ഷൈൻ മോഹൻ
shinetm@gmail.com

ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് ചാക്കോ മാഷ് പറയും. എന്നാൽ ലോകം മുന്നോട്ടുനീങ്ങുന്നത് കോടാനുകോടി ചക്രങ്ങളിലാണെന്ന് വാഹനലോകം സാക്ഷ്യപ്പെടുത്തും. നാളുകൾക്കൊപ്പം രൂപവും ഭാവവും മാറുന്ന വാഹനങ്ങൾ. പെട്രോളും ഡീസലും വിട്ട് ഇലക്ട്രിക്- ഹൈബ്രിഡ് യുഗത്തിലേക്ക് കുതിക്കുന്ന വാഹനലോകം. മാറ്റത്തിന്റെ പാതയിൽ മുന്നേറുന്ന വാഹനങ്ങളുടെ അത്ഭുതലോകത്തെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഓട്ടോ എക്സ്‌പോ.   വാഹനപ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ എക്സ‌്പോയ്ക്ക് രണ്ടുവർഷം കൂടുമ്പോഴാണ് ഡൽഹി വേദിയാവുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യാ എക്സ്‌പോ മാർട്ടിലേക്ക് വാഹനലോകം ചേക്കേറും. മാസ്മരികമായ കാഴ്ചകളൊരുക്കും. പുത്തൻ വാഹനങ്ങൾ അണിനിരക്കും. തങ്ങളുടെ സങ്കൽപ്പങ്ങളെ കമ്പനികൾ അവതരിപ്പിക്കുമ്പോൾ വാഹനപ്രേമികൾ ഉറ്റുനോക്കും.    വാഹനപ്രേമികൾക്കായി പതിന്നാലാമത് ഡൽഹി ഓട്ടോ എക്സ്‌പോയിൽ നിർമാതാക്കൾ കാത്തുവെച്ചിരിക്കുന്നത് എന്തെല്ലാമായിരിക്കും?

മാരുതി മുതൽ കിയ വരെ 
നേരത്തേ പ്രഗതി മൈതാനിൽ നടത്തിയിരുന്ന ഓട്ടോ എക്സ്‌പോ 2014 മുതലാണ് ഗ്രേറ്റർ നോയ്ഡയിലേക്ക് ചുവടുമാറ്റിയത്. കൂടുതൽ വിശാലമായ സ്ഥലസൗകര്യങ്ങളും സ്റ്റാളുകളും അവിടെയുണ്ടെങ്കിലും പല വാഹനക്കമ്പനികളും എക്സ്‌പോയിൽ നിന്ന് അകന്നുനിൽക്കുന്നുമുണ്ട്. അതേസമയം, ഇന്ത്യയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന വിദേശ കമ്പനികൾ എക്‌സ്‌പോയെ മികച്ച അവസരമായി കണക്കാക്കുന്നു. 
വാഹനലോകത്തെ പല വമ്പൻമാരും ഇക്കുറി എക്സ്‌പോയ്ക്ക് എത്തുന്നില്ലെങ്കിലും ഇന്ത്യക്കാർക്ക് പ്രതീക്ഷനൽകുന്ന ഒട്ടനവധി കമ്പനികൾ അവയുടെ പുത്തൻ മോഡലുകൾ അണിനിരത്തും. തെക്കൻ കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന കാർ നിർമാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിലേക്ക് ചുവടുവെക്കുന്നതും ഡൽഹി എക്സ്‌പോയിലൂടെയാകും. 
മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്, കൺസെപ്റ്റ് എസ് എസ്.യു.വി. എന്നിവ എക്സ്‌പോയിൽ ശ്രദ്ധ നേടും. മാരുതിയുടെ കൺസെപ്റ്റ് ഓഫ് റോഡ് ഹൈബ്രിഡ് വാഹനമായ ഇ- സർവൈവറും മേളയിൽ പ്രതീക്ഷിക്കുന്നു. 
കാറും ട്രക്കുമൊക്കെയായി അഞ്ച് വാഹനങ്ങൾ ടാറ്റയും അവതരിപ്പിക്കും. ടാറ്റയുടെ ഇലക്‌ട്രിക് വാഹനങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ. 
ടാറ്റയുടെ എക്സ് 451 ഹാച്ച് ബാക്ക്, എച്ച് 5 എസ്.യു.വി. എന്നിവയും മേളയിലുണ്ടാകും. ഇന്ത്യയ്ക്കുവേണ്ടി ഹ്യൂണ്ടായിയുടെ പുതിയ ഹാച്ച് ബാക്കും പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ച സാൻട്രോയുടെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 
മേഴ്‌സിഡീസ് ബെൻസിന്റെ ഫ്ളാഗ്ഷിപ്പ് കാറായ മേബാക്ക് എസ് 650, ഇ- ക്ലാസ് ഓൾ ടെറൈൻ, ഇലക്ക്‌ട്രിക് എസ്.യു.വി. കൺസെപ്റ്റായ ഇ.ക്യു തുടങ്ങിയവ എക്സ്‌പോയിലുണ്ടാകും. ആഢംബര വാഹനക്കമ്പനിയായ ബി.എം.ഡബ്ല്യു.വിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രദർശനമാകും എക്സ്‌പോയിൽ. ബി.എം.ഡബ്ല്യു. മോട്ടോറാഡ്, മിനി എന്നിവയ്ക്കുപുറമെ നിരവധി പുതിയ വാഹനങ്ങളുടെ പുറത്തിറക്കലും പ്രതീക്ഷിക്കാം. 

