ഹിമാലയത്തിന്റെ താഴ്‌വരയിൽ മറഞ്ഞുകിടക്കുന്ന മനോഹരദേശം-ഹർ കി ദൂൺ. സമുദ്രനിരപ്പിൽനിന്ന് 11700 അടി ഉയരത്തിലുള്ള ഹർ കി ദൂണിൽ എത്തുക എളുപ്പമല്ല. ഡൽഹിയിൽനിന്ന് മസൂറിയിലെത്തി അവിടെനിന്ന് 10 മണിക്കൂറോളം മലനിരകളിലെ ഇടുങ്ങിയ വഴികളിലൂടെയാണ് യാത്ര. പിന്നീട് മൂന്നു ദിവസം കാൽനടയായി മലകൾ കയറിയിറങ്ങി കാടും നദികളും താണ്ടണം.
യാത്ര തുടങ്ങുന്നു
നോക്കെത്താദൂരത്തോളം ഒന്നിനുപിറകെ ഒന്നായി മലനിരകൾ. കുന്നുകളിൽനിന്ന് കുന്നുകളിലേക്കു കയറിയിറങ്ങിയുള്ള സഞ്ചാരം. ഞങ്ങൾ നവ്ഗാവിലെത്തി. ദേശീയപാത 123 ആണ് ഈ ഇടുങ്ങിയ മലമ്പാത. ഉത്തരാഖണ്ഡിൽ തുടങ്ങുന്ന ഈ ദേശീയപാത ഇവിടെനിന്ന്‌ യമുനോത്രിയിലേക്ക്‌ തിരിയും. ഞങ്ങൾ മോരിയിലേക്കുള്ള വഴിതിരിഞ്ഞു പരോളയെത്തി. ഏതാനും ധാബകളും കടകളുമൊക്കെയുള്ള ചെറിയ മലയോരപട്ടണമാണ് പരോള.
 നാഗരികതയുടെ അവസാന ലക്ഷണങ്ങൾ മോരിയിൽ അവസാനിക്കും. പൊതുഗതാഗതം മോരിവരെ മാത്രമേ ഉള്ളൂ. ഇവിടെനിന്ന് സാധാരണ ജീപ്പിൽ ടൂറിസ്റ്റുകൾ സാംക്രിയിലേക്കു പുറപ്പെടും. ടെലിഫോൺ നെറ്റ്‌വർക്കുള്ള അവസാനത്തെ സ്ഥലം കൂടിയാണ് മോരി. ഇവിടെ വനാതിർത്തി തുടങ്ങുന്നു. നട്‌വർ എന്ന സ്ഥലത്ത് വനം വകുപ്പിന്റെ ചെക്പോസ്റ്റിൽ  ഞങ്ങളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി. ടോൻസ് നദീതീരത്തുള്ള നട്‌വർ ഗ്രാമം ഗോവിന്ദ് വന്യജീവികേന്ദ്രത്തിന്റെ കവാടമാണ്. ക്രമേണ നാടു കാടായി മാറുന്ന കാഴ്ച. ടോൻസ് നദിയുടെ മറുകരയിൽ കുന്നിൻചെരുവുകളിൽ കന്നുകാലികൾ മേയുന്നു. നദി കടക്കുന്നതിനു തടികൊണ്ടുള്ള പഴയ തൂക്കുപാലം ഈ പ്രദേശത്തിനു കൂടുതൽ മനോഹാരിത നൽകുന്നു.
 ഹർ കി ദൂൺ ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പാണ് സാംക്രി. ഒന്നുരണ്ടു കടകളും ഗഡ്‌വാൾ മണ്ഡൽ വികാസ് നിഗത്തിന്റെയും വനംവകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളും തടികളാൽ നിർമിച്ച ചെറിയ ലോഡ്ജും മാത്രമുള്ള ഒരു ചെറിയ ഗ്രാമം. കടകളിൽനിന്നുള്ള മിന്നാമിനുങ്ങുപോലുള്ള മെഴുകുതിരി വെളിച്ചമല്ലാതെ ഒന്നും കാണാനില്ല. അന്നു രാത്രി അവിടെ കഴിച്ചുകൂട്ടി.
 പിറ്റേന്ന് ജീപ്പിൽ താലൂക്കയിലേക്ക് യാത്ര തിരിച്ചു. സാംക്രിയിൽനിന്നും താലൂക്കവരെയുള്ള 12 കി.മീറ്റർ സഞ്ചരിക്കാനെടുത്തതു രണ്ട്‌ മണിക്കൂർ. മലഞ്ചെരിവിലൂടെ പാറകളും കല്ലുകളും നിറഞ്ഞ പാത. തിങ്ങിനിറഞ്ഞ കാട് ഒരുവശത്തും താഴെ ദൂരെയായി നൂലുപോലെ കാണുന്ന നദി മറുവശത്തും. താലൂക്കയിൽ എത്തുന്നതിനു മുമ്പേ ജീപ്പുനിന്നു. തലേന്നു രാത്രി മലയിടിച്ചിലുണ്ടായി റോഡിൽ വഴി മുടങ്ങി. ഞങ്ങൾ ജീപ്പിൽനിന്നും ഇറങ്ങി നടന്നു. 
