മഹാനഗരത്തിലെ മഹാമരങ്ങളുടെ തണൽപറ്റി ഒരു യാത്ര

ശ്രീലക്ഷ്മി കുന്നമ്പത്ത് 
sreelekshmyk@mpp.co.in
ഒരിക്കൽ ഒരിടത്തൊരു ഖിർണി മരമുണ്ടായിരുന്നു. ഒരു ചെറിയ വിത്ത് മുളപൊട്ടി അതിന്റെ കൈകൾ ആദ്യം ഭൂമിയെ തൊട്ടു. വേരുകൾ ഭൂമിയുടെ ആഴങ്ങളെ അറിയാൻ യാത്രപോയപ്പോൾ ചില്ലകൾ ആകാശത്തെ തൊടാൻ വളർന്നു. കാലന്തരങ്ങളോളം തുടർന്ന യാത്രയിൽ ഋതുക്കളെത്രയോ പൂത്തുകൊഴിഞ്ഞു. ഇലകളെത്രയോ നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞു. മരം വളരുന്തോറും അതിന്റെ തണൽക്കൈകളും വളർന്നു. ഒരു സൂഫി അതിന്റെ തണലോരത്തിരുന്നു ശിഷ്യഗണത്തിന് കഥകൾ പറഞ്ഞുകൊടുത്തു. ചിലർ ആ കഥകൾ കേട്ട് മരത്തോളം വളർന്നു. കുട്ടികൾക്കും പെണ്ണുങ്ങൾക്കും വണിക്കുകൾക്കും ദൂരയാത്രികർക്കും ആ മരം ഒരു ദേശത്തിന്റെ അടയാളമായി. ആയിടയ്ക്ക് പ്രവാചകനെപ്പറ്റിയുള്ള കഥകൾ പറഞ്ഞ സൂഫി കഥാവശേഷനായി.
സൂഫിയുടെ ഖബറിന് തണലൊരുക്കാൻ മരമപ്പോൾ പിതൃക്കളുടെ ബലിഷ്ഠമായ കരങ്ങൾ പോലെ അതിന്റെ ശാഖകൾ നീട്ടി. മുകളിലോട്ട് വളർന്ന മരം അരികുകളിലേക്ക് ചില്ലകൾ പടർത്താൻ തുടങ്ങി. സാമ്രാജ്യങ്ങളുടെ പടയോട്ടങ്ങളും വറുതിയും വരൾച്ചയും പ്രളയവും വന്നുപോയി. എല്ലാത്തിനും സാക്ഷിയായി ആ ഖബറും മഹാവൃക്ഷവും....
644 വർഷം മുൻപുള്ളതാണീ കഥ. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ. ഖിർണി മരത്തണലിലെ ഖബറിടത്തിൽ വിശ്രമിക്കുന്ന ആ സൂഫിവര്യന്റെ പേര് ഹസ്രത് ക്വാജ നസീറുദ്ദീൻ മഹ്മൂദ്. ഖബറിടം ഇപ്പോൾ ദർഗയാണ്. ചിരാഗ് ദർഗയുടെ മാർബിൾ പാകിയ നിലത്തിനു നടുവിൽ പച്ചച്ചായമടിച്ച ചുമരുകൾക്ക് മുന്നിൽ പ്രായത്തിന്റേതായ തളർച്ചകൾ ഇല്ലാതെ ആ ഖിർണി മരമിപ്പോഴുമുണ്ട്.
എത്രയോ തലമുറകൾ വന്നുപോയി. എത്രയോ പ്രാർഥനകൾ മുഖരിതമായി. ദർഗയിലെ ഈ ഖിർണി മരത്തിന്റെ ചുവട്ടിൽ വിശുദ്ധമാസത്തിലെ വൈകുന്നേരങ്ങളിൽ വിശ്വാസികൾ നോമ്പ് തുറക്കാൻ ഇരിക്കും. കാലത്തെ വെല്ലാൻ വരം ലഭിച്ച മരത്തിന്റെ അത്ഭുതം കാണാൻ സന്ദർശകരെത്തും. ഡൽഹിയിൽ നിലവിലുള്ള മരങ്ങളുടെ മുത്തശ്ശിയാണ് പാലയുടെ കുടുംബത്തിൽപ്പെട്ട  ഈ ഖിർണി മരം. ഡൽഹി സർക്കാർ പ്രഖ്യാപിച്ച പൈതൃകമരങ്ങളുടെ പട്ടികയിലെ ഏറ്റവും തലമുതിർന്നമരം.
ക്വാജ നസീറുദ്ദീനാണ് പ്രകാശിക്കുന്ന വിളക്ക് എന്നർഥം വരുന്ന റോഷൻ ചിരാഗ് എന്ന പേര് ഈ പ്രദേശത്തിന് നൽകിയത്. ദർഗയിലെ ആ തണലിടത്തിൽനിന്ന് മുകളിലോട്ടുനോക്കുമ്പോൾ ഒരു വിത്തിൽനിന്ന് മഹാവൃക്ഷത്തിലെക്കുള്ള വളർച്ചപോലെ ഡൽഹി എന്ന മഹാനഗരത്തിന്റെ വളർച്ചയെപ്പറ്റി വെറുതെ സങ്കൽപ്പിച്ചുപോകും. മനുഷ്യർക്ക് വയസ്സാകും. മുഖത്ത് ചുളിവു വീഴും. പക്ഷേ ഖിർണി മരത്തിന് എന്നും യൗവനമാണെന്ന് ദർഗയിലെ സ്ഥിരം സന്ദർശകനായ മുഹമ്മദ് അമീർ പറയുന്നു. നഗരമേൽപ്പിക്കുന്ന പരിസ്ഥിതിവിനാശങ്ങളെ പറ്റിയുള്ള ആലോചനയിലാണ് പൈതൃകവൃക്ഷങ്ങൾ തേടിയുള്ള ഈ യാത്ര. ബി.സി. ആറാം നൂറ്റാണ്ടുമുതൽ തുടർച്ചയായ ജനവാസം ഉണ്ടായിരുന്ന ഡൽഹിയിൽ ലോധികളും ഖിൽജികളും തുഗ്ലക്കുമാരും ബ്രിട്ടീഷുകാരും നിർമിച്ച കോട്ടകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും നട്ടുവളർത്തിയ മരങ്ങൾ അനേകം. ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ അപൂർവയിനം മരങ്ങളുടെ വീടുകൾ കൂടിയാണ്.