കിയ സോറെന്റോ 
എസ്.യു.വി.

ഇന്ത്യയിലെ വാഹനപ്രേമികൾ ഉറ്റുനോക്കുന്ന വാഹനങ്ങളിലൊന്നാണ് തെക്കൻ കൊറിയൻ കമ്പനിയായ കിയയുടെ എസ്.യു.വി.യായ സോറെന്റോ. ഇന്ത്യൻ റോഡുകളിൽ സോറന്റോ പരീക്ഷണം നടത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ആനന്ദ്പുരിലാണ് നിർമാണ യൂണിറ്റ്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയവയുമായി മത്സരിക്കാനാണ് കിയ സോറെന്റോ എത്തുന്നത്. 

പുതിയ സ്വിഫ്റ്റ്
വിശദീകരണം ആവശ്യമില്ലാത്ത മാരുതിയുടെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ് സ്വിഫ്റ്റ്.  ഇതിന്റെ പുതുതലമുറ പതിപ്പാണ് ഔപചാരികമായി എക്സ്‌പോയിൽ പുറത്തിറക്കാൻ പോകുന്നത്. ഡിസൈനിലും വലിപ്പത്തിലും ചില മാറ്റങ്ങളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഏതാണ്ട് ആറ് മുതൽ ഒമ്പത് ലക്ഷത്തിനിടയ്ക്കാണ് വില. ഹ്യൂണ്ടായിയുടെ ഗ്രാൻഡ് ഐ 10, ഫോർഡ് ഫിഗോ എന്നിവയോട് മത്സരിക്കും. 

പുതിയ സാൻട്രോ
1998-ൽ ഇന്ത്യയിൽ കാലുകുത്തിയ ഹ്യൂണ്ടായ് സാൻട്രോ 16 വർഷത്തിനുശേഷം 2014-ൽ നിർമാണം അവസാനിപ്പിച്ചതാണ്. ഹ്യൂണ്ടായിയുടെ ജനപ്രിയ കാർ ഡൽഹി ഓട്ടോ എക്സ്‌പോയിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നു. സാൻട്രോയുടെ പുതിയ പതിപ്പ് ഇന്ത്യയിലും യൂറോപ്പിലും പരീക്ഷിച്ചതായി പറയുന്നു. ഐ 10-ന് പകരക്കാരനായാകും സാൻട്രോ എത്തുകയെന്നറിയുന്നു. രാജ്യത്തെ വാഹനപ്രേമികൾ ആകാംക്ഷയോടെയാണ് സാൻട്രോയെ കാത്തിരിക്കുന്നത്.ഐ 20 പുതിയ പതിപ്പ്പുതിയ രൂപഭാവത്തിൽ ഐ 20-യെ എക്സ്‌പോയിൽ പ്രതീക്ഷിക്കാം. സാങ്കേതികതയിലും എൻജിൻശേഷിയിലുമൊന്നും വ്യത്യാസംവരുത്താതെ ഡിസൈനിൽ മാത്രം മാറ്റംവരുത്തിയുള്ള പതിപ്പാകും വരുന്നത്. മുൻഭാഗത്തെ ഗ്രിൽ, ബംബർ തുടങ്ങിയവയിൽ മാറ്റം പ്രതീക്ഷിക്കാം.

