ന്യൂഡൽഹി: ഹൈദരാബാദിൽ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്പി.
ജന്തർമന്ദറിൽ തിങ്കളാഴ്ചനടന്ന പ്രതിഷേധത്തിൽ ‘നീതി ഉറപ്പാക്കുക’, ‘പ്രതികളെ തൂക്കിക്കൊല്ലുക’ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നൂറോളം യുവതീയുവാക്കൾ അണിനിരന്നു. കൈയിൽ കറുത്ത ബാൻഡുകൾ ധരിച്ചാണ് പ്രതിഷേധക്കാരെത്തിയത്. ഒരു രാഷ്ട്രീയക്കാരിയായല്ല പ്രതിഷേധം സംഘടിപ്പിച്ചതെന്നും മറിച്ച് സമൂഹത്തോട് കരുതലുള്ള മനുഷ്യജീവിയെന്നനിലയിലാണെന്നും സംഘാടകയായ അമൃത ധവാൻ പറഞ്ഞു.
സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ നമുക്ക് എന്തിനാണ് വീണ്ടും മറ്റൊരു നിർഭയ? കേസിൽ എത്രയും വേഗം നീതി നടപ്പാകണം. ഇരയുടെ കുടുംബത്തിന് അല്പമൊരു ആശ്വാസംപകരാൻ അത് സഹായിക്കും. നിർഭയയെ ബലാത്സംഗംചെയ്ത് കൊന്നവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. അവരെ തൂക്കിലേറ്റിയിട്ടില്ല. കൃത്യസമയത്ത് ഭക്ഷണം, ഉറക്കം തുടങ്ങിയവയെല്ലാമായി ജയിലിൽ കഴിയുന്നവർ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്. എന്നാൽ, തകർന്ന ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരാണ് ഇരകളുടെ കുടുംബങ്ങളെന്നും അവർ വ്യക്തമാക്കി. നഗരത്തിലെ ഒട്ടേറെ കോളേജുകളിലെ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഹൈദരാബാദ് സംഭവം തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചെന്നും അതിനാൽ, പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുകയായിരുന്നെന്നും ഹൻസ്രാജ് കോളേജ് വിദ്യാർഥിനിയായ അതിഥി പുരോഹിത് പറഞ്ഞു.
വനിതാ കമ്മിഷൻ അധ്യക്ഷയുടെ അനിശ്ചിതകാല നിരാഹാരം ഇന്നുമുതൽ
അടുത്തിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ പ്രതിഷേധിച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ അനിശ്ചിതകാല നിരാഹാരസമരം നടത്തും. ജന്തർമന്ദറിൽ ചൊവ്വാഴ്ചയാണ് നിരാഹാരം ആരംഭിക്കുക.
content highlights: protest in delhi over veterinary doctor's rape and murder