ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കൊടുംതണുപ്പിനു കാരണം ആർട്ടിക് മേഖലയിലെ ശീതപ്രവാഹമെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ഡിസംബർമുതൽ തെക്കൻ ദിശയിൽ നീങ്ങുന്ന ശീതപ്രവാഹം ഇന്ത്യയിലെ തണുപ്പ് ഇനിയും കൂട്ടും. മെഡിറ്ററേനിയൻ മേഖലയിൽ രൂപപ്പെടുന്ന മർദം ഹിമാലയത്തിൽ ശീതക്കാറ്റിനും തണുപ്പിനും കാരണമാകുന്നു. ഇതാണ് ഡൽഹിയിലുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പുകൂടാൻ കാരണം.

പടിഞ്ഞാറൻ ഹിമാലയത്തിലും ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്ററോളജി വകുപ്പ് തലവൻ ഡി. ശിവാനന്ദ പൈ അറിയിച്ചു. സാധാരണഗതിയിൽ ഡൽഹിയിൽ തണുപ്പ് കുറഞ്ഞുതുടങ്ങേണ്ട സമയമാണിത്. രാവിലെയും രാത്രിയും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.

ബുധനാഴ്ച കുറഞ്ഞ താപനില 5.2 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വ്യാഴാഴ്ച ഇത് യഥാക്രമം ഏഴും 19-ഉം ആയേക്കുമെന്നാണ് പ്രവചനം. അടുത്തദിവസങ്ങളിൽ ചെറിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴം വീഴാനിടയുണ്ട്.