മിനാരങ്ങൾക്ക് ചിറകായി
ചിരാഗ് ഡൽഹിയിൽനിന്ന് മരങ്ങളെക്കാൾ ഉയരത്തിൽ ആകാശത്തിലേക്ക് വളർന്ന കുത്തബ് മിനാറിലേക്കാണ് അടുത്ത യാത്ര. മിനാരത്തിൽനിന്ന് അൽപ്പം മാറി ചാഞ്ഞുതുടങ്ങിയ സാൽവദോറ മരം. സാൽവദോറ ഒലിയോഡ്‌സ് എന്ന് ശാസ്ത്രീയനാമം. ഹിന്ദിയിൽ പീലുവെന്നും. മരത്തിൽ പൊത്തുകൾ വീണിട്ടുണ്ട്. എങ്കിലും വേരുകൾക്കും ചില്ലകൾക്ക് ക്ഷീണമേറ്റിട്ടില്ല. കുത്തബ് മിനാറിൽ എത്തുന്ന സന്ദശകർക്ക് കൊടുംചൂടിലും തണൽവിരിക്കുന്നു നൂറ്റാണ്ടുകളുടെ ചരിത്രത്തിനു സാക്ഷിയായ ഈ മരം. സാൽവദോറ മരത്തണലിൽനിന്ന് ലോധി ഉദ്യാനത്തിലേക്ക്....
 
