മൻസൂർ അഹമ്മദ്
manzoorahamed@mpp.co.in
ലോകത്തിലെ ഏറ്റവും ലാഭകരമായി നടക്കുന്ന കമ്പനി. അവരുടെ ഉത്പന്നം വാങ്ങാനാകട്ടെ രാത്രിവരെ നീളുന്ന ക്യൂ. ഈ വിതരണ ശൃംഖലയുടെ ചുമതല വഹിക്കുവാൻ ഒരാളെ വേണം. 
 കമ്പനി തുടങ്ങി പതിനഞ്ച് വർഷം കഴിഞ്ഞപ്പോൾ അങ്ങനെയാണ് ആദ്യമായി ആപ്പിൾ അവരുടെ റീട്ടെയിൽ ഷോപ്പുകളുടെ രൂപ കല്പനയിൽ മാറ്റം വരുത്തുവാൻ തീരുമാനിക്കുന്നത്. ആരായിരിക്കണം അത് ചെയ്യേണ്ടതെന്നും റീട്ടെയിൽ വിഭാഗത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്ത് വരേണ്ടത് ആരെന്നും ആപ്പിൾ സി.ഇ.ഒ. ടിം കുക്കിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ബർബറി എന്ന കമ്പനിയുടെ സി.ഇ.ഒ. ആയ ആഞ്ചെല ജീൻ ഹാറെൻഡ്‌സിനെയാണ് ടിം കുക്ക് കണ്ടെത്തിയത്.
ആഞ്ചെലയ്ക്ക് നറുക്ക് വീണെങ്കിലും ജോലിക്ക്‌ എത്തിയത് ജോൺ ബ്രോവെറ്റ് ആയിരുന്നു. ലാഭം കൂട്ടുവാൻ വേണ്ടി മാർജിൻ കുറയ്ക്കുക എന്നുള്ള സാഹസത്തിനായിരുന്നു ജോൺ ആദ്യം മുതിർന്നത്. മാത്രമല്ല റീട്ടെയിൽ ജോലിക്കാരുടെ ശമ്പളം കുറയ്ക്കുക , അവർക്കുള്ള അലവൻസുകൾ കുറയ്ക്കുക തുടങ്ങിയ നടപടികൾ കാരണം തൊഴിലാളികൾ എതിർപ്പ് കാണിക്കുവാൻ തുടങ്ങി. കഷ്ടിച്ച് അഞ്ച് മാസം കഴിഞ്ഞ് ടിം കുക്ക് ജോൺ ബ്രോവൈറ്റിനെ പുറത്താക്കി.
ജോൺ ബ്രോവൈറ്റിനെ പുറത്താക്കിയതിന് ശേഷമാണ് ടിം ആഞ്ചെലയുമായി നേരിൽ കാണുന്നത്. ‘കണ്ട നിമിഷം തന്നെ അത് സംഭവിച്ചു. നിയമനത്തിന്റെ സാങ്കേതിക കാര്യങ്ങൾ മാത്രമെ പിന്നീട് ബാക്കിയുണ്ടായിരുന്നുള്ളൂ’ എന്ന് ടിം പിന്നീട് പറഞ്ഞു. 
 എങ്കിലും ടിം വിചാരിച്ച പോലെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആഞ്ചെല അന്ന് ഇംഗ്ലണ്ടിലാണ്. അവിടെ നിന്ന് 5000 മൈൽ അകലെയുള്ള ആപ്പിൾ ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലിക്ക് എത്തുവാൻ കുടുംബം ഉൾെപ്പടെ എല്ലാവരും അമേരിക്കയിലേക്ക്‌ കൂട് മാറി. 
ആപ്പിളിന്റെ വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം ആഞ്ചെല ആപ്പിളിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് റീട്ടെയിൽ എന്ന സ്ഥാനം വഹിക്കുന്നു. സ്ട്രാറ്റജി, റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്മെന്റ്, ഓൺലൈൻ സ്റ്റോറുകൾ, നേരിട്ടുള്ള സ്റ്റോറുകൾ, കോൺടാക്ട് സെന്ററുകൾ എന്നിവയുടെ നിയന്ത്രണവും മേൽനോട്ടവും ആഞ്ചെലയ്ക്കാണ്. മുകളിൽ സി.ഇ.ഒ. ആയ ടിം കുക്ക് മാത്രം.
