ന്യൂഡൽഹി: ജയപ്രകാശ് നാരായണൻ എഴുപതുകളിൽ തുറന്നുവിട്ട സമരപരമ്പരകൾക്കും ആം ആ്ദമി പാർട്ടിയുടെ ജനമുന്നേറ്റങ്ങൾക്കും പലവട്ടം സാക്ഷ്യംവഹിച്ച രാംലീലാ മൈതാനം വീണ്ടും ചരിത്രരചനയ്ക്കൊരുങ്ങുന്നു. രാം ലീലയിൽ ഒഴുകിപ്പരക്കുന്ന ജനസാഗരത്തിന് മുന്നിൽ മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

ബുധനാഴ്ച അരവിന്ദ്് കെജ്‌രിവാളിന്റെ വസതിയിൽചേർന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷം മുതിർന്ന എ.എ.പി. നേതാവ് മനീഷ് സിസോദിയയാണ് സത്യപ്രതിജ്ഞയുടെ വിവരങ്ങൾ അറിയിച്ചത്. കഴിഞ്ഞതവണ കെജ്‌രിവാൾ ഉൾപ്പെടെ ഏഴുപേരായിരുന്നു മന്ത്രിസഭാംഗങ്ങൾ. മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽ റായി, രാജേന്ദ്രപാൽ ഗൗതം, ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗെലോട്ട് എന്നിവരായിരുന്നു മറ്റുമന്ത്രിമാർ. മൂന്നാം എ.എ.പി. മന്ത്രിസഭയിൽ ഇവരിൽ ആരൊക്കെ തുടരുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യതലസ്ഥാനം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെ നിലനിർത്തുമെന്ന് സൂചന ഉയരുന്നുണ്ടെങ്കിലും പുതുമുഖങ്ങളുടെ രംഗപ്രവേശം തള്ളിക്കളയാൻ സമയമായിട്ടില്ല.

എ.എ.പി. യുടെ പ്രമുഖ യുവനേതാക്കളായ രാഘവ് ഛദ്ദ, അതിഷി എന്നിവർ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. ഇതോടൊപ്പം ഷഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്‌ല മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അമാനുള്ള ഖാൻ, ആദ്യ കെജ്‌രിവാൾ സർക്കാരിലെ മന്ത്രിസഭാംഗമായ സോമനാഥ് ഭാരതി എന്നിവർക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.

പുതുമുഖ മന്ത്രിമാർ ഉണ്ടാകുമോ ?

രജീന്ദർ നഗറിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഛദ്ദയും കൽക്കാജിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷിയും മന്ത്രിസഭയിൽ ഇടംപിടിക്കുമോയെന്നാണ് ഡൽഹിയിലെ യുവസമൂഹം ഉറ്റുനോക്കുന്നത്. പാർട്ടിയുടെ ദേശീയ വക്താക്കളായ ഇരുവരും ആദ്യമായാണ് നിയമസഭയിലെത്തുന്നത്. എ.എ.പി. സർക്കാരിന്റെ ഉപദേശകർ കൂടിയായിരുന്നു ഇരുവരും. ചാർട്ടേഡ് അക്കൗന്റാന്റായ ഛദ്ദ കഴിഞ്ഞ എ.എ.പി. സർക്കാരിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായാണ് പ്രവർത്തിച്ചത്. വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്നു അതിഷി. ഒരു രൂപയായിരുന്നു ഇരുവരുടെയും ശമ്പളം. എന്നാൽ ഇവരുടെ നിയമനം നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ രണ്ടുപേരെയും തത്‌സ്ഥാനത്തുനിന്ന് മാറ്റി. ഇത്തവണ എ.എ.പി. അധികാരമേൽക്കുമ്പോൾ ഛദ്ദ ധനകാര്യമന്ത്രിയായും അതിഷി വിദ്യാഭ്യാസമന്ത്രിയായും ചുമതലയേൽക്കണമെന്നാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നത്. പാർട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അതിഷി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം കെജ്‌രിവാൾ സർക്കാരിൽനിന്ന് നാലുമന്ത്രിമാർ പുറത്തുപോയിരുന്നു. ജിതേന്ദർസിങ് തോമർ, അസിം അഹമ്മദ് ഖാൻ, സന്ദീപ് കുമാർ, കപിൽ മിശ്ര എന്നിവരാണ് ഒഴിവായത്. ഇവരിൽ തോമർ രാജിവെക്കുകയും മറ്റു മൂന്നുപേരെ നീക്കംചെയ്യുകയുമായിരുന്നു.

ഡൽഹിക്ക് നന്ദി

ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സത്യപ്രതിജ്ഞയുടെ വിവരങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സിസോദിയ പറഞ്ഞു. ‘പ്രവർത്തനത്തിന്റെ രാഷ്ട്രീയത്തിന് ജനം വലിയ ബഹുമാനം നൽകി. അതേസമയം, വെറുപ്പിന്റെ രാഷ്ട്രീയത്തെ ജനം തള്ളിക്കളഞ്ഞു’ - പൗരത്വനിയമഭേദഗതി, ഷഹീൻബാഗ് എന്നീ വിഷയങ്ങളിൽ നടത്തിയ പ്രചാരണത്തിൽ ബി.ജെ.പി. യെ പരിഹസിച്ചുകൊണ്ടായിരുന്നു സിസോദിയയുടെ ഈ പരാമർശം. ‘വികസനത്തിന്റെ മാതൃകയാണ് കെജ്‌രിവാളിന്റെ പ്രവർത്തനം. ജനക്ഷേമത്തിനുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവുമാണ് രാജ്യസ്നേഹമെന്ന് അത് തെളിയിച്ചു’- സിസോദിയ കൂട്ടിച്ചേർത്തു.

Content Highlights: The third Aam Aadmi Party government will be sworn in on Sunday