പച്ചക്കാട്ടിലെ മാഞ്ചോട്
ലോധി ഉദ്യാനം നഗരത്തിലെ പച്ചപ്പിന്റെ തുരുത്താണ്. ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞ്‌ ശാന്തതയോടെ ഇരിക്കാനും തണൽപെയ്യുന്ന മരച്ചുവടുകളുടെ കുളിരറിയാനും ചേർന്ന സ്ഥലം. ഉദ്യാനത്തിലെ ബഡാ ഗുംബാദിന് സമീപമാണ് പൈതൃകവൃക്ഷങ്ങളുടെ പട്ടികയിലുള്ള മാവ്. കാലം മാവിനെ ക്ഷീണിപ്പിപ്പിച്ചിട്ടുണ്ട്. എങ്കിലും പൈതൃക പട്ടികയിൽപ്പെടുത്തി വരുംതലമുറകൾക്കായി തണൽ കാത്തുവെക്കാനാണ് ഉദ്യാനപാലകരുടെ ശ്രമം. ലോധി ഉദ്യാനത്തിൽ ഈ മാഞ്ചുവട് കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടും. കാരണം അത്രമാത്രം മരങ്ങൾ ഉദ്യാനത്തിൽ പച്ചയണിഞ്ഞു നിൽക്കുന്നുണ്ട്.

നട്ടുച്ചയുടെ തണൽമരച്ചില്ല
ഇനി ഗരഹൃദയത്തിലേക്ക് വരാം. ലുട്യൻസ് ഡൽഹിയിൽ ഇന്ത്യാ ഗേറ്റിനു സമീപമുണ്ട് മറ്റൊരു മരമുത്തശ്ശി. ഡൽഹിയിലേക്കുള്ള സന്ദർശകരുടെ കൗതുക കവാടമായ ഇന്ത്യാഗേറ്റിനു മുന്നിലെ പച്ചപ്പിൽ അൽപ്പംമാറി അതിനഭിമുഖമായാണ് ആൽമരം. പച്ചപ്പിൽ കളിക്കാനെത്തുന്ന കുട്ടികൾക്കും ആൾക്കൂട്ടത്തിലെ ഏകാന്തത ആഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ട തണലിടം. ഫൈക്കസ് ബെൻഘലെനിസ് എന്ന ശാസ്ത്രനാമം എഴുതിയ ബോർഡ് തടിയിൽ തൂക്കിയിരിക്കുന്നു. വേനലിലെ വൈകുന്നേരങ്ങളിൽ സ്വർണനിറമുള്ള വെയിൽ ആലിലകളിലൂടെ അരിച്ചിറങ്ങുന്നു. വെറുതെ നടക്കാനിറങ്ങിയ സന്ദർശകർ മരത്തിന്റെ പ്രതാപവും പൈതൃകവും അറിയാതെ കടന്നുപോകുന്നു. ഇന്നലെകളിൽ കൊഴിഞ്ഞുവീണ ഇലകളെപ്പോലെ തലമുറകൾതന്നെ മാറുമ്പോഴും എല്ലാവർക്കും മരം തണലൊരുക്കുന്നു.

പരുക്കൻ പിൽഖാൻ
ഇനി ഹോസ്ഖാസിലെ ഡീർ പാർക്കിലേക്ക് പോകാം. കരുത്തോടെ ഉയർന്നുനിൽക്കുന്ന മരങ്ങൾക്കിടയിൽ പിൽഖാൻ അഥവാ ചെരാല മരത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ബലിഷ്ഠമായ ശിഖരങ്ങൾ. നല്ല വീതിയുള്ള തടി. വേരുകൾ തടിയെ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു. ഹോസ്ഖാസിലെ മരങ്ങൾക്കിടയിൽ തലയെടുപ്പോടെ വേറിട്ട് നിൽക്കുന്നു ഈ പൈതൃകമരം. ഇന്ത്യയിലും ശ്രീലങ്കയിലും ബർമയിലുമാണ് പിൽഖാൻ മരങ്ങൾ കൂടുതലുള്ളത്. കട്ടിയുള്ള പരുക്കൻ ഇലയും ഉരുണ്ട പൂക്കുലയും വെള്ളയിൽ ചുവന്ന പുള്ളികളുള്ള കായും. കട്ടിയേറിയ മരത്തൊലിക്ക് ഔഷധഗുണവുമുണ്ട്. 