ടിമ്മിനെ കണ്ടപ്പോൾ ആഞ്ചെല പറഞ്ഞുതുടങ്ങിയത് ഇങ്ങനെ ‘എന്നെക്കുറിച്ചു വായിച്ചതൊന്നും വിശ്വസിക്കരുത്. ഞാൻ ഒരു ടെക്കി അല്ല’. പേടിേക്കണ്ട, എന്റെ അടുത്ത് ധാരാളം ടെക്കികൾ ജോലി ചെയ്യുന്നുണ്ടെന്നായി ടിം. റീട്ടെയിൽ ബിസിനസ് കൈകാര്യം ചെയ്യുവാൻ ഞാൻ നല്ലൊരു റീട്ടെയിൽ ബിസിനസ് മാനേജർ ഒന്നുമല്ല എന്നായി ആഞ്ചെല. അത്തരം ആളുകളെ ജോലിക്കെടുക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്ന് കൂടി അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ലാഭം കൊയ്യുന്ന റീട്ടെയ്‌ലർ ആണ് ആപ്പിൾ. അത്തരക്കാരെ എത്ര വേണമെങ്കിലും ഇവിടെ ലഭ്യമാണ് എന്നായിരുന്നു ടിമ്മിന്റെ മറുപടി. അതോടെ ആഞ്ചെല ‘വീണു’. 
എന്തുകൊണ്ടാകാം ടിം കുക്ക് ആഞ്ചെലയെ ഈ ജോലിയിലേക്ക് തിരഞ്ഞെടുത്തത്. 1856 മുതൽ വസ്ത്ര നിർമ്മാണ രംഗത്തുണ്ടായിരുന്ന കമ്പനിയാണ് ബർബറി. വൈവിധ്യമാർന്ന ഡിസൈനുകൾക്ക് പേര് കേട്ട ബർബറിയുടെ ചെക്ക് പാറ്റേൺ ലോക പ്രശസ്തമാണ്. എങ്കിലും 2006 ആയപ്പോഴേയ്ക്കും കമ്പനിയുടെ മൂല്യം വെറും രണ്ടു ബില്യൺ ആയി കുറഞ്ഞു. ആ സമയത്താണ് ആഞ്ചെല ബർബറിയുടെ സി.ഇ.ഒ. ആയി ചുമതല എല്ക്കുന്നത്. ബ്രാ ഉണ്ടാക്കുന്ന വാർണക്കോ മുതൽ ഫിഫ്ത് ആൻഡ് പസിഫിക് കമ്പനീസ് വരെയുള്ള വിവിധ കമ്പനികളിൽ നിന്ന് നേടിയ പരിചയ സമ്പത്തായിരുന്നു ആഞ്ചെലയെ ബർബറിയിലെത്തിച്ചത്. ബർബറിയുടെ ഏറ്റവും വലിയ ശത്രു അവരുടെ തന്നെ ഡിസൈനുകൾ ആണെന്ന് തിരിച്ചറിഞ്ഞത് ആഞ്ചെലയാണ്. ആർക്കും അനുകരിക്കാവുന്ന ഡിസൈനുകൾ ആയിരുന്നു അവ. ആഞ്ചെല നിർമ്മാണത്തിന്റെ അനുപാതത്തിൽ മാറ്റം വരുത്തുകയും കമ്പനിയുടെ പല ഫ്രാഞ്ചൈസികൾ വിലയ്ക്ക് വാങ്ങുകയും ചെയ്തു. രണ്ടു ബില്യണിൽ നിന്ന് ഏഴു ബില്യൺ ആയി കമ്പനിയുടെ മൂല്യം ഉയർന്നു. 


എന്താണ് അതിൽ 
നിന്നുമുണ്ടായ നേട്ടം?

