ന്യൂഡൽഹി: ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർ ഇനി എക്കാലവും തലസ്ഥാനനഗരിയുടെ സ്മരണകളിൽ നിറയും. പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 40 സി.ആർ.പി.എഫ്. ജവാന്മാർക്ക് ആദരമർപ്പിച്ച് ഡൽഹി മെട്രോയിലെ രണ്ടു സ്റ്റേഷനുകൾക്ക് അവരുടെ പേരുകൾ നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ചുവപ്പു പാതയിലെ രണ്ടു സ്റ്റേഷനുകൾക്കാണ് രക്തസാക്ഷികളുടെ നാമധേയം. രാജേന്ദ്രനഗർ സ്റ്റേഷൻ മേജർ മോഹിത് ശർമയുടെ പേരിലും ന്യൂ ബസഡ്ഡ സ്റ്റേഷൻ ഷഹീദ് സ്ഥൽ എന്ന പേരിലും അറിയിപ്പെടുമെന്ന് ഡി.എം.ആർ.സി. അറിയിച്ചു.

പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാൻമാർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അവർക്കുള്ള ആദരമായിട്ടാണ് ഈ പേരുകൾ നൽകിയതെന്നും ഡി.എം.ആർ.സി. വക്താവ് പറഞ്ഞു. ദിൽഷാദ് ഗാർഡനിൽ നിന്നാണ് ചുവപ്പുപാത ഷഹീദ് സ്ഥലിലേക്ക്‌ നീട്ടിയത്. ഉദ്ഘാടനശേഷം ഈ സ്റ്റേഷൻ മുതൽ കശ്മീരിഗേറ്റ് മെട്രോ സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയിൽ സഞ്ചരിക്കുകയും ചെയ്തു.

മേജർ മോഹിത് ശർമ പ്രത്യേക സേനയിലെ അംഗമായിരുന്നു. ഈ മാസം മാർച്ചിൽ ജമ്മു-കശ്മീരിലെ ഹഫ്രോദവനത്തിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യുവരിച്ചത്. അശോകചക്ര ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. രാജേന്ദ്രനഗർ സ്റ്റേഷൻ ഇനി മേജർ മോഹിത് ശർമയുടെ പേരിൽ അറിയപ്പെടും.

പുൽവാമയിലെ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തവരുടെ സ്മരണയ്ക്കുവേണ്ടിയാണ് ന്യൂബസ് അഡ്ഡ സ്റ്റേഷന്റെ പേരുമാറ്റം. ഫെബ്രുവരി പകുതിവരെ പേരുമാറ്റം പരിഗണനയിലുണ്ടായിരുന്നില്ല. എന്നാൽ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡി.എം.ആർ.സി. അധികൃതർ ഇക്കാര്യം ശുപാർശ ചെയ്തപ്പോൾ യു.പി. സർക്കാർ അംഗീകരിക്കുകയായിരുന്നു.

ഡൽഹി മെട്രോയുടെ ചുവപ്പു പാതയിൽ ദിൽഷാദ് ഗാർഡൻ മുതൽ ന്യൂ ബസ് അഡ്ഡാ വരെയുള്ള ഭാഗമാണ് വെള്ളിയാഴ്ച തുറന്നത്. പാതയിൽ ഗതാഗതം ശനിയാഴ്ച ആരംഭിക്കും. ബ്ലൂലൈനിലെ വൈശാലിക്കു ശേഷം ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാതയാണിത്. 9.4 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഭാഗം തുറന്നതോടെ ചുവപ്പുപാത ഇപ്പോൾ 34.50 കിലോമീറ്ററായി കൂടി. ഷാഹിദ് നഗർ, രാജ്ബാഗ്, രാജേന്ദ്രനഗർ, ശ്യാം പാർക്ക് എന്നിവയാണ്‌ പാതയിലെ മറ്റു സ്റ്റേഷനുകൾ.

എൻ.സി.ആറിലെ മറ്റൊരു മെട്രോപാത കൂടി ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബ്ലൂലൈനിലെ നോയ്ഡ സിറ്റി സെന്റർ-ഇലക്ട്രോണിക് സിറ്റി റൂട്ടാണ് ശനിയാഴ്ച തുറക്കുക. ഈ പാതയ്ക്കു കഴിഞ്ഞദിവസം മെട്രോ സുരക്ഷാകമ്മിഷണറുടെ അനുമതി ലഭിച്ചിരുന്നു. 6.6 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ പാത. ഇതിനൊപ്പം ഗ്രേയ്റ്റർ നോയ്ഡയിലെ വിവിധ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.