**************************
മരങ്ങൾക്ക് സംരക്ഷണവലയം
ഡൽഹിയുടെ തനത് ഇനങ്ങളായ വൃക്ഷങ്ങൾ ഇല്ലാതാകുന്ന പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാർ കഴിഞ്ഞവർഷം ഇവയെ പൈതൃകപട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കാൻ മുതിർന്നത്. അനുദിനം നഗരവത്കരിക്കപ്പെടുന്ന ഡൽഹിയിൽ അവശേഷിക്കുന്ന മരങ്ങൾക്ക് സംരക്ഷണവലയം തീർക്കുകയാണ് ലക്ഷ്യം. 
പതിനാറു വൃക്ഷങ്ങളെയാണ് പൈതൃകമായി പ്രഖ്യാപിച്ചത്. ഇവയിൽ കൂടുതലും തെക്കൻ ഡൽഹിയിലും ന്യൂഡൽഹിയിലുമാണ്. ഭിക്കാജി കാമാ പ്ലേസ്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, വേര മിഷൻ, ജെയ്ൻ മുനി ദാദാബറി എന്നിവിടങ്ങളിലെ ആൽമരങ്ങൾ, രാജ്ഘട്ടിലെ അർജുന മരവും അശോകവും, തുഗ്ലക്കാബാദിലെയും നെഹ്രു പാർക്കിലെയും ഐലന്തസ് മരം, തീൻമൂർത്തി ഭവനിലെയും ഖ്വാദം ഷെരീഫ് മസ്ജിദിലെ വേപ്പുകൾ, ഹോസ്ഖാസ് കലാഗ്രാമത്തിലെ പുളിമരം എന്നിവയാണ് മറ്റു മരങ്ങൾ. പൈതൃകസ്മാരകങ്ങളുടെ നഗരത്തിൽ പൈതൃകമരങ്ങൾ മറ്റൊരു തലയെടുപ്പാകുന്നു. മനുഷ്യനെപ്പോലെ വാക്കുകളിലൂടെ സംസാരിക്കാൻ കഴിയാത്ത വൃക്ഷങ്ങൾ വേരുകളിലൂടെ ഭൂമിയോടും ഇലകളിലൂടെ പ്രകൃതിയോടും സംസാരിക്കുന്നുണ്ടാവും. 

******************************
ബിയോൻഡുമായി 
കൾട്ട് വീണ്ടും​

രണ്ടുകൊല്ലം മുമ്പ് കൾട്ട് 10 എന്ന സ്മാർട്ട്‌ഫോണുമായി വിപണിയിലെത്തിയ ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ കൾട്ട് മറ്റൊരു ഫോൺ കൂടി അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോൺ ഓഗസ്റ്റ് 18 ന് വിൽപ്പനക്കെത്തും. 6999 രൂപ വിലയിട്ടിരിക്കുന്ന കൾട്ട് ബിയോൻഡ് പ്രമുഖ ഇ-കൊമേഴ്സ് സൈറ്റു മുഖേനയാണ് വിൽപ്പന നടക്കുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷനും സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
രണ്ട് മൈക്രോ സിംകാർഡ് ഉപയോഗിക്കാവുന്നതാണ് കൾട്ട് ബിയോൻഡ്. ആൻഡ്രോയ്‌ഡ് 7.0 നോഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണിൽ 1.25 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറാകും ഉണ്ടാവുക. മൂന്ന് ജി.ബി. യാണ് റാം. 5.2 ഇഞ്ച് എച്ച്.ഡി. ഡിസ്‌പ്ലെ ഉണ്ടാവും. ഡ്യുവൽ ടോൺ എൽ.ഇ.ഡി. ഫ്ലാഷോടെയുള്ള 13 മെഗാപിക്സൽ ക്യാമറയാണ് മുൻവശത്തും പിൻവശത്തുമുള്ളത്. ഉപയോക്താക്കൾ പകർത്തുന്ന ചിത്രങ്ങൾ ടി-ഷർട്ടിലും മഗ്ഗിലും പകർത്താൻ സഹായിക്കുന്ന ‘വിസ്റ്റോസോ’ എന്ന പ്രത്യേകതയും ബ്യൂട്ടി മോഡും ക്യാമറയുടെ സവിശേഷതകളാണ്. 32 ജി.ബി. ആന്തരിക സംഭരണ ശേഷിയുള്ള ഫോണിൽ 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാർഡുകൾ ഉപയോഗിക്കാനാവുമെന്നും കമ്പനി അവകാശപ്പെട്ടുന്നു. 3000 എം.എ.എച്ച്. ബാറ്ററിയാണ് കൾട്ട് ബിയോൻഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 25 മണിക്കൂർ സംസാരസമയം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കൾട്ട് ബിയോൻഡിന്റെ പിൻവശത്തായി ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ അൺലോക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്നതിനൊപ്പം ഫോണിലെ ചില ആപ്ലിക്കേഷനുകൾ തുറക്കുന്നതിനും ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നതിനും ഹോം പേജ് സ്‌ക്രോൾ ചെയ്യുന്നതിനുമൊക്കെ ഈ സ്കാനർ ഉപയോഗിക്കാനുമാകും. വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, എഫ്.എം. റേഡിയോ, 4ജി വോൾട്ടെ, മൈക്രോ യു.എസ്.ബി. തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. പ്രോക്സിമിറ്റി സെൻസർ ഉൾപ്പെടെ പ്രധാന സെൻസറുകളൊന്നും ഫോണിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