 ‘ജോലിക്കാരുടെ പരാതികൾ, ആവശ്യങ്ങൾ, അവരുടെ നിർദ്ദേശങ്ങൾ ഞാൻ നിശ്ശബ്ദം കേട്ടു നിന്നു. അവയുടെ ആകെ തുക ഞാൻ വിശകലനം ചെയ്തു. എല്ലാ പരാതിയുടെയും അടിസ്ഥാനം ഒന്നു തന്നെ - ജോലിക്കാരെ മാനേജ്‌മെന്റിന് വിശ്വാസമില്ല. ആപ്പിളിൽ എന്ത് സംഭവിക്കുന്നു എന്ന് പല ജോലിക്കാരും അറിയുന്നത് മറ്റ് കമ്പനികളിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ ആണ്’-ആഞ്ചെലയുടെ വാക്കുകൾ 
ആഞ്ചെലയുടെ ആദ്യ നീക്കം എല്ലാ ഷോപ്പുകളുമായി ആഴ്ചയിലൊരിക്കലുള്ള വീഡിയോ കോൺഫറൻസ്‌ ആയിരുന്നു. ജോലിക്കാർ എന്തുചെയ്യണമെന്ന് ആഞ്ചെല പറഞ്ഞില്ല. അവർക്ക് ടാർഗറ്റ് നൽകിയില്ല. അവരുടെ തെറ്റുകളെ കുറിച്ചു ചോദിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്തില്ല. പകരം താൻ എന്ത് ചെയ്യണമെന്ന് ജോലിക്കാർ പറയുന്നത് ക്ഷമയോടെ അവർ കേട്ടിരുന്നു. മറ്റൊന്ന് പുതുതായി അവർ കൊണ്ടുവന്ന ഒരു ആപ്പ് ആയിരുന്നു. ഇതിലൂടെ ഏത് ജോലിക്കാരനും ആഞ്ചെലയ്ക്ക് സന്ദേശം ഇടാം. നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഒന്നുകിൽ ആഞ്ചെല നേരിട്ട്, അല്ലെങ്കിൽ അവരുടെ ഓഫീസിൽ നിന്ന്‌ ആ ജോലിക്കാരനുമായി ബന്ധപ്പെട്ടിട്ടുണ്ടാകും. എല്ലാ സന്ദേശങ്ങളും അവർ നേരിട്ട് വായിക്കുമെന്നും ഉറപ്പു നൽകുന്നു. 
ഷോപ്പിൽ വരുന്ന കസ്റ്റമറെ സ്വീകരിക്കുന്ന രീതിയിലും വന്നു ചില മാറ്റങ്ങൾ. കടയിൽ വരുവാൻ നേരത്തെ സമയം കുറിച്ചിട്ടുണ്ടെങ്കിൽ അതിനു കൃത്യം പത്ത് മിനിറ്റ് മുൻപ് ഒരു ടെക്സ്റ്റ് മെസേജ് ലഭിക്കും. ഷോപ്പിൽ എത്തുമ്പോൾ ആപ്പിൾ ജോലിക്കാരൻ നിങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി എന്നുള്ളതിന്റെ സൂചനയായി ഒരു സന്ദേശം ലഭിക്കും. തിരക്കുള്ളവർ ആണ് ആപ്പിൾ ഉപഭോക്താക്കൾ എന്നാണ് ആഞ്ചെലയുടെ കണക്കു കൂട്ടൽ. അത്തരക്കാരുടെ സമയം വെറുതെ കളയുവാൻ ആപ്പിൾ തയ്യാറല്ല എന്ന് സാരം. മറ്റൊന്ന് കസ്റ്റമറിനു മേലെ ആപ്പിളിനുള്ള വിശ്വാസമാണ്. വിലയേറിയ വാച്ച് എടുക്കുവാൻ വരുന്ന ആളുടെ െെകയിൽ അത് കെട്ടിക്കൊടുക്കുവാൻ ആപ്പിൾ തയ്യാറായി. (അതിനു മുൻപ് കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന വാച്ച് പുറത്തുനിന്നും കണ്ടു വാങ്ങണമായിരുന്നു). ഓരോ ആപ്പിൾ സ്റ്റോറും ഓരോ ‘കമ്യൂണിറ്റി സെന്റർ’ ആയിരിക്കണം എന്നവർ തീരുമാനിച്ചു. 
