ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ഗാർഗി കോളേജിൽ വിദ്യാർഥിനികളോട് ലൈംഗികമായി അപമര്യാദ കാണിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോളേജ് അധികൃതരിൽനിന്ന് പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ തിങ്കളാഴ്ച നൂറിലധികം വിദ്യാർഥികൾ കോളേജിന് പുറത്ത് പ്രതിഷേധം നടത്തി. വിഷയം തങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോളേജ് അധികൃതർ നടപടിയെടുത്തില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
പരിപാടിക്കിടെ കോളേജിൽ അനിയന്ത്രിതമായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഒന്നും ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി. അതുൽകുമാർ ഠാക്കൂർ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും വിദ്യാർഥികളുടെ മൊഴിയെടുത്തും തെളിവ് ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡീഷണൽ ഡി.സി.പി. ഗീതാഞ്ജലിക്കാണ് അന്വേഷണച്ചുമതല. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ പോലീസിന് നോട്ടീസയച്ചു. വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ പറഞ്ഞു.
സംഭവം നടന്നപ്പോൾ പോലീസ് ഉടൻ നടപടിയെടുത്തില്ല. വനിതാ കമ്മിഷൻ സ്വന്തംനിലയിൽ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി. പ്രതിഷേധം നടക്കുന്ന വിവരമറിഞ്ഞ് മലിവാൽ കോളേജിലെത്തി വിദ്യാർഥികളെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച കോളേജിൽ വാർഷികാഘോഷം നടക്കുമ്പോഴാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽനിന്ന് അതിക്രമിച്ചു കയറിവന്നവർ പെൺകുട്ടികളുടെ ദേഹത്ത് കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.
അപലപിച്ച് രാഷ്ട്രീയപ്പാർട്ടികൾ
ഗാർഗി കോളേജിൽ വിദ്യാർഥിനികൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ച് രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തി. കോളേജ് വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സംഭവം അരോചകമുളവാക്കുന്നതാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. രാജ്യതലസ്ഥാനത്ത് ഇത്തരമൊരു സംഭവമുണ്ടായത് ലജ്ജാകരമാണെന്ന് മുതിർന്ന എ.എ.പി. നേതാവ് സഞ്ജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാമ്പസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കോളേജ് അധികൃതർ പോലീസിന് ഉടൻ കൈമാറണമെന്ന് ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരി ആവശ്യപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ഡൽഹി അധ്യക്ഷൻ സുഭാഷ് ചോപ്ര കുറ്റപ്പെടുത്തി.
നേതാക്കൾ ട്വിറ്ററിൽ
‘‘ഗാർഗി കോളേജിലെ ഞങ്ങളുടെ പെൺമക്കളോട് അപമര്യാദയായി പെരുമാറിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത് ഒരിക്കലും പൊറുക്കാൻ കഴിയില്ല. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണം. നമ്മുടെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഇത് ഉറപ്പുവരുത്തും’’ -അരവിന്ദ് കെജ്‌രിവാൾ
‘‘ഡൽഹിയുടെ സാംസ്കാരിക വൈവിധ്യവും കഴിവും പ്രകടമാക്കാനുള്ള വേദിയായിരുന്നു ഗാർഗി കോളേജിലെ ആഘോഷം. എന്നാൽ, വിദ്യാർഥികളെ ഉപദ്രവിക്കാനുള്ള വേദിയായി സമൂഹവിരുദ്ധർ അതിനെ ഉപയോഗിച്ചു’’-മനീഷ് സിസോദിയ
‘‘ഗാർഗി കോളേജിൽ നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കുറ്റവാളികളെ എത്രയുംവേഗം ശിക്ഷിക്കണം. കോളേജ് അധികൃതർ കാമ്പസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനും മാധ്യമങ്ങൾക്കും കൈമാറണം’’ - മനോജ് തിവാരി
‘‘ഗാർഗി കോളേജ് സംഭവം എനിക്ക് ഏറെ മനോവേദനയുണ്ടാക്കി. രാജ്യതലസ്ഥാനത്തെ സ്വന്തം കോളേജിൽപ്പോലും വിദ്യാർഥിനികൾ സുരക്ഷിതരല്ലാത്തത് ദുഃഖകരമാണ്. സ്ത്രീകൾക്കെതിരായ അതിക്രമം ഡൽഹി പോലീസ് നിശ്ശബ്ദമായി നോക്കിനിന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. സ്ത്രീസുരക്ഷയുടെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാരിനും കെജ്‌രിവാൾ സർക്കാരിനും ഒളിച്ചോടാൻ സാധിക്കില്ല’’ - സുഭാഷ് ചോപ്ര
Content Highlights: Sexual Assault on College Girls, Investigation Begins