***********************
അതിശയരാഗം​
ഇന്ത്യൻ സംഗീതത്തിലെ കുലീനവും പ്രൗഢവുമായ സ്വരത്തിനുടമയായ 
ബോംബെ ജയശ്രീയുമായി അഞ്ജനശശി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ...


?ജീവകാരുണ്യപ്രവർത്തനങ്ങളിലൂന്നിയുള്ള കച്ചേരികളാണല്ലോ ഇപ്പോൾ അധികവും. ഹിതം ട്രസ്റ്റ് രൂപവത്കരിക്കപ്പെടുന്നതെങ്ങനെയാണ്
= ജീവകാരുണ്യം എന്നത് വലിയൊരു വാക്കാണ്. ഞാൻ ചെയ്യുന്നതിനെ ജീവകാരുണ്യം എന്നുപറയാനാവില്ല. ഇതെന്റെ കടമയാണ്. സംഗീതം, നൃത്തം, അഭിനയം എല്ലാം മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം എന്നതാണ് എന്റെ വിശ്വാസം. 
നീലാംബരി രാഗത്തിലെ അളിവേണി എന്ന ഗാനം ഓട്ടിസം ഉള്ള നാലുവയസ്സുകാരിയിൽനിന്ന് കേട്ട് പകച്ചുപോയിട്ടുണ്ട് ഞാൻ. ഇത്രമനോഹരമായി അളിവേണി അതുവരെ ഞാൻ പാടിക്കേട്ടിട്ടില്ല ഇതുവരെ. ഹൃദയത്തിലേക്ക് നേരിട്ടെത്തുന്നതായിരുന്നു അത്. അവർക്ക് അത്രയും പ്രതിഭയുണ്ട്. എന്നാൽ, പഠിക്കാനുള്ള വഴികളില്ല. അവർക്കും സംഗീതം അടുത്തറിയാനുള്ള അവകാശമുണ്ട്. അങ്ങനെയാണ് ഞാൻ ഹിതം ട്രസ്റ്റ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. 
കഴിഞ്ഞ 15 വർഷത്തിലധികമായി ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള കച്ചേരികൾ നടത്തുന്നു. പരിപാടികൾ എണ്ണത്തിൽ കൂടുതലായപ്പോൾ അതിന് ഒരു സംഘടന വേണം എന്ന തോന്നലുണ്ടായി. എല്ലാം കൃത്യമായി നടത്താൻ അത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ മുൻനിർത്തി മൂന്നുവർഷം മുമ്പ് ട്രസ്റ്റ് രൂപവത്‌കരിച്ചത്. ഞാനും എന്റെ വിദ്യാർഥികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. 

?ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ്
= രണ്ടുതരത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനം. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടിയുള്ള കച്ചേരികളും ക്ലാസുകളും നടത്തുന്നു. കൂടാതെ ഉൾഗ്രാമങ്ങളിലുള്ളവർക്കുവേണ്ടിയുള്ള ക്ലാസുകളും ഇതിന്റെ ഭാഗമാണ്. കുംഭകോണത്തിനടുത്ത് മഞ്ചക്കുടി, തിരുവയ്യാറിനടുത്ത് തില്ലൈസ്ഥാനം എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികൾക്കായി ക്ലാസ് നടത്തുന്നുണ്ട്. 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കഴിവുകൾ കൂടുതലാണ്. അവരിൽ പലരും സംഗീതത്തിൽ പ്രതിഭകളാണ്. സംഗീതം അവരിൽ എത്തിയാൽ അവർ ഉയരത്തിലെത്തും. സംഗീതം, ചലച്ചിത്രം, ടി.വി., ഫോൺ തുടങ്ങി സാധാരണക്കാരായ നമ്മുടെ മുമ്പിൽ തിരഞ്ഞെടുപ്പിന് ഒരുപാട് വിഷയങ്ങളുണ്ട്. എന്നാൽ, അവർക്ക് തിരഞ്ഞെടുപ്പിനുള്ള കഴിവില്ല. ഉള്ള കഴിവ് അതിന്റെ ഏറ്റവും ഉന്നതിയിൽ പ്രകടിപ്പിക്കാൻ അവർക്കാവും. അതിനാൽത്തന്നെ അവർക്കൊപ്പം നിൽക്കുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. 

?ഇപ്പോൾ കൂടുതലായും സ്കൂളുകൾ ആണല്ലോ കച്ചേരിക്കായി തിരഞ്ഞെടുക്കുന്നത്
= സ്പിക് മാകെയുമായി ചേർന്നാണ് ഇത്തരം കച്ചേരികൾ നടത്തുന്നത്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി 40 വർഷം മുമ്പ് സ്ഥാപിതമായ ഈ സംഘടനയുടെ നിസ്വാർഥസേവനം എന്നും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. എന്റെ ഗുരുക്കന്മാരുടെ കാലം മുതൽതന്നെ ഞാൻ ഇവർക്കൊപ്പമുണ്ട്. എനിക്ക് 18 വയസ്സുള്ള കാലത്തൊക്കെ കോഴിക്കോടും ബെംഗളൂരുവിലുമെല്ലാം ഞങ്ങൾ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 

കുട്ടികൾക്കൊപ്പം ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്. രക്ഷിതാക്കൾക്കൊപ്പം ആസ്വദിക്കുന്നതും അവർ സ്വന്തമായി ആസ്വദിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സംഗീതവുമായി നിർബന്ധമേതുമില്ലാതെ ബന്ധിക്കപ്പെടുമ്പോൾ അതിന്റെ വ്യത്യാസം വേറെതന്നെയാണ്. കുട്ടികളുടെ ഊർജത്തിൽത്തന്നെ കാര്യമായ വ്യത്യാസം കാണാൻ സാധിക്കും. അഞ്ചുമിനിറ്റുകൊണ്ട് കുട്ടികൾ സംഗീതവുമായി ബന്ധം സ്ഥാപിക്കും.
ഇന്ത്യയിൽ ഒരുപാടിടങ്ങളിൽ എനിക്ക് പാടാൻ സാധിച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഉൾഗ്രാമങ്ങൾ, ഹിമാചൽപ്രദേശ്, പോർട്ട്‌ബ്ലെയർ, നാഗാലാൻഡ്‌ തുടങ്ങിയിടങ്ങളിലെല്ലാം ഞാൻ കച്ചേരി നടത്തി. നാഗാലാൻഡ്‌ പോലൊരിടത്ത് എന്നിലെ കർണാടക സംഗീതജ്ഞയെ അറിയുന്നവർ ആരുമില്ലായിരുന്നു. അവിടത്തെ സൈനിക സ്കൂളിൽ ഉള്ളകുട്ടികൾ കർണാടകസംഗീതം എന്നുകേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നിട്ടുപോലും സംഗീതം അവിടത്തെ ജനതയെ ഞാനുമായി അടുപ്പിച്ചു. അവർ എന്നോടൊത്തുപാടി. കുഞ്ഞുങ്ങൾ എന്റെ മടിയിൽ കയറിയിരുന്ന് സംസാരിച്ചു. അതാണ് സംഗീതത്തിന്റെ  മാന്ത്രികത. ഹൃദയതാളത്തിനൊപ്പം ജനിച്ച ഓരോ മനുഷ്യനും സംഗീതം ആസ്വദിക്കുന്നവരാണ്. എല്ലാ കുട്ടികൾക്കും സംഗീതം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഗീതത്തിന് ജനഹൃദയങ്ങളെ മാറ്റിമറിക്കാൻ സാധിക്കും. മനുഷ്യത്വത്തെ ദിവ്യത്വത്തിലെത്തിക്കുന്ന ഒന്നാണത്.