ഇനിയുമുണ്ട് ആഞ്ചെലയുടെ പരിഷ്കാരങ്ങൾ. എല്ലാ വർഷവും പത്ത് ശതമാനം ജോലിക്കാർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം നൽകുക എന്നുള്ളതാണ് അതിലൊന്ന്. സ്റ്റോർ മാനേജർ മുതൽ മാത്രമേ പ്രൊമോഷൻ സാധ്യതയുള്ളു എന്നുള്ളതും അവർ മാറ്റി. ജോലിക്കാർക്ക് ഒരേ പോലെയുള്ള വസ്ത്രങ്ങൾ. ആഞ്ചെലയോട് നിങ്ങൾ എങ്ങനെ ജോലി ചെയ്യണമെന്ന് പറയുവാനുള്ള സ്വാതന്ത്ര്യം, എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം -അതായിരുന്നു പ്രധാനം. 
 ഒരു ഉദാഹരണം കേൾക്കണോ? ഒരു ഷോപ്പിൽ ചെന്ന ആഞ്ചെലയോട് സ്റ്റോർ മാനേജർ ചോദിച്ചത് അവർക്ക് ഏറ്റവും ഇഷ്ടമുള്ള മണമേെതന്നായിരുന്നു. ‘ചുരുട്ടിന്റെ മണം, എന്റെ അച്ഛൻ ചുരുട്ട് വലിക്കുമായിരുന്നു’. ഒരു നിമിഷം കഴിഞ്ഞ്‌ അവർ പറഞ്ഞു. ‘ഇടയ്ക്ക് എന്റെ ഭർത്താവും ചുരുട്ട് വലിക്കാറുണ്ട്. അപ്പോൾ എനിക്ക്‌ എന്റെ അച്ഛനെ ഓർമ്മ വരും. ആ ചിന്തകൾ എനിക്ക്‌ ശാന്തമായ അന്തരീക്ഷവും കുട്ടിക്കാലത്ത് അച്ഛന്റെ അടുത്ത് നിന്ന്‌ ലഭിച്ചിരുന്ന സുരക്ഷിതാ ബോധവും ഒരുക്കി ത്തരും’. (കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനെ പതിനേഴ് വർഷം പ്രേമിച്ചു നടന്നിട്ടാണ് ആഞ്ചെല വിവാഹം കഴിച്ചത്. ആഞ്ചെല നേരിടുന്ന ചോദ്യങ്ങളിൽ പ്രേമത്തെക്കുറിച്ച് ഒരെണ്ണമെങ്കിലും ഉണ്ടാകും) 
തങ്ങളെ മാനേജ്‌മെന്റ് വിശ്വസിക്കുന്നുവെന്നും, തങ്ങൾ പറയുന്നതും കൂടി കണക്കിൽ എടുക്കുന്നുവെന്നുമുള്ള ധാരണ ജോലിക്കാർക്ക് ഉണ്ടായതോടെ ആപ്പിളിന്റെ ലാഭം കുതിച്ചുയർന്നു. ജോലിക്കാരുടെ ശമ്പളം ശരാശരി മണിക്കൂറിൽ 13 ഡോളറിൽ നിന്ന് 18 ഡോളറായി ഉയർന്നു. ശമ്പളവും ലാഭ വിഹിതവുമായി ആഞ്ചെലയ്ക്ക് ആദ്യം വർഷം ലഭിച്ചത് 70 ദശലക്ഷം ഡോളർ ആണെന്നു പറയുമ്പോൾ ആപ്പിളിന്റെ വരുമാനം എന്തായിരിക്കും എന്നൂഹിക്കാമല്ലോ. 
 1,00,000 നു മേലെയുള്ള ജോലിക്കാരുടെ അറുപത് ശതമാനവും ജോലി ചെയ്യുന്നത് റീട്ടെയിലിൽ ആണ്. അവർ ആപ്പിളിന്റെ കച്ചവടച്ചരക്കല്ല. അവരാണ് ആപ്പിളിന് ലാഭം ഉണ്ടാക്കിത്തരുന്നവർ. അവർ പറയുന്നത് മനസ്സിലാക്കാതെ, കണക്കിലെടുക്കാതെ ആപ്പിളിനെന്നല്ല ഒരു കമ്പനിക്കും മുന്നോട്ട് പോകുവാൻ സാധിക്കുകയില്ല എന്നും കൂടി പറയുന്നു ആഞ്ചെല. അത് തലകുലുക്കി സമ്മതിക്കുന്നു ആപ്പിളിന്റെ സി.ഇ.ഒ. ടിം കുക്ക്. അതു കൊണ്ടാണല്ലോ ആപ്പിളിന്റെ ടോപ് മാനേജ്‌മെൻറ്റിൽ ഉള്ള ഏക സ്ത്രീ എന്ന സ്ഥാനം ആഞ്ചെല നേടിയതും പതിനൊന്നു ദശലക്ഷം ഡോളർ വിലവരുന്ന ആപ്പിൾ ഷെയർ സ്വന്തമാക്കിയതും.