സാംക്രി പോലെത്തന്നെ ഒന്നുരണ്ടു കടകളും സത്രങ്ങളുമടങ്ങുന്നതാണ് താലൂക്കാ. സീമ എന്ന സ്ഥലത്തുള്ള ഗഡ്‌വാൾ മണ്ടലിന്റെ സത്രമാണ് അടുത്ത ലക്ഷ്യം. അതിനു 13 കി.മീറ്റർ ദൂരം നടന്നു. ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ പെട്ടെന്ന് നദിയോരപാത അപ്രത്യക്ഷമായി. നടപ്പാത ഇടിഞ്ഞു നദിയിൽ പതിച്ചിരിക്കുന്നു. ഏകദേശം നൂറടിയിൽ താഴെ അലറി വിളിച്ചൊഴുകുന്ന നദി. ഇനി മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു വലിയ മല കയറി ഇറങ്ങണം. മഴ പെയ്തിളകി കിടക്കുന്ന മണ്ണ്. ഇരുന്നും കൈ കുത്തിയും പതുക്കെ വലിഞ്ഞു കയറി. മുകളിൽ എത്തിയപ്പോൾ താഴെ നദി കാണാൻ പറ്റുന്നില്ല. വെള്ളം കുത്തിയൊലിച്ചു പോവുന്ന ശബ്ദം മലകളിലും മരങ്ങളിലും തട്ടി പ്രതിഫലിക്കുന്നു. മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും നദിയുടെ തീരത്തുള്ള വലിയ കല്ലുകളിൽ കുറച്ചുനേരം കിടന്ന്‌ ക്ഷീണം മാറ്റി.
എതിരേ വന്ന ഗ്രാമീണ സ്ത്രീകൾ ഞങ്ങളെക്കണ്ട്‌ നിന്നു. ‘ദർദ് കി ദവായി ഹെ?’- അവർ ചോദിച്ചു. ശരീരവേദനയ്ക്കുള്ള മരുന്നുവേണം അവർക്ക്. മരുന്നുകളും ഡോക്ടർമാരും ഇല്ലാത്ത ഉൾനാടൻ പ്രദേശത്തേയ്ക്കാണു പോകുന്നത് എന്നതിനാൽ ഞങ്ങൾ കുറെയേറെ മരുന്നുവാങ്ങി സൂക്ഷിച്ചിരുന്നു. പട്ടണങ്ങളിൽനിന്നു വരുന്നവരെ കാണുമ്പോൾ ഗ്രാമവാസികൾ അതു ചോദിച്ചു വാങ്ങുന്നതും പതിവാണത്രേ.
സുപിൻ നദിക്കരയിലൂടെ
ഒന്നര മണിക്കൂർ കൂടി നടന്നു. ഒരു മല മുകളിലൂടെയാണു നടത്തം. താഴെ ഒട്ടേറെ ശാഖകളും ഉപശാഖകളുമായി സുപിൻ നദി ഒഴുകിക്കൊണ്ടിരിക്കുന്നു. 
 നടത്തം തുടർന്നു. ദൂരെ ഇടതുവശത്തായി മലനിരകളിൽ കുറെ വീടുകൾ. ഗാംഗ്‌ഗോർ വില്ലേജ്. ആരോ വഴിയിൽ ഉപേക്ഷിച്ച ഒരു ഊന്നുവടി കിട്ടി. അതു കുത്തിനടന്നപ്പോൾ കുറച്ച് ആയാസം തോന്നി. വഴിയരികിൽ സർദാർ ചൗഹാൻ സിങ്‌ എന്ന് ഒരു കല്ലിൽ എഴുതി വെച്ചിരിക്കുന്നു. കൂടെ ജനന-മരണ തീയതികളും ഒപ്പം മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ക്ഷേത്രത്തിന്റെ രൂപവും. പട്ടണങ്ങളിൽ പോയി ക്രിക്കറ്റ് കളിച്ചു പേരെടുത്ത ഒരു കളിക്കാരനും ഈ ഗ്രാമത്തിന്റെ അഭിമാനവുമായിരുന്നു സർദാർ.
മുന്നോട്ടു നടക്കവെ, പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ വലിയൊരു ഗർത്തം. മലയിടിഞ്ഞു നടപ്പാത ഇല്ലാതായിരിക്കുന്നു. ഒരുവശത്ത് മാനംമുട്ടെ നിൽക്കുന്ന മല. മറുവശത്തു വളരെ താഴെയായി നദി. മലയിടിഞ്ഞ് താഴെ നദിയിൽ പതിച്ചിരിക്കുന്നു. മുകളിൽനിന്നും വരുന്ന അരുവി മലയിടിഞ്ഞു കിടക്കുന്ന കല്ലിനും മണ്ണിനും മുകളിലൂടെ താഴേക്കു പതിക്കുന്നു. മലയിടിഞ്ഞ സ്ഥലത്തിന് അമ്പതു മീറ്ററെങ്കിലും വീതിയുണ്ടാവും. പകച്ചുനിന്ന ഞങ്ങളോട് പേടിക്കാതെ മുന്നോട്ടു നടക്കൂ എന്ന് ഷേർപ്പ വിളിച്ചുപറഞ്ഞു. പകുതിദൂരം പിന്നിട്ടു ഞാൻ നിന്നു. താഴേക്കു നോക്കിയപ്പോൾ പേടി കൂടി. ആകെ ഒരു അങ്കലാപ്പ്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. പിന്നോട്ടു പോയാലോ? നിൽക്കരുത്, അപകടമാണെന്ന് ഷേർപ്പ വിളിച്ചുകൂകി. ഞാൻ വീണ്ടും മടിച്ചുനിന്നപ്പോൾ അവൻ വന്ന്‌ കൈയിൽ ബലമായി പിടിച്ചു മുന്നോട്ടുവലിച്ചു നടന്നു. നിമിഷങ്ങൾക്കകം അവനെന്നെ ആ ദുർഘടപാത കടത്തി മറുകരയെത്തിച്ചു. തിരിഞ്ഞുനോക്കുമ്പോൾ ചവിട്ടി വന്ന പല കല്ലുകളും ഇളകി താഴേക്കു പതിക്കുന്നു. മരണം മുന്നിൽക്കൂടി ഒന്നുതൊട്ടു കടന്നുപോയതു പോലെ.