മാരുതി ഫ്യൂച്ചർ - എസ്
എസ്കഴിഞ്ഞ ഓട്ടോ എക്സ്‌പോയിൽ ഇഗ്നിസിന്റേയും ബലേനോയുടേയും സങ്കൽപ്പ മോഡലുകൾ മാരുതി അവതരിപ്പിച്ചിരുന്നു. ഇവ പിന്നീട് നിരത്തിലിറങ്ങുകയും ചെയ്തു. 
   ഇത്തവണ ഫ്യൂച്ചർ- എസ് ആണ് മാരുതി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രസ്സയേക്കാൾ ഒരുപടി താഴെ നിൽക്കുന്ന കോംപാക്റ്റ് എസ്.യു.വി.യാകും ഫ്യൂച്ചർ- എസ്. എൻജിൻശേഷിയേക്കുറിച്ച് കമ്പനി ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 1.2 ലിറ്റർ കെ. സീരിസ് പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് പ്രതീക്ഷിക്കുന്നത്.. 

ടാറ്റ എച്ച് 5, എക്സ് 451
ചുരുങ്ങിയത് നാല് പുതിയ വാഹനങ്ങൾ ടാറ്റ ഇക്കുറി അവതരിപ്പിക്കും. എച്ച് 5 എസ്.യു.വി., എക്സ് 451 ഹാച്ച്ബാക്ക് എന്നിവയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ലാൻഡ് റോവർ റിക്കവറി സ്പോർട്‌സ് എൽ 550-ന്റെ പ്ലാറ്റ്‌ഫോമിലാകും എച്ച് 5 എത്തുന്നത്. കുറേ ആഡംബര ഫീച്ചറുകൾ ഉൾപ്പെടുത്തിയാകും എച്ച് 5 എത്തുകയെന്നുറപ്പ്. 
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായാണ് എക്സ് 451 എത്തുന്നത്. മാരുതിയുടെ ബലേനോ, ഹ്യൂണ്ടായി ഐ 20, ഹോണ്ട ജാസ് എന്നിവയാകും എക്സ് 451-ന്റെ എതിരാളികൾ.
 
ടൊയോട്ട വയോസ്‌
ടൊയോട്ടയുടെ വിയോസിനെ ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു. ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യൂണ്ടായ് വേർണ, ഫോക്സ് വാഗൻ വെന്റോ, സ്കോഡ റാപ്പിഡ് എന്നിവയുമായി മത്സരിക്കാനാകും വിയോസ് അവതരിക്കുന്നത്. മാർച്ച്- ഏപ്രിലോടെ വിപണിയിലെത്താൻ സാധ്യതയുള്ള വിയോസ് എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കും.

മേഴ്‌സിഡീസ് ബെൻസ് 
ഇ.ക്യൂ കൺസെപ്റ്റ്

ഇലക്‌ട്രിക് കാറുകളുടെ ഭാവിസാധ്യതകൾ കണക്കിലെടുത്ത് ജർമൻ കാർ നിർമാതാക്കളായ മേഴ്‌സിഡീസ് ഇ.ക്യു. സങ്കൽപ്പ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.   കരുത്തും വേഗക്കുറവുമാണ് ഇലക്‌ട്രിക് കാറുകൾ നേരിടുന്ന വെല്ലുവിളികളെങ്കിൽ ആ സങ്കൽപ്പത്തെ മാറ്റി മറിച്ചുകൊണ്ടാകും  ഇ.ക്യു. വരുന്നത്. 2022 ആകുമ്പോഴേക്കും എസ്.യു.വി, സെഡാൻ,  ഹാച്ച്ബാക്ക് എന്നിവയിലായി പത്ത് ഇലക്‌ട്രിക് കാറുകൾ ഇറക്കാനാണ് മേഴ്‌സിഡീസിന്റെ പദ്ധതി.      ഒരു ചാർജിൽ 500 കിലോമീറ്റർ വരെ പോകാൻ കഴിയുന്നതും 400 എച്ച്.പി. പവർ ഔട്ട്പുട്ട് നൽകുന്നതുമായ എൻജിനാകും ഇ.ക്യു.വിൽ ഉപയോഗിക്കുക. അഞ്ച് സെക്കൻഡുകൊണ്ട് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് പറയുന്നു.