*****************************************

ആർക്കുംഛേദിക്കാനായില്ല ഈ പോരാട്ടവീര്യം​

അമീന സൈനു
ameenasainu@mbnews.in
യൂണിസെഫിന്റെ കണക്കനുസരിച്ച് ഏകദേശം 30 ലോകരാജ്യങ്ങളിൽ നിന്നുള്ള 20 കോടി മുസ്‌ലിം-ക്രൈസ്തവ വിശ്വാസികളായ പെൺ കുട്ടികളാണ് ചേലാകർമം എന്ന യുക്തിക്ക് നിരക്കാത്ത നീതിനിഷേധം അനുഭവിക്കുന്നത്. മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് നടത്തുന്ന ഈ കാടത്തം മതഗ്രന്ഥങ്ങളിൽ ഒരിടത്തു പോലും പരാമർശിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. 
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഈജിപ്തിലും ഇൻഡൊനീഷ്യയിലും എത്യോപ്യയിലും  പ്രകൃതിവിരുദ്ധമായ ഈ പ്രവൃത്തികൾ നടക്കുന്നുണ്ട്. എന്നാൽ എത്യോപ്യയ്ക്ക് ഈ പേരുദോഷം അധികനാൾ പേറേണ്ടി വരില്ല. 2025ഓടെ രാജ്യത്ത് നിന്നും പൂർണമായും പെൺ ചേലാകർമം എന്ന വിപത്തിനെ ഇല്ലാതാക്കുമെന്നാണ് സർക്കാരിന്റെ പ്രതിജ്ഞ. അതിന്  പ്രചോദനമായതാകട്ടെ ബോഗാലെച്ച് ഗെബ്രെ എന്ന സ്ത്രീയുടെ നിശ്ചയദാർഢ്യവും. 
അനീതി അനുഭവിക്കുക. അതിനുശേഷവും, നീതി നിഷേധം വീണ്ടും വീണ്ടും തുടരാൻ അനുവദിക്കുക. അതിലും വലുതായി എന്ത് തെറ്റാനുള്ളത്? സ്വന്തം മനസ്സാക്ഷി  ഗെബ്രെയോട്‌ ചോദിച്ച ഈ ചോദ്യമാണ് പൈശാചികവും പ്രാകൃതവുമായ സാമൂഹിക വിപത്തിനെതിരെ ശബ്ദമുയർത്താൻ അവരെ പ്രേരിപ്പിച്ചത്.
അവരുടെ പോരാട്ടചരിത്രത്തിന്റെ കഥ ഇങ്ങനെയാണ്. വർഷം 1960. തന്റെ പന്ത്രണ്ടാം വയസ്സിലാണ് ഗെബ്രെക്ക് വളരെ അസ്വാഭാവികമായ ഒന്ന് സംഭവിച്ചത്. സമുദായത്തെ സംബന്ധിച്ചടത്തോളം വളരെ പാവനമായ ഒരു പ്രവൃത്തി. തെക്കൻ എത്യോപ്യക്കാർ ‘അഴുക്കിൽ നിന്നുമുള്ള മുക്തിനേടൽ’ എന്ന് വിശേഷിപ്പിച്ച കാടത്തത്തിനെ ലോകം വിളിച്ചു, ‘ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ’ (എഫ്.ജി.എം) അഥവാ പെൺ ജനനേന്ദ്രിയച്ഛേദം. രണ്ട് മാസമെടുത്തു, അതുണ്ടാക്കിയ മാനസ്സിക ശാരീരിക വ്യഥകളിൽ നിന്ന് ഗെബ്രെക്ക്  മുക്തി നേടാൻ. അതിനിടയിൽ പ്രസവത്തോടെ സഹോദരിയുടെ മരണം, ചേലാകർമത്തിന് വിധേയയാക്കപ്പെട്ടതിന്റെ അനന്തരഫലം.