സീമ എത്തുന്നതിനുമുമ്പു ഇതുപോലുള്ള രണ്ടു സ്ഥലങ്ങൾ കൂടി കടക്കേണ്ടിവന്നെങ്കിലും അപ്പോൾ തോന്നിയ ഭയം പിന്നീടുണ്ടായില്ല. ഏകദേശം ഒരു മണിക്കൂർ കൂടി നടന്നുകാണും. ഇരുട്ടു കൂടിക്കൂടിവരുന്നു. ഷേർപ്പ ദൂരേയ്ക്കു വിരൽ ചൂണ്ടിപ്പറഞ്ഞു. അതാണ് നമ്മളെത്തേണ്ട സ്ഥലം. അങ്ങുദൂരെ മലഞ്ചെരുവിൽ ഒരു കെട്ടിടം. ഞങ്ങൾ വലിഞ്ഞുനടന്നു. വനംവകുപ്പിന്റെ രണ്ടു മുറികളുള്ള ഒരു െറസ്റ്റ് ഹൗസും ഉണ്ടവിടെ. മുന്നിൽ പൊട്ടിപ്പൊളിഞ്ഞ ഒരു ധാബ. ഇവിടെയെത്തുന്നവർക്ക് ആഹാരത്തിനുള്ള ഏക ആശ്രയം.ഒരു മെഴുകുതിരിയുടെ വെളിച്ചത്തിൽ ഞങ്ങൾ മുറിയിലെത്തി. ഒരു ഹാളിൽ കുറെ കട്ടിലുകൾ. എല്ലാവരും ക്ഷീണിച്ചിരിക്കുന്നു. എല്ലാവരും കട്ടിലിലേക്കു മറിഞ്ഞു. ഷേർപ്പ താഴെയുള്ള ധാബയിൽ പോയി കുളിക്കാനുള്ള ചൂടുവെള്ളം ഏർപ്പാടു ചെയ്തു. അര ബക്കറ്റു വെള്ളത്തിനു 30 രൂപ. കുളി കഴിഞ്ഞപ്പോൾ നല്ല സുഖം തോന്നി. ധാബയിലെത്തി അത്താഴം കഴിച്ചു. റൊട്ടിയും, ചോറും ഉരുളക്കിഴങ്ങും പരിപ്പുകറിയും. എരിവും പുളിയുമൊന്നും ഇല്ല. പച്ചമുളക് അവിടെ കിട്ടാത്തതിനാൽ ഉപയോഗിക്കാറില്ലത്രേ. 
ഞങ്ങൾ തിരികെ എത്തിയപ്പോൾ മഹാരാഷ്ട്ര ടീം കൂടിയിരുന്നു സംസാരിക്കുകയാണ്. ഞങ്ങളും അവരോടൊപ്പം കൂടി. അവരിൽ പലരും പലവട്ടം ഹർ കി ദൂൺ ട്രക്കിങ്‌ നടത്തിയിട്ടുള്ളവരാണ്. ഒരു മണിക്കൂറോളം അവരുടെ അനുഭവങ്ങൾ കേട്ടിരുന്നു. ഞങ്ങൾ തിരികെ റൂമിലെത്തി. പുറത്തു വെളിച്ചത്തിന്റെ ഒരു കിരണംപോലും എങ്ങുമില്ല. ആരോ കണ്ണു മൂടിക്കെട്ടിയതുപോലെ. അലറിപ്പായുന്ന സുപിൻ നദിയുടെ കാഹളം നിശബ്ദതയെ ഭേദിക്കുന്നു. ഒരു ഏകാന്തദ്വീപിൽ എത്തപ്പെട്ട പ്രതീതി. ക്ഷീണംകൊണ്ട് ഉറങ്ങിയതറിഞ്ഞില്ല. പ്രഭാതത്തിലെ കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ദൂരെ നീലനിറത്തിൽ കാണുന്ന മലകൾക്കിടയിലൂടെ വരുന്ന സൂര്യരശ്മികൾ നദീജലത്തിൽ തട്ടി പ്രതിഫലിക്കുന്നു. വലിയ കല്ലുകൾക്കിടയിലൂടെ ശക്തമായി താഴേക്കു പതിക്കുന്ന നദി. ദൂരെ ഒരു മലമുകളിൽ ഒരു ചെറിയ അമ്പലവും കൊടിതോരണങ്ങളും. ഓസ്ല ഗ്രാമത്തെ സീമയുമായി ബന്ധിപ്പിക്കുന്ന തടി കൊണ്ടുണ്ടാക്കിയ തൂക്കുപാലം. മലമുകളിൽ തീപ്പെട്ടി അടുക്കിയതുപോലെ ഓസ്ല ഗ്രാമത്തിലെ കുടിലുകൾ.
