ന്യൂഡല്‍ഹി: അക്ഷരമധുരം നേടിയതിന് പകരം വിദ്യാലയത്തിന് ഗുരുദക്ഷിണ സമര്‍പ്പിച്ച് പൂര്‍വവിദ്യാര്‍ഥികള്‍. ഒമ്പതുലക്ഷം രൂപ ചെലവിട്ട് പുതിയ കെമിസ്ട്രി ലാബ് നിര്‍മിച്ച് നല്‍കിയാണ് കാനിംഗ് റോഡ് കേരള സ്‌കൂളിലെ 1987 ബാച്ച് പൂര്‍വവിദ്യാര്‍ഥികള്‍ സ്‌നേഹസ്മരണ പുതുക്കിയത്. പൂര്‍വ വിദ്യാര്‍ഥികളുടെ സ്‌നേഹസമ്മാനമേറ്റുവാങ്ങിയ പുതിയ തലമുറ ആഹ്ലാദത്തിലായി.
      
ഡല്‍ഹിമുതല്‍ അമേരിക്കവരെ നീളുന്ന പ്രദേശങ്ങളില്‍ നിന്നെത്തിയ എഴുപതോളം പൂര്‍വവിദ്യാര്‍ഥികളുടെ സംഭാവനയായാണ് കേരള സ്‌കൂളിലെ കെമസ്ട്രി ലാബ് പുതുക്കി പണിതത്. കഴിഞ്ഞ ഡിസംബര്‍ 30-ന് സ്‌കൂളില്‍ ചേര്‍ന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലെടുത്ത തീരുമാനമാണ് മേയ്, ജൂണ്‍ മാസങ്ങളില്‍ യാഥാര്‍ഥ്യമായത്. വിദ്യനല്‍കിയ വിദ്യാലയത്തിന് പകരമെന്തെങ്കിലും നല്‍കണമെന്ന ആഗ്രഹമായിരുന്നു കൂട്ടായ്മയില്‍ ഉയര്‍ന്നത്.
  
ഈ ആഗ്രഹം സ്‌കൂളിനെ അറിയിച്ചപ്പോള്‍, കെമിസ്ട്രി ലാബാണ് അടിയന്തരാവശ്യമെന്ന് പ്രിന്‍സിപ്പല്‍ കെ.ജി. ഹരികുമാര്‍ അറിയിച്ചു.  ഇതേത്തുടര്‍ന്ന് ഈ ആവശ്യം നിറവേറ്റാനുള്ള യത്‌നമായി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍വവിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ തന്നെ നിര്‍മാണവും ആരംഭിച്ചു.

chemistry lab

     
ഇരുപത്തിയഞ്ച് ദിവസംകൊണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള കെമിസ്ട്രിലാബ് തലയുയര്‍ത്തി. ഒമ്പതുലക്ഷം രൂപ ചെലവ്. ചൊവ്വാഴ്ച രാവിലെ ലാബ് സ്‌കൂളിന് സമര്‍പ്പിച്ചു. കേരള എജ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറിജനറല്‍ പി.കെ. രവീന്ദ്രനാഥ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹരികുമാര്‍, പി.ടി.എ. സെക്രട്ടറി കുമാര്‍, പൂര്‍വവിദ്യാര്‍ഥികളായ പ്രദീപ് കുമാര്‍, ജതീന്ദര്‍, അഡ്വ. നിഖിലേഷ്, വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.