന്നു. ഇൻവെസ്റ്റിഗേഷൻ നടത്തി രേഖകൾ സഹിതം വെളിപ്പെടുത്തലുമായി എത്തുന്നവരിൽ മൂന്നിലൊന്നും സ്ത്രീകളാണ്. 
സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി, രാഷ്ട്രീയത്തെക്കുറിച്ച് പുസ്തകങ്ങളും മറ്റ് സൃഷ്ടികളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ഡോക്യുമെന്ററി ലോകത്ത് ആദ്യമായാണ്. അത് ഓരോ വേദികളിൽ കാണിക്കുമ്പോഴും കൂടുതൽ പേരെത്തുന്നു. ചർച്ച ചെയ്യുന്നു. 
വേൾഡ് കശ്മീർ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ചു. 

? എന്തുകൊണ്ട് ‘വെൽവെറ്റ് റെവല്യൂഷൻ’ എന്ന പേര്
വെൽവെറ്റ് എന്നത് ഒരു പ്രതീകമാണ്. നമ്മളുടെ വസ്ത്രങ്ങളിൽ കോട്ടണുണ്ട്, സിൽക്കുണ്ട്. അതൊക്കെ നമുക്ക് എളുപ്പം കീറാൻ പറ്റും. അതേസമയം വെൽവെറ്റ് പതുപതുത്തതാണെങ്കിലും അത് കീറിക്കളയാനാവില്ല. അതുപോലെയാണ് ഓരോ സ്ത്രീയും. അവൾ ശക്തയാണ്. ആർക്കും തകർക്കാനോ തച്ചുടയ്‌ക്കാനോ കഴിയില്ല. അതാണ് വെൽവെറ്റ് സൂചിപ്പിക്കുന്നത്. 

നുപൂർ ബസു
30 വർഷത്തിലേറെയായി മാധ്യമരംഗത്തുണ്ട് നുപൂർ ബസു. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ ഡോക്യുമെന്ററികളും ചെയ്തു. ഡ്രൈ ഡെയ്‌സ് ഇൻ ദൊബ്ബഗുണ്ട(മദ്യനിരോധനത്തിനായുള്ള ആന്ധ്രയിലെ സ്ത്രീകളുടെ പോരാട്ടം), ലോസ്റ്റ് ജനറേഷൻസ്(ആഗോളവത്‌കരണത്തിന്റെ സ്വാധീനം), നോ കൺട്രി ഫോർ യങ് ഗേൾസ്? (സെക്സ് റേഷ്യോയെപ്പറ്റി), മൈക്കൽ ജാക്സൺ കംസ് ടു മണിക്ഗഞ്ജ്(ദക്ഷിണേന്ത്യയിൽ സാറ്റലൈറ്റ് ടെലിവിഷന്റെ സ്വാധീനം) എന്നിവയാണ് പ്രധാനഡോക്യുമെന്ററികൾ).