ഞങ്ങളെ ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടു പോവാൻ സഹായികളെത്തി. നദിയുടെ ഇപ്പുറം സീമ എന്നും അപ്പുറം ഓസ്ല എന്നുമാണ് അറിയപ്പെടുന്നത്. സീമയും ഒാസ്ലയും തമ്മിൽ യോജിപ്പിക്കുന്നത് ഒരു തൂക്കുപാലം മാത്രമാണ്. അതില്ലാതായാൽ ഈ ഗ്രാമം ലോകത്തിൽ നിന്നു തന്നെ വിച്ഛേദിക്കപ്പെടും. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ ആ കുന്നിനു മുകളിലെത്തി. സമുദ്രനിരപ്പിൽ നിന്നും 8500 അടി ഉയരെയാണ് ഓസ്ല. 
മലയുടെ ഒരു മൂലയിലുള്ള ഏകവിദ്യാലയം കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ആരോ പരിശോധനയ്ക്കു വരുന്ന പ്രതീതി. കുട്ടികളൊഴികെ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. കീറിയ ഉടുപ്പും സ്വെറ്ററുമാണ് കുട്ടികളുടെ വേഷം. ചില കുട്ടികളുടെ കൈയിൽ മാത്രം സ്ലേറ്റുണ്ട്. അഞ്ചാംക്ലാസു വരെയുള്ള ഈ സ്കൂളിൽ മൂന്നു അധ്യാപികമാരേ ഉള്ളൂ. മൊത്തം 92 കുട്ടികൾ. രാവിലെ ഒമ്പതുമുതൽ ഉച്ചക്കു രണ്ടുവരെയാണ് പ്രവർത്തനസമയം. ഉച്ചഭക്ഷണം കൊടുക്കുന്ന ദിവസങ്ങളിൽ വൈകീട്ടു നാലുവരെ സ്കൂളുണ്ടാവും.
 ഹർ കി ദൂണിൽ എത്തുന്നതിനുമുമ്പു ജനവാസമുള്ള അവസാനത്തെ ഗ്രാമമാണ് ഓസ്ല. നൂറ്റിയിരുപതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. കാട്ടുമരങ്ങളുടെ തടിയിൽ നിർമിച്ച വീടുകൾ മലഞ്ചെരുവിൽ പല തട്ടുകളിലായി ചിതറിക്കിടക്കുന്നു. നവംബർ മുതൽ മാർച്ചുവരെയുള്ള അഞ്ചുമാസം ഈ പ്രദേശം മഞ്ഞിനടിയിലായിരിക്കും. മഞ്ഞിൽനിന്നും രക്ഷ നേടാൻ പാകത്തിലാണ് ഈ വീടുകളുടെ നിർമാണം. 
ഞങ്ങൾ ഗ്രാമത്തിലേക്കു ചെല്ലുമ്പോൾ പുരുഷന്മാരെല്ലാം ഹുക്ക വലിച്ചും വെയിലു കാഞ്ഞും അവിടവിടെ ഇരിക്കുന്നു. കുറച്ചു വൃദ്ധകളൊഴിച്ചു മറ്റു സത്രീകളെയൊന്നും ഗ്രാമത്തിൽ കാണാനില്ല. പുരുഷന്മാർ അലസന്മാരാണ്. കഞ്ചാവും ചരസ്സും യഥേഷ്ടം എല്ലാവരും ഉപയോഗിക്കുന്നു. തണുപ്പിനും അസുഖങ്ങൾക്കും വേദനയ്ക്കുമൊക്കെ ഒരേയൊരു ആശ്വാസമാണ് ഈ ചെടികൾ. 
ഏറെ പ്രത്യേകതകളുള്ളതാണ് ഇവിടത്തെ ക്ഷേത്രം. മഹാഭാരതത്തിലെ ദുര്യോധനനെയാണ് ഇവർ ആരാധിക്കുന്നത്. കുരുക്ഷേത്രയുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ അനുയായികൾ ഈ പ്രദേശത്ത് അഭയം പ്രാപിച്ചെന്നാണ് വിശ്വാസം. അവർ ദുര്യോധനന്റെയും കർണന്റെയും പ്രതിഷ്ഠകൾ സ്ഥാപിച്ചു പൂജിച്ചുവരുന്നു.