മകൾ അതികഠിനമായ വേദന അനുഭവിക്കുമ്പോൾ അമ്മ കരച്ചിലിന്റെ വക്കിലായിരുന്നു. പക്ഷേ, വേണ്ടെന്ന് പറയാനാകില്ല. മതവിശ്വാസപ്രകാരം ഏറ്റവും പരിപാവനമായ കർമ്മമാണത്; ഒഴിച്ചുകൂടപ്പെടാനാവാത്തതും. ഗെബ്രെയുടെ അമ്മയുടേത് മാത്രമല്ല, ആൺപെൺ ഭേദമില്ലാതെ, അവരുൾപ്പെടുന്ന മതത്തിലെ മുഴുവൻ ആളുകളുടെയും വിശ്വാസമായിരുന്നു അത്. മതം അവരെ അങ്ങനെയാണ് പഠിപ്പിച്ചത്. പക്ഷേ ആ വിശ്വാസത്തിന്റെ ആവശ്യകതയും യുക്തിയും എന്തെന്ന് ചോദിച്ചാൽ അവർക്കുത്തരമില്ല. 
വർഷങ്ങൾക്കിപ്പുറം ലോസ് ആഞ്ജലിസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ  ബിരുദപഠന കാലത്തിനിടെയാണ് തനിക്കും തന്റെ കുടുംബത്തിനും അനുഭവിക്കേണ്ടി വന്നതിന്റെ ഭീകരത എത്രത്തോളമെന്ന് ഗെെബ്ര തിരിച്ചറിയുന്നത്. സ്ത്രീകളിലെ ലൈംഗികാഭിനിവേശം കുറയ്ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ചെയ്യുന്ന ദുരാചാരം ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളിലേക്കാണ് അവരെ തള്ളിവിടുന്നത് എന്ന യാഥാർഥ്യം ഗ്രെബ്രിനെ തിരികെ ജന്മനാട്ടിലെത്തിച്ചു. അവിടെ നിന്നാണ് സ്ത്രീകളിലെ  ചേലാകർമമെന്ന സാമൂഹിക വിപത്തിനെതിരേ Women In Kembata Working Together എന്ന സന്നദ്ധ സംഘടന രൂപപ്പെടുന്നത്.  പ്രാകൃതമായ ചേലാകർമം എന്നേക്കുമായി അവസാനിപ്പിക്കുക, സ്ത്രീസമൂഹത്തെ ബോധവത്കരിക്കുക, സാമാന്യയുക്തിക്ക് നിരക്കാത്ത കാടത്തത്തിന് ഇരകളാക്കപ്പെട്ട പെൺകുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക ഇതൊക്കയായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗെബ്രെയുടെ കെംബാത്ത കൂട്ടായ്മയുടെ പ്രവർത്തനഫലത്താൽ തെക്കൻ എത്യോപ്യയിലെ 95 ശതമാനത്തിലധികം വരുന്ന ജനത ഇന്ന് ചേലാകർമ്മം എന്ന സാമൂഹിക വിപത്തിൽ നിന്ന് ബഹുദൂരം അകലെയാണ്. കിഴക്കൻ എത്യോപ്യയുടെ പുറത്തേക്കും വ്യാപിക്കുന്നതാണ് അവരുടെ പ്രവർത്തനം. 
പെൺചേലാകർമത്തിന് പുറമേ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവയ്ക്കെതിരേയുമുള്ള പ്രവർത്തനമാണ് സംഘടന നടത്തുന്നത്. എത്യോപ്യയയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും ശക്തമായ ഇടപെടലാണ് അവരുടേത്.************************************************

തിമിര്‍ത്താടി ആദിയും കൂട്ടരും
സി.കെ.റിംജു
പ്രണവും കൂട്ടരും ഇത്തവണ റാമോജിഫിലിം സിറ്റിയില്‍ ഓണംതിമര്‍ത്താടി ആഘോഷിച്ചു.ജീത്തുജോസഫ് ചിത്രം ആദിയുടെ ചിത്രീകരണമാണ് ഹൈദരാബാദില്‍ നടന്നത്. ആദിയുടെ ലൊക്കേഷനിലെ ഓണാഘോഷത്തിനായി ചെന്നപ്പോള്‍ എല്ലാവരും ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്നു. മൂന്നു നടിമാരില്‍ ഒരാളായ അനുശ്രീക്ക് അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതിനാല്‍ ഉത്രാടനാള്‍ മൊത്തം ഷൂട്ടിങ്ങായിരുന്നു. അത് തിരുവോണനാള്‍ പുലരുംവരെ തുടര്‍ന്നു. പാക്കപ്പ് പറയുന്നത് പുലര്‍ച്ചെ അഞ്ചരയ്ക്ക്...