റെനോ സൂ ഇ.വി.
എക്സ്‌പോയിൽ പ്രതീക്ഷിക്കുന്ന മറ്റൊരു ഇലക്‌ട്രിക് കാറാണ് റെനോയുടെ സൂ ഇ.വി. നിലവിൽ യൂറോപ്പിൽ വിൽപ്പനയിലുള്ള വാഹനമാണിത്.    65 മുതൽ 80 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാവുന്ന 41 കിലോവാട്ട് ബാറ്ററിയിൽ 400 കിലോമീറ്റർ ഓടും. 

*****************
ഹീറോ മുതൽ ബി.എം.ഡബ്ല്യു. വരെ
ഹീറോ, ടി.വി.എസ്. തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് പുറമെ ബി.എം.ഡബ്ല്യു., ഹോണ്ട, സുസൂക്കി, കവാസാക്കി തുടങ്ങിയ വിദേശതാരങ്ങൾ എക്സ്‌പോയ്ക്കുവേണ്ടി തയ്യാറായിക്കഴിഞ്ഞു. 
   അതേസമയം, വിദേശനിരത്തുകളിൽ താരങ്ങളായ ഹാർലി ഡേവിഡ്‌സണും ട്രയംഫും മാത്രമല്ല ഇന്ത്യൻ റോഡുകളിൽ രാജാവായി വിലസുന്ന റോയൽ എൻഫീൽഡ് പോലും ഇത്തവണ എക്സ്‌പോയ്ക്കില്ലെന്നത് ബൈക്ക് പ്രേമികളെ നിരാശരാക്കും. ഏറ്റവും വലിയ ഇന്ത്യൻ ബൈക്ക് നിർമാതാക്കളിലൊന്നായ ബജാജും വിട്ടുനിൽക്കുകയാണ്.

എക്സ് പൾസും എക്‌സ്ട്രീം 200 ആറുമായി ഹീറോ
ഇന്ത്യൻ ഇരുചക്രവിപണിയിൽ മുൻനിരയിൽ നിൽക്കുന്ന ഹീറോയിൽനിന്ന് ഒട്ടനവധി പുതിയ മോഡലുകളൊന്നും എക്സ്‌പോയിൽ പ്രതീക്ഷിക്കുന്നില്ല. അതേസമയം, എക്സ്‌പോയ്ക്ക് മുന്നോടിയായിതന്നെ എക്‌സ്ട്രീം 200 ആർ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. എക്സ്‌പോയിൽ ഇതിന്റെ പ്രദർശനം തീർച്ചയായും പ്രതീക്ഷിക്കാം. 
യുവാക്കളെ ലക്ഷ്യമിട്ടാണ് കൂടുതൽ കരുത്തോടെ എക്‌സ്ട്രീമിനെ പുതിയ രൂപത്തിലെത്തിക്കുന്നത്. നിലവിൽ ഹീറോ എക്‌സ്ട്രീം 150 സി.സി.യാണെങ്കിൽ പുതിയത് 200 സി.സി. കരുത്തോടെയാണെത്തുന്നത്. എ.ബി.എസ്. പതിപ്പും ലഭ്യമാണ്. എൽ.ഇ.ഡി. പൈലറ്റ് ലാംപ് മുൻവശത്തെ ആകർഷകമാക്കുന്നു. യുവാക്കളെ ആകർഷിക്കും വിധം രൂപകൽപ്പന ചെയ്ത എക്‌സ്ട്രീം 200-ന് മോണോ സസ്‌പെൻഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ടി.വി.എസ്. അപ്പാച്ചെ ആർ.ടി.ആർ. 200, ബജാജ് പൾസർ എൻ.എസ്. 200 എന്നിവയാകും ഇതിന്റെ മുഖ്യ എതിരാളികൾ.
വിപണിയിൽ നിന്ന് ഹീറോ പിൻവലിച്ച ഇംപൾസിന്റെ വലിയ രൂപമാണ് എക്‌സ്പൾസ്. ഇരുപത് ബി.എച്ച്.പി. കരുത്ത് നൽകുന്ന 200 സി.സി. എൻജിനാണ് ഇതിലുള്ളത്. ഈവർഷം പകുതിയോടെ വിപണിയിലിറക്കാൻ പോകുന്ന എക്‌സ്പൾസിന്റെ പ്രതീക്ഷിക്കുന്ന വില ഒരു ലക്ഷത്തിനും 1,20,000-നുമിടയിലാണ്.. 

