ന്യൂഡൽഹി: ശീതകാലത്ത് ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും പഞ്ചാബ്, ഹരിയാണ സർക്കാരുകൾക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കത്തയച്ചു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ഡൽഹിയിലുണ്ടാവുന്ന വായുമലിനീകരണത്തിന്റെ പ്രധാനകാരണം പഞ്ചാബിലും ഹരിയാണയിലും വൈക്കോൽ കത്തിക്കുന്നതാണെന്ന് കെജ്‌രിവാൾ കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ഡേക്കർ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. വായുമലിനീകരണം പ്രതിരോധിക്കാൻ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണമടക്കമുള്ള കർമപദ്ധതികൾ തന്റെ സർക്കാർ പ്രഖ്യാപിച്ചെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

അന്തരീക്ഷമലിനീകരണം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. വൈക്കോൽ കത്തിക്കുന്നതു കാരണമുണ്ടാവുന്ന വായുമലിനീകരണം തടയുന്നതിൽ ഡൽഹിക്കാർക്ക് ചെയ്യാൻ സാധിക്കുന്നതിനു പരിധിയുണ്ട്. ജനങ്ങളുടെ ആരോഗ്യം ഏതൊരു സർക്കാരിന്റെയും പ്രധാന ഉത്തരവാദിത്വമാണ്. ശീതകാലത്തുണ്ടാവുന്ന ശക്തമായ വായുമലിനീകരണം ഉത്തരേന്ത്യയെ മുഴുവൻ ബാധിക്കുന്നു. കുട്ടികൾ, മുതിർന്നവർ എന്നിവരുടെ ആരോഗ്യത്തിന് ഇക്കാര്യം ഏറെ ഭീഷണിയുയർത്തുന്നു. അതിനാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉചിതമായ നടപടികൾ സ്വീകരിക്കണം- കത്തിൽ പറയുന്നു.

ദീപാവലി ആഘോഷവേളയിൽ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് അന്തരീക്ഷ മലിനീകരണത്തോത് കുറഞ്ഞുവരുന്ന നഗരം ഡൽഹി മാത്രമാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 25 ശതമാനം കുറഞ്ഞു. ലോകത്ത് ഏറ്റവുമധികം മലിനീകരണമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഈ പട്ടികയിൽ ഡൽഹിയുടെ സ്ഥാനം 11-ാമതാണ്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവ മലിനീകരണത്തിൽ ഏറ്റവും മുന്നിലുള്ള മൂന്നു നഗരങ്ങളാണെന്നും കെജ്‌രിവാൾ പറഞ്ഞു.

Content Highlights: Straw burning should be avoided- Kejriwal wrote to center and states