ഉറക്കക്ഷീണത്തില്‍നിന്ന് യൂണിറ്റ് ഉണര്‍ന്നപ്പോഴാണ് ഇന്ന് ഓണമാണെന്ന ചിന്തയും ഉണര്‍ന്നത്.
സഹസംവിധായകനായി ക്യാമറയ്ക്കു പിറകില്‍ നിന്ന് നായകനായി ക്യാമറയ്ക്കു മുന്നിലേക്കു വന്ന പ്രണവിന്റെ ആദ്യ ലൊക്കേഷന്‍ഓണം ഗംഭീരമാക്കാന്‍ സംവിധായകന്‍ ജീത്തു തീരുമാനിച്ചു. യൂണിറ്റിലെ പ്രമുഖരെല്ലാരും നടികളുള്‍പ്പെടെ മുണ്ടിലേക്ക് മാറി. ആദിയുടെ കോസ്റ്റ്യൂം ഡിസൈനര്‍, ജീത്തുവിന്റെ ഭാര്യ ലിന്റ ജീത്തുവും മുണ്ടുടുത്തു. ഓണപ്പാട്ടിനൊപ്പം ഡാന്‍സായി... ആ ഡാന്‍സില്‍ പ്രണവും ചേര്‍ന്നു. പിന്നെ ഓണസദ്യയ്ക്കുള്ള ഒരുക്കമായി. അപ്പോഴാണ് യൂണിറ്റ് നിരാശരായത്. ഫിലിംസിറ്റിയില്‍ അവിടെ തയ്യാറാക്കുന്ന ഭക്ഷണമേ കിട്ടൂ... പച്ചരിച്ചോറും ദാല്‍ കറിയും, ഉപ്പും എരുവും ശ്ശി മുന്‍തൂക്കം നില്‍ക്കുന്ന മസാലക്കറിയും വെക്കുന്നവരോട് അവിയലും കാളനും കൂട്ടുകറിയും വെക്കാന്‍ പറയാനാവില്ലല്ലോ... അപ്പോ സദ്യ പായസത്തില്‍ ഒതുങ്ങി. പായസത്തിന്റെ മത്ത് വിടാന്‍ വടംവലി എന്ന ആശയം മുളപൊട്ടി... നടന്മാരും നടിമാരും ഒരുഭാഗത്ത്... ടെക്നീഷ്യന്മാര്‍ മറുവശത്ത്. വലിയോ... വലി... വലിക്കിടെ വടം പൊട്ടിയതോടെ സംവിധായകന്‍ ജീത്തു രണ്ടുവിഭാഗവും ജയിച്ചതായി പ്രഖ്യാപിച്ചു. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും ഷൂട്ടിങ്.
ഇരുപതുദിവസത്തെ ഷൂട്ടിങ്ങിനാണ് ആദി ടീം റാമോജി ഫിലിം സിറ്റിയില്‍ എത്തിയത്. ഓഫീസ്, ബില്‍ഡിങ്, ക്ലബ്ബ്, ഡാന്‍സ് ബാര്‍ എന്നിവയാണ് ഫിലിം സിറ്റിയില്‍ ഷൂട്ട്‌ചെയ്യുന്നത് ബാംഗ്ലൂരിലായിരുന്ന ഷൂട്ട് പ്ലാന്‍ചെയ്തിരുന്നത്. അപ്രതീക്ഷിതമായി മഴ വില്ലനായി വന്നതോടെ അവിടെ ഷൂട്ട്‌ചെയ്യാനിരുന്ന പല ഭാഗങ്ങളും ഫിലിം സിറ്റിയിലേക്ക് മാറ്റി. ഫിലിം സിറ്റിക്കു പുറമേ ഹൈദരാബാദിന്റെ രണ്ടുമൂന്നു തെരുവുകളും ആദിയുടെ ലൊക്കേഷനാവുന്നുണ്ട്.

ആദിയില്‍ ലവ് ട്രാക്കില്ല...