ഒസ്ലയ്ക്കു പുറമേ ദാട്മിർ, ഗഗ്ദാർ തുടങ്ങി 22 ഗ്രാമങ്ങളിൽ ദുര്യോധനക്ഷേത്രങ്ങളുണ്ടെന്നാണ് കണക്കുകൾ. ഞങ്ങൾ ഗ്രാമത്തിലെ ഒരു വീട് സന്ദർശിക്കണമെന്നു പറഞ്ഞപ്പോൾ ഷേർപ്പ ജഗദീഷ് ഞങ്ങളെ അവന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. ചായയും ഗസാല എന്നു പേരുള്ള റൊട്ടിപോലുള്ള പലഹാരവും തന്നു സ്വീകരിച്ചു. പുറത്തുനിന്ന്‌ കാണുന്നതു പോലെയല്ല. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുള്ളതാണ് വീടുകൾ. തടിയും കല്ലും ഇട കലർത്തിയാണ് നിർമാണം. എല്ലാ വീടുകളും മലഞ്ചെരുവിൽ രണ്ടു തട്ടുകളായിട്ടാണ് നിർമിച്ചിട്ടുള്ളത്. താഴത്തെ തട്ട് കന്നുകാലികൾക്കുള്ളതാണ്. തണുപ്പിന്റെ കാഠിന്യം കൂടുമ്പോൾ അവയെ വീട്ടിനുള്ളിൽ കയറ്റി അടക്കും. പിന്നീടുള്ള അഞ്ചാറു മാസത്തേയ്ക്കുള്ള തീറ്റയും മറ്റും ചൂടുസമയത്തുതന്നെ ശേഖരിച്ചുവയ്ക്കും. മുറിക്കു ജനലുകളില്ല. അകത്തു കയറിയപ്പോൾ തണുപ്പ് അനുഭവപ്പെടുന്നില്ല. ഒരു സഹോദരൻ കല്യാണം കഴിക്കുന്ന പെണ്ണിനെ അവൾക്കു ഇഷ്ടമാണെങ്കിൽ മറ്റു സഹോദരൻമാരുടെ കൂടി ഭാര്യയായി കഴിയാൻ അനുവദിക്കും. അതുമൂലം കുടുംബസ്വത്തുക്കൾ വീതിക്കപ്പെടാതെ നിലനിർത്താൻ സാധിക്കുന്നു. ഇവരുടെ കല്യാണങ്ങളും ബന്ധങ്ങളും അടുത്തുള്ള ഒന്നുരണ്ടു ഗ്രാമങ്ങൾക്കുള്ളിൽ തന്നെയാണ്.
അടുത്ത ദിവസം രാവിലെ തന്നെ തയ്യാറെടുപ്പ് തുടങ്ങി. ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്തു രണ്ടു ബാഗുകളിലാക്കി. ബാക്കിയുള്ളവ തിരികെ വരുമ്പോൾ എടുക്കുവാനായി അവിടെ തന്നെ സൂക്ഷിച്ചു. ഉച്ചയ്ക്കു കഴിക്കാനുള്ള ആലൂ പെറോട്ടയും അച്ചാറും പായ്ക്ക് ചെയ്തു. റൊട്ടിയും പരിപ്പുകറിയും കഴിച്ച്‌, ഞങ്ങൾ നടത്തം തുടങ്ങി.
സുപിൻ നദി മുറിച്ചുകടന്നു മലകയറ്റം ആരംഭിച്ചു. ഇതുവരെ കയറിയതിൽ ഏറ്റവും വലിയ മലയാണിതെന്നു തോന്നുന്നു. ചെങ്കുത്തായി കിടക്കുന്നു. ഇളകിക്കിടക്കുന്ന ഉരുണ്ട കല്ലുകൾ. ശരിയായ ഗ്രിപ്പ് കിട്ടിയില്ലെങ്കിൽ തെന്നിയതു തന്നെ.  മുകളിൽ എത്തിയതിനുശേഷം മലയുടെ ചരുവിലൂടെ മുന്നോട്ട് കുറച്ചു നടന്നപ്പോൾ നടപ്പാത ഇടിഞ്ഞു കിടക്കുന്നു. അതിലൂടെ നേരെ താഴെ ഇറങ്ങണം. താഴെ ഒരു ചെറിയ നദി. അത് മുറിച്ചുകടക്കണം. ഇരുന്നും ഞരങ്ങിയും ഒരു വിധം താഴെ നദിക്കരയിലെത്തി. 
നദി മുറിച്ചുകടന്നു അടുത്ത മല കയറുവാനാരംഭിച്ചു. ഇപ്പോൾ ഈ ദുർഘടപാതകളിലൂടെ സഞ്ചരിക്കുമ്പോൾ മുമ്പുണ്ടായിരുന്ന പേടി തോന്നുന്നില്ല. മനസ്സും ശരീരവും സ്ഥലകാലങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു.
ഞാൻ താഴ്‌വാരങ്ങളിലൂടെ മുന്നോട്ടു നടന്നു. വന്യമായ ശാന്തത. ദൂരെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ. കടും പച്ചനിറത്തിലുള്ള മലകൾക്കിടയിലൂടെ പതഞ്ഞു ഒഴുകുന്ന സൂപിൻ. രണ്ടുവശവും തലയ്ക്കൊപ്പം വളർന്നു നിൽക്കുന്ന പുല്ലുകൾ. അതിനിടയിലൂടെ മുമ്പു പോയവർ നടന്നുതെളിഞ്ഞ നടപ്പാത. പുല്ലുകൾക്കിടയിലൂടെ വെള്ളം ഒഴുകിപ്പോവുന്ന കള കള ശബ്ദം മാത്രം. കുറെ ദൂരം നടന്നു. ചെറിയ പേടി തോന്നിത്തുടങ്ങി. പെട്ടെന്നു പുല്ലുകൾക്കിടയിൽ നിന്നും തൊട്ടുമുന്നിലൂടെ ഒരു വലിയ പക്ഷി പറന്നുപൊങ്ങി. ഒന്നു ഞെട്ടി പിന്നോട്ട് മാറി.വഴി തെറ്റിയോ?  ‘ജഗദീഷ്’ ഞൻ ഉറക്കെ വിളിച്ചുകൂകി. എന്റെ ശബ്ദം മലകളിൽ തട്ടി തിരിച്ചുവരുന്നു. മുന്നിലൊരു പാമ്പ്. ശ്വാസം നിന്നതുപോലെ തോന്നി. ആരോ അതിന്റെ തലക്കടിച്ചു ചതച്ചിരിക്കുന്നു. വാല്  മാത്രം അനങ്ങുന്നുണ്ട്. അതിന്റെ മുകളിലൂടെ ചാടിക്കടന്നു വേഗത്തിൽ മുന്നോട്ടുനടന്നു. ഭയം അതിന്റെ പരമോന്നതിയിൽ എത്തിയിരിക്കുന്നു. തിരിഞ്ഞുപോകുന്നത് കൂടുതൽ അപകടകരമായേക്കും. മുന്നോട്ടുപോകാതെ മറ്റൊരു മാർഗവുമില്ല. പെട്ടെന്നു പുല്ലുകൾ ഇല്ലാതായി. മൈതാനം പോലെ തുറന്ന സ്ഥലം. ഞാനൊരു പാറക്കല്ലിനുമുകളിൽ കയറി ഇരുന്നു. ഭയങ്കരമായ ഏകാന്തത.
