ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്കുനേരെ ഭീകരാക്രമണ സാധ്യതയുള്ളതിനെത്തുടർന്ന് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓൾഡ് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ചെങ്കോട്ടയുടെ മൂന്നു കിലോമീറ്റർ പരിധിയിൽ ഭീകരാക്രണം നടക്കാൻ ഇടയുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ ഡൽഹി പോലീസിനെ അറിയിച്ച വിവരം.

അഫ്ഗാൻ പാസ്പോർട്ടുമായി നാലോളം ഭീകരർ നുഴഞ്ഞുകയറുമെന്നാണ് ഏജൻസികൾ നൽകുന്ന സൂചന. ഡൽഹിയിലെ 17 സ്ഥലങ്ങൾ പ്രശ്നബാധിത മേഖലകളാണെന്നാണ് വിലയിരുത്തൽ. നഗരത്തിലെ അഭയാർഥി കോളനികളിൽ പ്രത്യേക നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഡൽഹിയിലേക്കുള്ള പാതകളിലെ ബസ് സ്റ്റാൻഡുകളിൽ കർശന നിരീക്ഷണം നടത്താൻ സമീപ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളിലും വ്യോമതാവളങ്ങളിലും സുരക്ഷ ശക്തിപ്പെടുത്താൻ ഡൽഹി പോലീസ് കമ്മിഷണറോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചു. കൂടാതെ വിമാനത്താവളങ്ങളിൽ സന്ദർശകർക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ നിരോധനം തുടരും. ഡൽഹി മെട്രോയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Terror attack threat in New Delhi on Independence day