സുസുക്കി വി- സ്‌റ്റോം 650
ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന വി- സ്‌റ്റോം 650 സുസുക്കി ഇത്തവണ എക്സ്‌പോയിൽ അവതരിപ്പിച്ചേക്കും. സാഹസിക വിനോദയാത്ര ഇഷ്ടപ്പെടുന്നവർക്കുള്ള വാഹനമാണിത്. സുസുക്കിയുടെ 1000 സി.സി. എൻജിനുള്ള വി- സ്റ്റോമിൽ നിന്ന് രൂപകൽപ്പനയുടെ ആശയം ഉൾക്കൊണ്ടാണ് 650 വരുന്നത്. എട്ട് ലക്ഷത്തോളം വില പ്രതീക്ഷിക്കുന്ന വി- സ്റ്റോം 71 ബി.എച്ച്.പി. കരുത്ത് നൽകും.. 

ബി.എം.ഡബ്ല്യു.
ബൈക്കുകളുടെ അതിശയിപ്പിക്കുന്ന നിരയുമായാണ് ബി.എം.ഡബ്ല്യു. മോട്ടോറാഡ് എക്സ്‌പോയിലെത്തുന്നത്. ബി.എം.ഡബ്ല്യു ജി 310 ആർ, ജി 310 ജി.എസ്., എഫ് 750 ജി.എസ്, എഫ് 850 ജി.എസ്. എന്നിവ കമ്പനിയിൽനിന്ന് പ്രതീക്ഷിക്കാം. ടി.വി.എസിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് ബി.എം.ഡബ്ല്യു. നിർമാണം നടത്തുന്നത്. 
ജി 310 ആറിന് രണ്ടര ലക്ഷം രൂപയോളം വിലയുണ്ടാകും. ജി 310 ജി.എസ്സിന് മൂന്ന് ലക്ഷവുമാണ് പ്രതീക്ഷിക്കുന്നത്. എഫ്. 750, 850 മോഡലുകൾക്ക് പത്ത് ലക്ഷത്തിന് മുകളിലാകും വില. 

ഹോണ്ട സി.ബി.ആർ. 300 ആർ.
ഹോണ്ടയുടെ സി.ബി.ആർ. 250 ആറിന് പകരക്കാരനായി സി.ബി.ആർ. 300 ആർ എത്തും. സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് 286 സി.സി. എൻജിൻ 30 ബി.എച്ച്.പി. കരുത്ത് നൽകും. ആറ് സ്പീഡ് ട്രാൻസ്മിഷനാണ്. പ്രതീക്ഷിക്കുന്ന വില മൂന്ന് ലക്ഷം.. 

എംഫ്ളക്സ് വൺ
ഇന്ത്യയുടെ ആദ്യ ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്ക് എന്നവകാശപ്പെട്ടാണ് ബെംഗളൂരുവിലെ എംഫ്ളക്സ് മോട്ടോഴ്‌സിന്റെ എംഫ്ളക്സ് വൺ എത്തുന്നത്. പരമാവധി 200 കിലോമീറ്റർ വേഗം കൈവരിക്കാവുന്ന ബൈക്കാണിത്. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ വെറും മൂന്ന് സെക്കൻഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് മുതൽ ആറ് ലക്ഷം വരെ വില പ്രതീക്ഷിക്കാം. 

