ന്യൂഡൽഹി: തലസ്ഥാനത്തെ തണുപ്പ് വകവെക്കാതെ രാപകൽ പ്രക്ഷോഭവുമായി ഡൽഹി സർവകലാശാലയിലെ അധ്യാപകർ. വിവിധ കോളേജുകളിലെ അഡ്‌ഹോക് അധ്യാപകർ നടത്തിവരുന്ന അനിശ്ചിതകാലസമരം ഞായറാഴ്ച അഞ്ചാംദിവസത്തിലേക്കുകടന്നു. സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോർത്ത് കാമ്പസിലെ വൈസ് ചാൻസലറുടെ ഓഫീസിനു മുന്നിലുള്ള രാപകൽ സമരം. ഡൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്റെ പിന്തുണയോടെയാണ് ഈ പ്രക്ഷോഭം.
ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിലായി 4500 അഡ്‌ഹോക് അധ്യാപകരാണുള്ളത്. ഇതിൽ രണ്ടുമുതൽ 15 വർഷംവരെ സേവനമനുഷ്ഠിക്കുന്നവരുണ്ട്. ഓരോ നാലുമാസംകൂടുമ്പോഴും കരാർ പുതുക്കി നൽകുകയാണ് പതിവ്. എന്നാൽ, അഡ്‌ഹോക് അധ്യാപകർക്ക് ഇനി നിയമനമില്ലെന്ന് ഒക്ടോബറിൽ സർവകലാശാല ഉത്തരവിറക്കി. വേണമെങ്കിൽ ഗസ്റ്റ് അധ്യാപകരായി നിയമനം നൽകാമെന്നും അഡ്‌ഹോക് അധ്യാപകരോട് പറഞ്ഞു. എന്നാൽ, ഏറെ വർഷത്തെ പ്രവർത്തനപരിചയമുള്ള തങ്ങൾക്ക് സ്ഥിരനിയമനം നൽകണമെന്നാണ് അഡ്‌ഹോക് അധ്യാപകരുടെ ആവശ്യം. ഇത് നിരസിക്കപ്പെട്ടതോടെ, ബുധനാഴ്ച അനിശ്ചിതകാല പ്രക്ഷോഭവും ആരംഭിച്ചു.
കഴിഞ്ഞദിവസം കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം അധികൃതർ അധ്യാപകരുമായി ചർച്ച നടത്തിയിരുന്നു. സ്ഥിരനിയമനത്തിനുള്ള അഭിമുഖപരീക്ഷകളിൽ അഡ്‌ഹോക് അധ്യാപകർക്ക് പ്രത്യേകം മാർക്കുനൽകാമെന്ന് മന്ത്രാലയം ഒത്തുതീർപ്പു വ്യവസ്ഥ മുന്നോട്ടുവെച്ചു. എന്നാൽ, ഇത് പ്രായോഗികമല്ലെന്നും മാർക്കുലഭിക്കുമെന്ന് ഉറപ്പില്ലെന്നും അധ്യാപകർ നിലപാടെടുത്തതോടെ ചർച്ച വിഫലമായി. സ്ഥിരനിയമനംതന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപകർ. കരാർ അടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപകനിയമനത്തിൽ ഫലമില്ലെന്ന് സമരത്തിലുള്ള അഡ്‌ഹോക് അധ്യാപകനായ ഡോ. അനീഷ് ടി.വി. പറഞ്ഞു. മറ്റു ആനുകൂല്യങ്ങളൊന്നും സർക്കാർ ഉറപ്പുവരുത്തുന്നില്ല. വിദ്യാഭ്യാസരംഗത്തെ പൊതുചെലവഴിക്കലിൽനിന്ന് സർക്കാർ പിന്മാറുന്ന നയത്തിന്റെകൂടി ഭാഗമായാണ് ഇപ്പോഴത്തെ അവഗണനയെന്നും അനീഷ് വിമർശിച്ചു.
content highlights: teachers protest in delhi university