പെട്ടെന്ന് പിന്നിൽനിന്നും ഒരു കൂക്കുവിളിപോലെ തോന്നി. അടുത്ത മലമുകളിൽനിന്നും ജഗദീഷ് കൈ വീശുന്നു.  ഹോ!! എന്തൊരു ആശ്വാസം. ക്ഷീണം മറന്നു ഞാൻ അവിടേയ്ക്കോടി. അവനോടൊപ്പം മല കയറിയിറങ്ങിയപ്പോൾ എല്ലാവരും ഒരു അരുവിയുടെ കരയിൽ എന്നെയും കാത്തിരിക്കുകയാണ്. ഞങ്ങളുടെ മുന്നിൽ ഇരുന്ന്‌ കഞ്ചാവ് വലിച്ചു കയറ്റുകയാണ് ആട്ടിടയന്മാർ. അവൻ എപ്പോഴും ഞങ്ങളെക്കാൾ മുന്നിൽ പറന്നുനടക്കുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്!
ലക്ഷ്യത്തിലേക്ക്‌
അഞ്ചു മണിക്കൂറെങ്കിലും ഇനിയും നടക്കണം ഹർ കി ദൂണിൽ എത്താൻ. ചുറ്റിലും നിറയെ കാട്ടുപൂക്കൾ. ചില കാട്ടുചെടികളിൽ പലതരത്തിലുള്ള കായകൾ.  നെല്ലിക്കപോലെ ചുവന്ന നിറത്തിലുള്ള ഒരു കായ ജഗദീഷ് പൊട്ടിച്ചു കഴിക്കുന്നതുകണ്ടു ഞങ്ങളും പറിച്ചു കഴിച്ചു നോക്കി. അല്പം പുളിരസമുള്ള മധുരം.  അടുത്തുള്ള മലനിരകളുടെ പിന്നിലായി കാണുന്ന മഞ്ഞു മൂടിയ പർവതനിരകൾ ചൂണ്ടി അവിടെയാണ് എത്തേണ്ടതെന്ന് ജഗദീഷ് പറഞ്ഞു.
എത്ര നടന്നിട്ടും ദൂരം കുറയുന്നില്ല. ഒരു കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ ഹാങ്ങിങ്‌ വാല്ലി ഓഫ് ഗോഡ്‌സ് എന്നറിയപ്പെടുന്ന താഴ്‌വരയുടെ മനോഹാരിത പ്രത്യക്ഷപ്പെടാൻ തുടങ്ങി. മൂന്നു വശങ്ങളിലും മഞ്ഞുമൂടിയ മലകൾ. നീലിമയാർന്ന ആകാശം. വിസ്തൃതമായി പരന്നുകിടക്കുന്ന താഴ്‌വാരം. മലയിൽനിന്നും ഉദ്‌ഭവിച്ചു വരുന്ന ചെറിയ നദി മിനുത്ത, ചെറിയ കല്ലിൻ കൂട്ടങ്ങൾക്കിടയിലൂടെ പരന്നൊഴുകുന്നു. പലയിടങ്ങളിലായി നിന്ന്‌ മേയുന്ന കന്നുകാലികൾ. പച്ച മേൽക്കൂരയുള്ള വനം വകുപ്പിന്റെ മഞ്ഞ ഗസ്റ്റ് ഹൗസ് ഈ മനോഹരമായ കാൻവാസിൽ പിന്നീട് ആരോ വരച്ചു ചേർത്ത ചിത്രം പോലെ തോന്നി. പാണ്ഡവർ അവരുടെ 14 വർഷത്തെ വനവാസകാലത്ത് ഈ പ്രദേശങ്ങളിൽ അലഞ്ഞുനടന്നതായി വിശ്വസിക്കപ്പെടുന്നു. ഞങ്ങളുടെ മുന്നിൽ വലതുവശത്തായി തലയെടുപ്പോടെ നിൽക്കുന്നു, സ്വർഗാരോഹിണി പർവതം. എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന 20512 അടി ഉയരമുള്ള ഈ പർവതം പാണ്ഡവരും ദ്രൗപദിയും സ്വർഗത്തിലേക്ക് പോയ വഴിയായി വിശ്വസിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ചു ഉടലോടെ സ്വർഗത്തിൽ പോകാൻ സാധിക്കുന്ന ഒരേയൊരു വഴിയാണ് സ്വർഗാരോഹിണി. സൂര്യാസ്തമയ സമയത്തു സ്വർഗാരോഹിണി പീക്ക് അഗ്നിപർവതം ഉരുകി ഒലിക്കുന്നതുപോലെ തിളങ്ങി. മഞ്ഞിൽ ചുവന്ന സൂര്യകിരണങ്ങൾ തട്ടിയപ്പോൾ പൊന്നുരുകി ഒലിക്കുന്നതു പോലുള്ള പ്രതീതി. ഇരുട്ടുവീണു തുടങ്ങിയിരിക്കുന്നു. തണുപ്പുകൊണ്ടു പല്ലുകൾ കൂട്ടി മുട്ടുന്നു. പെട്ടെന്നു നടന്ന്‌ ഞങ്ങൾ ഗഡ്‌വാൾ മണ്ഡൽ സത്രത്തിലെത്തി. ഹർ കി ദൂണിലെത്തുന്നവർക്കുള്ള താമസസ്ഥലമാണ് ഈ സത്രം.