കവാസാക്കി ഇസെഡ് 900, നിൻജ
കവാസാക്കി ഇസെഡ് 900 സ്ട്രീറ്റ് ഫൈറ്ററിന്റെ പുതുക്കിയ പതിപ്പാണ് ഇസെഡ് 900 ആർ.എസ്. 948 സി.സി. എൻജിൻ 110 ബി.എച്ച്.പി. കരുത്ത് നൽകും. പത്ത് ലക്ഷത്തിലേറെ വില പ്രതീക്ഷിക്കാം. കഴിഞ്ഞവർഷം മിലാനിൽ നടന്ന എക്സ്‌പോയിൽ അവതരിപ്പിച്ച നിൻജ എച്ച്.2 എസ്.എക്സ് ഡൽഹിയിലെത്തുകയാണ്. നാല് സിലിണ്ടർ 998 സി.സി. എൻജിൻ 199 സി.സി. കരുത്ത് നൽകും. നിൻജ 300-ന് പകരമായി 400-ഉം എത്തിയിട്ടുണ്ട്. 45 ബി.എച്ച്.പി. കരുത്ത് നൽകുന്ന 399 സി.സി. എൻജിനാണ് ഇതിലുള്ളത്. 

ടി.വി.എസ്. 
പുതിയ മോഡലുകളൊന്നും ടി.വി.എസ്. എക്സ്‌പോയിലൂടെ വിപണിയിലെത്തിക്കുന്നില്ലെന്നാണ് അറിയുന്നത്. 
  എന്നാൽ ചില സങ്കൽപ്പ വാഹനങ്ങൾ അവതരിപ്പിക്കും. ഒരു ഇലക്‌ട്രിക് സ്കൂട്ടറും ഒരു ഹൈബ്രിഡ് സ്കൂട്ടറും അവതരിപ്പിക്കും. ടി.വി.എസ്. മോട്ടോഴ്‌സിന്റെ ഗവേഷകവിഭാഗമാണ് ഇവയുടെ മോട്ടോറും ബാറ്ററിയും വികസിപ്പിച്ചത്.    അപ്പാച്ചെ ശ്രേണിയിലുള്ള ഒരു ബൈക്കും അവതരിപ്പിക്കും. 

*********************
എക്സ്‌പോയിൽ എത്താതെ 
30 കമ്പനികൾ

ശക്തിപ്രകടനത്തിനുള്ള മികച്ച അവസരമായാണ് കുറച്ചുവർഷം മുമ്പുവരെ ഓട്ടോ എക്സ്‌പോകളെ വാഹനക്കമ്പനികൾ നോക്കിക്കണ്ടിരുന്നത്. തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളും സങ്കൽപ്പങ്ങളും എക്സ്‌പോയിൽ അവതരിപ്പിക്കാൻ കമ്പനികൾ മത്സരിച്ചു. 
   എന്നാൽ അടുത്തകാലത്തായി സ്ഥിതി മാറി. പല പ്രമുഖകമ്പനികളും എക്സ്‌പോയിൽനിന്ന് അകലം പാലിക്കുന്നതാണ് കണ്ടുവരുന്നത്. 
ഇത്തവണ ഡൽഹി ഓട്ടോ എക്സ്‌പോയിൽ നേരത്തേ പങ്കെടുത്തിരുന്ന മുപ്പതോളം കമ്പനികളുണ്ടാവില്ല.
   ഫോക്സ് വാഗൻ, സ്കോഡ, ഔഡി, പോർഷെ, ലംബോർഗിനി, ഡ്യുക്കാറ്റി, സ്കാനിയ, ഡാറ്റ്‌സൺ, ഫിയറ്റ്, ജീപ്പ്, ജാഗ്വാർ, ലാൻഡ് റോവർ, നിസ്സാൻ തുടങ്ങിയ കാർ കമ്പനികളും ഹാർലി ഡേവിഡ്‌സൺ, ട്രയംഫ്, റോയൽ എൻഫീൽഡ്, ബജാജ് തുടങ്ങിയ ബൈക്ക് നിർമാതാക്കളും മേളയിലില്ല. 
എക്സ്‌പോയുടെ ചെലവാണ് കമ്പനികൾ വിട്ടുനിൽക്കാൻ ഒരു കാരണം. എക്സ്‌പോകൊണ്ട് ബിസിനസ്സിൽ വലിയ ഗുണമില്ലെന്ന്‌ കരുതുന്ന കമ്പനികളുമുണ്ട്. 
ഏഴോ എട്ടോ കാറുകൾ പ്രദർശിപ്പിക്കാവുന്ന സ്റ്റാളിന് ഒരു കോടി വരെ എക്സ്‌പോയിൽ വാടക നൽകേണ്ടിവരും. മറ്റു ചെലവുകൾ കൂടിയാകുമ്പോൾ അത് പത്ത് കോടിയിലുമേറെയാകും.
  വലിയ കമ്പനികൾക്ക് എട്ട് ദിവസത്തെ പ്രദർശനത്തിന് 30 കോടി വരെ ചെലവ് വരുമെന്ന് പറയുന്നു. ഇത് മാർക്കറ്റിങ് ബജറ്റിൽ ഒതുങ്ങില്ലെന്ന് കരുതുന്ന കമ്പനികളുണ്ട്.

