ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍.) പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സി.ബി.ഐ. അന്വേഷണത്തിനു ഉത്തരവിട്ടു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഏഴു ദിവസമായി ഉദ്യോഗാര്‍ഥികള്‍ സമരത്തിലായിരുന്നു. എത്രയുംവേഗം സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 17 മുതല്‍ 22 വരെയാണ് സി.ജി.എല്‍. ടയര്‍-2 പരീഷ നടന്നത്. ഇതില്‍ 21-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. സി.ജി.ഒ. കോംപ്ലക്‌സിലേക്ക് ഉദ്യോഗാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എസ്.എസ്.സി. ചെയര്‍മാന്‍ ആഷിം ഖുരാനയുമായി കൂടിക്കാഴ്ച നടത്തി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് അണ്ണാ ഹസാരെയും രംഗത്തെത്തി. സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതായി ഉദ്യോഗാര്‍ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഖുരാന അറിയിച്ചു.

സമരംനടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി മനോജ് തിവാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘം രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു. സി.ബി.ഐ. അന്വേഷണം ബി.ജെ.പി.യും ആവശ്യപ്പെട്ടു. ഇതിനു പുറമേ മീനാക്ഷി ലേഖി എം.പി. ഉദ്യോഗാര്‍ഥികളെ നേരില്‍ക്കണ്ട് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും എ.ഐ.ഡി.എസ്.ഒ. പോലുള്ള ഇടതു വിദ്യാര്‍ഥി സംഘടനകളും സമരത്തെ പിന്തുണച്ച് രംഗത്തെത്തി.

ഡല്‍ഹിയിലെ രണ്ട് കോച്ചിങ് സെന്ററുകളാണ് പ്രതിഷേധക്കാര്‍ക്കു പിന്നിലെന്ന് ഖുരാന ആരോപിച്ചു. സ്ഥാപിത താത്പര്യത്തിനുവേണ്ടി കോച്ചിങ് സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരീക്ഷാ ക്രമക്കേടില്‍ കമ്മിഷന്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ വിമര്‍ശനം. സംഭവം ഉണ്ടായ ഉടന്‍ തങ്ങള്‍ കമ്മിഷന്‍ ചെയര്‍മാനെ കണ്ടു പരാതി നല്‍കിയിരുന്നുവെങ്കിലും പരിഹാര നടപടി ഉണ്ടാകാത്തതിനാല്‍ സമരത്തിനു നിര്‍ബന്ധിതമായെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം.

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ക്ലറിക്കല്‍ പോസ്റ്റുകളിലേക്കാണ് എസ്.എസ്.സി. സി.ജി.എല്‍. പരീക്ഷ നടത്തുന്നത്. സബോര്‍ഡിനേറ്റ് സര്‍വീസിലേക്കുള്ള പരീക്ഷ കമ്മിഷന്‍ ഞായറാഴ്ച നടത്തിയിരുന്നു.