സൂര്യനുദിച്ചുവരുന്നത്‌ അനുസരിച്ചു തണുപ്പിന്റെ കാഠിന്യം കുറഞ്ഞുവന്നു. ഒരുദിവസം മുഴുവൻ ഈ പ്രകൃതിവന്യതയിൽ ലയിച്ച് അലഞ്ഞുനടക്കണം. മഞ്ഞു മൂടിയ മലനിരകൾക്കടുത്തെത്തണം. ഞങ്ങൾ താമസിക്കുന്ന സത്രം മൂന്നുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഞങ്ങൾ അടുത്തുള്ള ഒരു കുന്നിൻ മുകളിലെത്തി. ഒൻപതു കിലോമീറ്റർ ദൂരെയുള്ള മഞ്ഞുമലകൾക്കടുത്തുവരെ നിരപ്പായി കിടക്കുന്ന താഴ്‌വാരം. മാനം മുട്ടെ നിൽക്കുന്ന പർവതനിരകൾ. മലയിടുക്കുകളിൽനിന്നും പാറകൾക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന നദി. നദിയുടെ തീരങ്ങളിൽ പാറ പൊടിഞ്ഞുണ്ടായ മണൽ ത്തിട്ടകളിൽത്തട്ടി സൂര്യരശ്മികൾ പ്രതിഫലിക്കുന്നു. അതിനപ്പുറം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന കാട്. പല ദിശകളിൽനിന്നും ചെറിയ ചെറിയ അരുവികൾ വന്നു നദിയിൽ പതിക്കുന്നു. നിർഭയമായി മേയുന്ന നൂറുകണക്കിനു കാലികൾ. അവിശ്വസനീയമായ മനോഹാരിത. മൂന്നു മണിക്കൂറോളം നടന്നു മഞ്ഞുമലകളുടെ അടുത്തെത്തി. പ്രകൃതിയുടെ ഈ അനന്തതയിൽ മനുഷ്യരും മൃഗങ്ങളും കാടും നദിയും എല്ലാം എത്രയോ നിസ്സാരം. ഹിമവാന്റെ മടിത്തട്ടിൽ ഞങ്ങൾ നിശബ്ദരായിരുന്നു. വാക്കുകൾക്കും ശബ്ദങ്ങൾക്കും ഇവിടെ അർഥമില്ല. മനുഷ്യർ പ്രകൃതിക്കുമുന്നിൽ ഒന്നുമല്ലെന്നു തോന്നുന്ന നിമിഷങ്ങൾ...!

-----------------------------------------------------------------------

ലോക്കല്‍ റൗഡിയായി നിവിന്‍

നിവിന്‍ പോളിയുട തമിഴ് ചിത്രം 
റിചിയുട വിശേഷങ്ങളുമായി 
സംവിധായകന്‍  ഗൗതം  രാമചന്ദ്രന്‍ 

പി. പ്രജിത്ത്

നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളിയുടെ തമിഴ് ചിത്രം 'റിച്ചി' പ്രദര്‍ശനത്തിനൊരുങ്ങി. റൊമാന്റിക് ഹീറോയില്‍നിന്ന് മാറി നെഗറ്റീവ് ഷേഡോഡുകൂടിയ ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്.  2014-ല്‍ പുറത്തിറങ്ങിയ രക്ഷിത് ഷെട്ടി നായകനായ 'ഉളിദവരു കണ്ടംതേ' എന്ന കന്നഡ സിനിമയുടെ റീമേക്കാണ് റിച്ചി.
നിവിന്‍ പോളി നായകനായ നേരത്തിന്റെ തമിഴ്പതിപ്പിനും മലയാളചിത്രം പ്രേമത്തിനും തമിഴകത്തുകിട്ടിയ സ്വീകാര്യത റിച്ചിക്ക് ഗുണമാകുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.മുറുക്കിച്ചുവപ്പിച്ച്, മീശപിരിച്ച് നിവിന്റെ കലിപ്പ് ലുക്ക് ഇതിനോടകംതന്നെ കോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു. ടൈറ്റില്‍ കഥാപാത്രത്തിന്റെ പുത്തന്‍രൂപവും സീനുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മാസ് ഡയലോഗുകളും തിയേറ്ററില്‍ കൈയടി നിറയ്ക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍. തന്റെ ആദ്യ ചിത്രത്തിന് ഒരു ക്രൈം ഡ്രാമയെന്ന ടാഗ് ലൈന്‍ നല്‍കാമെന്ന് ഗൗതം പറയുന്നു.

