ന്യൂഡൽഹി: ബി.ജെ.പി. അധികാരത്തിൽ വന്നതോടെ കൂട്ടക്കൊലകൾ ആരംഭിച്ചുവെന്നും ഇതിനെതിരേയുള്ള ജനകീയ പ്രക്ഷോഭങ്ങളിൽ മുന്നിലുണ്ടാവുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാർഖണ്ടിൽ നടന്നത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അതിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതുപോലും കാണുമ്പോൾ ഹൃദയമുള്ള ആരും ഞെട്ടിപ്പോകും. കള്ളനെന്ന കുറ്റംചുമത്തി നിരപരാധിയായ തബ്റേസ് അൻസാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ശരീരത്തിൽനിന്നു രക്തംവരുമ്പോഴും ജയ് ശ്രീറാം, ജയ് ഹനുമാൻ വിളിക്കാൻ ആവശ്യപ്പെട്ടു. ജീവൻ രക്ഷപ്പെടുമെന്ന അവസാനത്തെ മോഹംകൊണ്ട് ആ ചെറുപ്പക്കാരൻ അനുസരിച്ചു. മർദനമേറ്റു ജീവച്ഛവമായിട്ടും തബ്രേസിനെ പോലീസ് കൊണ്ടുപോയത് ആസ്പത്രിയിലേക്കല്ല, സ്റ്റേഷനിലേക്കായിരുന്നു.

ആൾകൂട്ട കൊലക്കെതിരേ നിയമനിർമാണം നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതിന് സർക്കാർ മനസ്സുകാണിച്ചിട്ടില്ല. ഈ സർക്കാർ അവതരിപ്പിച്ച ആദ്യത്തെ നിയമം മുത്തലാഖിന്റേതാണ്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സഭയിലാകെ മന്ത്രോച്ചാരണങ്ങളായിരുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. പ്രതിഷേധസംഗമത്തിൽ ഡാനിഷ് അലി എം.പി. ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Content Highlights: mob lynching, BJP