യുവാവായ പ്രണവ് നായകനാവുന്നതുകൊണ്ടാവും എല്ലാവരും ചോദിക്കുന്നു. ആദിയിലെ നായിക ആരാണ്... പ്രണയമായിരിക്കും വിഷയം... എന്നൊക്കെ. എന്നാല്‍ ആദിയില്‍ നായിക ഇല്ല. മൂന്ന് സ്ത്രീകഥാപാത്രങ്ങളുണ്ട്. പ്രണയത്തിന്റെ ട്രാക്കും ആദിയില്‍ ഇല്ല. സൗഹൃദങ്ങള്‍... കുടുംബസാഹചര്യങ്ങള്‍... ഇമോഷന്‍സ് ഇവയിലൂടെയാണ് ആദി പോകുന്നത്. ലൊക്കേഷനില്‍ ഇരുന്ന് ജീത്തുജോസഫ്  പുതിയ സിനിമയായ ആദിയെക്കുറിച്ച് സംസാരിച്ചു.
ആദിയായി പ്രണവിലേക്ക് എത്തുന്നത്...?
ലൈഫ് ഓഫ് ജോസൂട്ടിയിലും ദൃശ്യത്തിന്റെ തമിഴ് പാപനാശത്തിലും അപ്പു (പ്രണവ്) എന്റെ അസിസ്റ്റന്റായി ജോലിചെയ്തിട്ടുണ്ട്. ചെയ്യുന്ന ജോലിയെന്തായാലും വളരെ ആത്മാര്‍ഥമായി ചെയ്യുന്ന ഒരു യുവാവ്. അഭിനയം അപ്പുവിന്റെ താത്പര്യമായിരുന്നില്ല. ലോകം ചുറ്റലും റോക്ക് ക്ലൈമ്പിങ്ങുമൊക്കെയാണ് താത്പര്യം. പക്ഷേ, എല്ലാ മേഖലയും ട്രൈചെയ്യണമെന്ന ചിന്ത ഉണ്ടായിരുന്നു അങ്ങനെയാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. അപ്പുവില്‍ നല്ലൊരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദി എന്ന സിനിമയിലെ ആദിത്യമോഹന്‍ എന്ന നായകന്‍ അപ്പുവിന്റെ കൈയില്‍ ഭദ്രമാണ്. തുടക്കക്കാരന്‍ എന്ന പരിമിതി ആര്‍ക്കുമുണ്ടാകുമല്ലോ. അതൊക്കെ അപ്പു മറികടന്നുകഴിഞ്ഞു.
സംഗീതസംവിധായകനാവാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളാണ് ആദിയിലൂടെ പറയുന്നത്. ബാംഗ്ലൂരിലും കേരളത്തിലുമാണ് കഥ സംഭവിക്കുന്നത്. ആദിത്യമോഹന്‍ എന്ന നായകകഥാപാത്രം അപ്പു ചെയ്യുന്നു. പൂര്‍ണമായും ഒരു എന്റര്‍ടെയ്നറാണ് ആദി. ലെന, അനുശ്രീ, അതിഥി രവി (അലമാര ഫെയിം) എന്നിവരാണ് നടിമാര്‍. സിദ്ധീഖ്, മേഘനാഥന്‍, സാജന്‍ വില്‍സണ്‍, ഷറഫുദ്ദീന്‍, സിജോയ് വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നു. എല്ലാവര്‍ക്കും പ്രധാനപ്പെട്ട റോള്‍ ആണ്. മൂന്നു ഗാനങ്ങള്‍ ഉണ്ട്. രണ്ടെണ്ണം ഷൂട്ടിങ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ഒരുപാടുള്ള സിനിമയാണ്. ഷൂട്ടിങ് ഒക്ടോബറില്‍ തീരും. റിലീസിങ് തീരുമാനമായിട്ടില്ല.

പ്രണവിന്റെ  ഓണം  
ലൊക്കേഷനിലെ ഓണം ശരിക്കും എന്‍ജോയ്‌ചെയ്തു... വടംവലിച്ചും... എല്ലാവര്‍ക്കുമൊപ്പം ഡാന്‍സ് ചെയ്തു... പായസം കുടിച്ചു... ശരിക്കും ഓണം നന്നായിരുന്നു  - പ്രണവ്  പറഞ്ഞു.