നിവിന്‍ പോളിയെ നെഗറ്റീവ് ഷേഡുള്ള നായകനാക്കുന്നതിനുപിന്നില്‍ വലിയൊരു വെല്ലുവിളിയില്ലേ?
ഓരോ ചിത്രത്തിനും അതിന്റെതായ വെല്ലുവിളികള്‍ ഉണ്ട്. പ്രേക്ഷകര്‍ സ്ഥിരം കണ്ടതും പ്രതീക്ഷിക്കുന്നതുമായ ഒരു നിവിനെയല്ല ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നോട്ടുപോകുകയെന്നത്  ഒരു നടനെ സംബന്ധിച്ചെടുത്തോളം ഗുണംചെയ്യുന്ന കാര്യമാണ്. നിവിന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള വ്യക്തിയാണ്. വേറിട്ട മുഖം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

കന്നഡയില്‍ പ്രദര്‍ശനവിജയം നേടിയിട്ടില്ലാത്ത സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ കാരണം?
ഒരുപാടുപേര്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. കന്നഡയില്‍ ചിത്രം വേണ്ടരീതിയില്‍ സ്വീകരിക്കാതെ പോയത് എന്തുകൊണ്ടാണെന്നറിയില്ല. സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെങ്കിലും സിനിമയുടെ പ്രമേയം കാഴ്ചക്കാര്‍ക്കിടയില്‍ അന്ന്  ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പ്രേക്ഷകസ്വീകാര്യത ലഭിക്കുന്ന ഒരുപാട് കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കഥയിലും അവതരണത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി മാസും-ക്ലാസും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ മുന്നില്‍കണ്ടാണ് ചിത്രം പുനരവതരിപ്പിച്ചിരിക്കുന്നത്.

തമിഴ്‌സിനിമയില്‍ നായകനായൊരു മലയാളിതാരം. 
എന്താണ് അങ്ങനെയൊരു തീരുമാനം?
എന്റെ ആദ്യ സിനിമ തമിഴില്‍ തന്നെയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു, നിവിന്‍ പോളിയുമായി നാലുവര്‍ഷത്തെ പരിചയമുണ്ട്. ആദ്യംമുതല്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തതും തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള കഥയായിരുന്നു. അതിനിടയിലാണ് 'ഉളിദവരു കണ്ടംതേ' എന്ന കന്നഡസിനിമ ഞാന്‍ കാണുന്നത്. അതിലെ കഥാപാത്രത്തെക്കുറിച്ച് നിവിനോട് സംസാരിച്ചു. പടം കണ്ടപ്പോള്‍ നിവിനും ഇഷ്ടമായി. കഥാപാത്രത്തന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും സിനിമചെയ്യാമെന്ന് സമ്മതിച്ചു. പിന്നീട് ഒരു വര്‍ഷത്തോളമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. മലയാളിയാണെങ്കിലും തമിഴകത്തും നിവിന്‍ പോളിക്ക് ഒരുപാട് ആരാധകരുണ്ട്.

പാതിമലയാളിയായ താങ്കളുടെ 
ആദ്യ ചിത്രമാണ് റിച്ചി. സിനിമാ
രംഗത്തേക്കുള്ള ചുവടുവെപ്പുകളെക്കുറിച്ച് ?
എന്റെ അച്ഛന്‍ വടകരക്കാരനാണ്. അമ്മ തമിഴ്‌നാട്ടുകാരി. പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരിലും ചെന്നൈയിലുമായി. പഠനം കഴിഞ്ഞ് ജോലിയൊക്കെയായി സ്വന്തമായി വരുമാനമാര്‍ഗം തെളിഞ്ഞിട്ട് സിനിമയിലേക്കിറങ്ങിയാല്‍ മതിയെന്നായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. വക്കീല്‍പഠനം പൂര്‍ത്തിയാക്കി ലണ്ടനില്‍ ജോലിയൊക്കെ ശരിപ്പെട്ടശേഷമാണ് സിനിമയിലേക്കിറങ്ങുന്നത്. ചെന്നൈയിലെ  രാജീവ് മേനോന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും തമിഴ് സംവിധായകന്‍ മിഷ്‌ക്കിനൊപ്പം രണ്ടുവര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചുമെല്ലാമാണ് ഇവിടെവരെയെത്തുന്നത്.

റിച്ചിയുടെ അണിയറവിശേഷങ്ങള്‍?
തൂത്തുക്കുടി, കുറ്റാലം, മണ്ണപ്പാട്ടി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാംവെച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇരുപതുദിവസംകൊണ്ട് ചിത്രീകരിച്ച സിനിമയുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത് രണ്ടുമാസമെടുത്താണ്. നിവിന്‍തന്നെയാണ് കേന്ദ്രകഥാപാത്രത്തന് ശബ്ദം നല്‍കിയത്. തിരക്കഥയുടെ ഓരോ ചര്‍ച്ചകളിലും ആദ്യാവസാനം നിവിന്‍ പങ്കാളിയായിരുന്നു. മാസ് ചിത്രമെന്നു പറയുമ്പോഴും ആക്ഷന് ചിത്രത്തില്‍ അമിതപ്രാധാന്യമില്ല. പ്രകാശ് രാജ്, നടരാജന്‍, സുബ്രഹ്മണ്യന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ശ്രദ്ധ ശ്രീനിവാസാണ് നായിക.