?ശാസ്ത്രീയ സംഗീതജ്ഞർ ചലച്ചിത്ര ഗാനങ്ങളിൽ താത്‌പര്യം കാണിക്കാറില്ല. ലൈഫ് ഓഫ് പൈ എന്ന സിനിമയിലൂടെ ഓസ്കർ നോമിനേഷനിൽ വരെ എത്തിയതിനെക്കുറിച്ച്
=എല്ലാ സംഗീതവും ഞാൻ ഇഷ്ടപ്പെടുന്നു. അത് എന്റെ അമ്മയിൽനിന്ന് കിട്ടിയ ഗുണമാണ്. വളരെ ചെറുപ്പത്തിൽത്തന്നെ എന്നെയും രണ്ട് ചേട്ടന്മാരെയും അമ്മ റേഡിയോസംഗീതം കേൾപ്പിക്കുമായിരുന്നു. ഭാഷാവ്യത്യാസമില്ലാതെ പല ഗാനങ്ങളും കേട്ടാണ് ഞാൻ വളർന്നത്. എം.എസ്. ബാബുരാജും ദേവരാജൻ മാഷും സലിൽ ചൗധരിയുമുൾപ്പെടെ പഴയതലമുറയിലെ സംഗീതസംവിധായകരെ മുഴുവൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകൾ അമ്മ ഞങ്ങളെ കാണാതെ പഠിപ്പിക്കുമായിരുന്നു. ഞങ്ങളെക്കൊണ്ട് പാടിക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ സംഗീത വീക്ഷണം വളരെ വലുതായിരുന്നു. സംഗീതത്തിന് അതിർവരമ്പുകൾ വെക്കാൻ അമ്മ ഒരിക്കലും ശ്രമിച്ചിരുന്നില്ല. സൗന്ദര്യമുള്ളതിനെ ഹൃദയംകൊണ്ട് സ്വീകരിക്കാനാണ് അമ്മ പഠിപ്പിച്ചത്. തുടർന്നു പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം ഇതേ കാഴ്ചപ്പാടുള്ളവരായിരുന്നു എന്നതാണ് എന്റെ വിജയം. 

?വാത്സല്യം എന്ന പേരിലുള്ള താരാട്ടുപാട്ടുകൾ പ്രശസ്തമായിരുന്നല്ലോ
=എന്റെ സുഹൃത്ത് ചാരുവാണ് ഇതിന് കാരണമായത്. 19 വർഷങ്ങൾക്കുമുമ്പാണ്. ഞാൻ അമ്മയായ സമയം. ഏതൊരമ്മയെയുംപോലെ മകനുവേണ്ടി ഞാൻ താരാട്ടുപാടുമായിരുന്നു. ഇത്രമനോഹരമായ പാട്ടുകൾ ഒരുമകൻ മാത്രം കേട്ടാൽപ്പോരാ എന്നും ഇത് ലോകത്തിലെ കുട്ടികൾക്കെല്ലാം അവകാശപ്പെട്ടതാണെന്നും എന്നോട് പറഞ്ഞത് ചാരുവാണ്. ഏതു കമ്പനി ഇത് ഏറ്റെടുക്കുമെന്നായിരുന്നു അന്ന് എന്റെ സംശയം. അതിനും അവൾ ഉത്തരം കണ്ടെത്തി. ചാർ സുർ എന്നുപറഞ്ഞ റെക്കോഡിങ് കമ്പനി തന്നെ ഇതിനായി ഉണ്ടാക്കി. അങ്ങനെയാണ് സി.ഡി. പുറത്തിറങ്ങുന്നത്.