ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക സംബന്ധിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ പ്രകാശ് ജാവഡേക്കർ.

പൗരത്വപ്പട്ടിക വളരെ പ്രധാനപ്പെട്ടതാണെന്ന് ജനങ്ങൾ മനസ്സിലാക്കിയെന്നും ഒരു രാജ്യത്തിനും അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ സാധിക്കില്ലെന്നും ജാവഡേക്കർ പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ജാവഡേക്കർ എ.എ.പി.ക്കെതിരേ രംഗത്തുവന്നത്. ‘‘ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് കെജ്‌രിവാളിന് മാത്രമാണ് സംശയം. ഇതാണ് ഡൽഹി മുഖ്യമന്ത്രിയുടെ അവസ്ഥ. എന്നാൽ, ജനങ്ങൾ അങ്ങനെയല്ല. അനധികൃതമായി കുടിയേറുന്നവരെ പാർപ്പിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നു. പൗരത്വ ഭേദഗതിബിൽ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്’’- ജാവഡേക്കർ പറഞ്ഞു. രാജ്യതലസ്ഥാനത്ത് പൗരത്വപ്പട്ടിക നടപ്പാക്കുകയാണെങ്കിൽ ബി.ജെ.പി.യുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരി ആദ്യം നഗരം വിടേണ്ടിവരുമെന്നായിരുന്നു കെജ്‌രിവാളിന്റെ പരാമർശം. ഇതിനെതിരേ ബി.ജെ.പി. ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കള്ളങ്ങൾ പ്രചരിപ്പിക്കുകയെന്നതാണ് എ.എ.പി.യുടെ നയമെന്ന് ജാവഡേക്കർ ആരോപിച്ചു. മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ ഖ്യാതി അവർ സ്വന്തമാക്കുന്നു. അടുത്തവർഷമാദ്യം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ ജനവിധി നേടും. ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ തങ്ങൾ വിജയിക്കാൻ പോവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി. ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും ജാവഡേക്കർ പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങളിൽ നടപടിയെടുക്കുക. മഹാരാഷ്ട്രയിലും ഹരിയാണയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചിലപ്പോൾ തങ്ങൾ പ്രഖ്യാപിക്കും. മറ്റു ചിലപ്പോൾ പ്രഖ്യാപിക്കില്ല. നിലവിൽ, ചുമതല വഹിക്കുന്നതുകൊണ്ടല്ല ദേവേന്ദ്ര ഫട്‌നവിസ്, മനോഹർലാൽ ഖട്ടർ എന്നിവരെ തീരുമാനിച്ചത്. തന്ത്രത്തിന്റെ ഭാഗമാണത്. അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് ജാവഡേക്കർ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഡൽഹി നേതൃത്വത്തിൽ എന്തെങ്കിലും മാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലാണ് പാർട്ടിയുടെ ശ്രദ്ധയെന്നും അതിനായി ഒരുങ്ങുകയാണെന്നുമായിരുന്നു ജാവഡേക്കറിന്റെ മറുപടി. ബി.ജെ.പി.ക്ക് കൃത്യമായ സമയക്രമമുണ്ട്. നിലവിൽ, നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ്. ഒരാളെ മാറ്റണമെങ്കിൽ അതിന് പാർട്ടിയിൽ അതിന്റേതായ വ്യവസ്ഥയുണ്ട്. തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റ് വരും. തങ്ങൾ ആരെയും പുറത്താക്കില്ല. ജാവഡേക്കർ വ്യക്തമാക്കി.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും ബി.ജെ.പി. വിജയിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനപ്രകടനം കാഴ്ചവെക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഏഴു സീറ്റുകളും പിടിച്ചെടുത്ത ബി.ജെ.പി. ആകെ പോൾ ചെയ്ത വോട്ടുകളുടെ 56 ശതമാനം നേടിയിരുന്നു. അതേസമയം, കോൺഗ്രസിനും പിന്നിലായി മൂന്നാമതായിരുന്നു എ.എ.പി.യുടെ സ്ഥാനം.