ന്യൂഡൽഹി: വാഹനങ്ങളുടെ ആധിക്യം, റോഡിന്റെ വിസ്തൃതിക്കുറവ്, പാർക്കിങ് സൗകര്യത്തിലെ പരിമിതി തുടങ്ങിയ കാരണങ്ങളാൽ ഡൽഹിയിലെ ഗതാഗതം ഏറെ വെല്ലുവിളിനിറഞ്ഞതാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട്. കാൽനടയാത്രക്കാർക്കുള്ള പാതകളുടെ കുറവ്, മെട്രോ സ്റ്റേഷൻ, കമ്പോളങ്ങൾ എന്നിവയ്ക്ക് സമീപത്തെ തിരക്ക് തുടങ്ങിയവയും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

നഗരത്തിലെ ഗതാഗതനിയന്ത്രണത്തിന്‌ സമഗ്രമായ പദ്ധതിയില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗതാഗത മേൽനോട്ടത്തിന്റെ ചുമതലയുള്ള സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിനുകാരണം. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനൊപ്പം കാൽനടയാത്രക്കാരുടെ എണ്ണവും കൂടുന്നു. നഗരത്തിലെ പലയിടങ്ങളിലും ഒട്ടേറെ തുറസ്സായ സ്ഥലങ്ങളുണ്ട്. എന്നാൽ, ഇത്തരം സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി അവിടെ ബഹുനില പാർക്കിങ് സമുച്ചയം നിർമിക്കാൻ അധികൃതർ താത്പര്യമെടുക്കുന്നില്ല.

റോഡുകളിൽ ലൈൻ പാലിച്ച് വാഹനമോടിക്കാൻ ജനങ്ങൾ തയ്യാറാവുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. പലപ്പോഴും മൂന്നുവരിപ്പാതകളിൽ നാലുവാഹനങ്ങൾ ഒരുമിച്ച് സഞ്ചരിക്കുന്നു. ഇക്കാര്യത്തിൽ ഉടനടി പരിഹാരമുണ്ടാകണം. വരികളുടെ വീതി തുല്യമായിരിക്കണം. ഇതിനായി വിദേശരാജ്യങ്ങളിലെ മാതൃകകൾ പരിഗണിക്കാം. ഭിന്നശേഷിയുള്ള വാഹനയാത്രക്കാർക്ക് സഹായകമായ സൂചനാബോർഡുകൾ, പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തണം.

ആംബുലൻസ്, പോലീസ് വാഹനം, അഗ്നിരക്ഷാസേനാ വാഹനം തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും ഇവ റോഡിൽ കുടുങ്ങിക്കിടക്കുകയും കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുന്നു. അതിനാൽ, അടിയന്തര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാത ഒരുക്കണം. ഇതിനായി ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ട ഏജൻസികളുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.

ഇരുചക്രവാഹനങ്ങളുടെ യാത്രയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നഗരത്തിൽ വളരെയധികമാണ് ഇരുചക്രവാഹനങ്ങളുടെ എണ്ണം. കാർ, ബസ്, ലോറി തുടങ്ങിയവ വാഹനങ്ങൾക്ക് സമാന്തരമായി അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് ഇവയുടെ സഞ്ചാരം. അതിനാൽ, ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേകപാത ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കണം. പല റോഡുകളിലും ഗതാഗത സിഗ്നലുകളില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കുണ്ടാക്കാൻ ഇക്കാര്യം വഴിയൊരുക്കുന്നു. അയൽസംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കാൻ മതിയായ അപ്രോച്ച് റോഡുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ, റിങ് റോഡുകൾ നിർമിച്ച് ഇക്കാര്യം പരിഹരിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Content Highlights: Traffic in Delhi faces crisis