ന്യൂഡൽഹി: വികാസ്പുരി കേരളാ സ്‌കൂൾ ഇനി പുതുമോടിയിൽ. സ്കൂളിന്റെ 44-ാമത് വാർഷികത്തിനൊപ്പം പുതുതായി നിർമിച്ച പടിപ്പുരകൾ, കൊടിമരം തുടങ്ങിയവയുടെ ഉദ്ഘാടനവും നടത്തി. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത്, പടിഞ്ഞാറൻ ഡൽഹി എം.പി. പർവേഷ് വർമ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തിയത്.

പൊതുയോഗത്തിൽ കേരള എജ്യുക്കേഷൻ സൊസൈറ്റി വികാസ്പുരി ശാഖാ ചെയർമാൻ എൻ.സി. നായർ അധ്യക്ഷത വഹിച്ചു. കേരള എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ബാബു പണിക്കർ, സെക്രട്ടറി പി.കെ. രവീന്ദ്രനാഥൻ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീലേഖ, പി.ടി.എ. സെക്രട്ടറി രവി കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സ്കൂളിനുവേണ്ടി മികച്ചസേവനം കാഴ്ചവെച്ച് 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിച്ചു.

പടിപ്പുരകൾ, മറ്റു നിർമിതികൾ എന്നിവയുടെ ആർക്കിടെക്റ്റ് കലേഷ് ബാബു, ശില്പികൾ എന്നിവരെയും അനുമോദിച്ചു. കേരളത്തിന്റെ കലാ-സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ ആസ്പദമാക്കി ’കേരളീയം’ എന്ന നൃത്തസംഗീത നാടകം വിദ്യാർഥികൾ അവതരിപ്പിച്ചു.