വരുമോ ഇലക്ട്രിക് വാഹനയുഗം?
ഭാവിയുടെ വാഹന എൻജിനുകൾക്ക് കരുത്ത് പകരുന്നത് ബാറ്ററികളാകുമോ? ഇത്തവണ ഡൽഹി എക്‌സ്‌പോയിൽ രണ്ട് ഡസനിലേറെ ഇലക്ട്രിക് വാഹനങ്ങളാണ് അവതരിപ്പിക്കാൻ പോകുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ ഹെവി വാഹനങ്ങൾ വരെ അവയുടെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകൾ എത്തിക്കുന്നു. മാരുതിയുടെ ഇ- സർവൈവറാണ് ഇതിൽ മുഖ്യം. ടാറ്റ മോട്ടോഴ്‌സിന്റെ സ്റ്റാളിലും ഇലക്ക്‌ട്രിക് നിര കാണാം. ഇലക്‌ട്രിക് ടിഗോർ, നാനോ കാറുകൾക്ക് പുറമെ ബസുകളും ടാറ്റ അവതരിപ്പിക്കും. ഫ്രഞ്ച് കമ്പനിയായ റെനോയുടെ മൂന്ന് സങ്കൽപ്പ ഇലക്ക്‌ട്രിക് വാഹനങ്ങൾ എക്സ്‌പോയിലുണ്ടാകും. രണ്ടുപേർക്കിരിക്കാവുന്ന ട്രെസോറാണ് ഇതിലൊന്ന്. ഇതിന്റെ പരമാവധി വേഗം 250 കിലോമീറ്റർ. കൂടാതെ റെനോ സൂവും മേളയിലുണ്ടാകും. മഹീന്ദ്രയുടെ ഇലക്ക്‌ട്രിക് കാർ നിലവിൽ ഇന്ത്യയിലിറങ്ങുന്നുണ്ട്. ഇ2ഒ, ഇ- വെറീറ്റോ എന്നിവയാണ് കമ്പനിയുടെ ഇലക്ട്രിക് കാറുകൾ. അടുത്തിടെ ഇലക്ട്രിക് മുച്ചക്ര വാഹനവും കാർഗോ വാനും മഹീന്ദ്ര മേളയിൽ പ്രദർശിപ്പിക്കും.ഹ്യൂണ്ടായിയുടെ ഇലക്ക്‌ട്രിക്, ഹൈബ്രിഡ് വിഭാഗത്തിലായി രണ്ട് സങ്കൽപ്പ വാഹനങ്ങൾ പ്രദർശിപ്പിക്കും. ടി.വി. എസ്സിന്റെ ഇലക്‌ട്രിക് സ്കൂട്ടർ, ഹോണ്ടയുടെ ഹൈബ്രിഡ് ഇലക്‌ട്രിക് കാർ എന്നിവയും എക്സ്‌പോയിൽ പ്രതീക്ഷിക്കാം.