ന്യൂഡൽഹി: രോഗബാധിതയായിരുന്ന ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരിക്കേ 2012-ൽ തന്നെ സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആ വർഷം ഡിസംബറിലുണ്ടായ രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗത്തെത്തുടർന്ന് അവർ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവർഷം പുറത്തിറക്കിയ ‘സിറ്റിസൺ ഡൽഹി- മൈ ടൈം മൈ ലൈഫ്’ എന്ന ആത്മകഥയിലാണ് ഈ വെളിപ്പെടുത്തൽ.

കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഹൃദയത്തിന്റെ വലതുഭാഗത്ത് 90 ശതമാനവും ബ്ലോക്ക് അനുഭവപ്പെട്ടപ്പോൾ ഡോക്ടർമാരും അതുനിർദേശിച്ചു. രാജിവെക്കാൻ ഏറെക്കുറെ തീരുമാനിച്ചു. അപ്പോൾ നിർഭയ കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി പ്രതിഷേധത്തിൽ മുങ്ങി. ആ സമയം യുദ്ധക്കളത്തിൽനിന്ന്‌ ഒളിച്ചോടുന്നതുശരിയല്ലെന്ന്‌ നിശ്ചയിച്ചു. അതിനാൽ മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടർന്നു. രാജിവെച്ചൊഴിഞ്ഞാൽ അതൊരു ഒളിച്ചോടലാവും. പ്രതിപക്ഷം കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തും. ഈ പ്രതിസന്ധിഘട്ടത്തിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.- ഷീലാ ദീക്ഷിത് പുസ്തകത്തിൽ ഇങ്ങനെയെഴുതി.

നിർഭയ പ്രക്ഷോഭം നടക്കുമ്പോൾ ജന്ദർമന്തറിൽ ചെന്നു. ചിലർ പ്രതിഷേധിച്ചു. എങ്കിലും ആരും തടഞ്ഞില്ല. നിർഭയയ്ക്കുവേണ്ടി ഞാനും മെഴുകുതിരി തെളിച്ചു. എ.എ.പി. എന്ന പാർട്ടിയെ താനടക്കമുള്ള പാർട്ടിക്കാർ വില കുറച്ചുകണ്ടതാണ് 2013-ലെ തിരഞ്ഞെടുപ്പ്‌ തകർച്ചയ്ക്ക്‌ കാരണമെന്നും ഷീലാ ദീക്ഷിത് ആത്മകഥയിൽ തുറന്നെഴുതി. ആദ്യവോട്ടർമാരും അന്നത്തെ എ.എ.പി. വിജയത്തിനുകാരണമായി അവർ ചൂണ്ടിക്കാട്ടി. പതിനഞ്ചുവർഷത്തെ ഡൽഹി അവർ മനസ്സിലാക്കിയില്ല. അതൊക്കെ തങ്ങളുടെ സ്വാഭാവിക അവകാശമായി കണ്ടു. വികസനനേട്ടങ്ങളെക്കുറിച്ച് അവർ ആവേശഭരിതരുമായിരുന്നില്ല.- ഷീല കുറിച്ചു.