ന്യൂഡല്‍ഹി: പാണ്ഡവര്‍ വസിച്ച ഇന്ദ്രപ്രസ്ഥനഗരിയില്‍നിന്ന് സര്‍വനാശംവിതച്ച കുരുക്ഷേത്രഭൂമിയിലേക്ക് ഏറെയില്ലദൂരം. അതുകൊണ്ടു തന്നെ, കൃഷ്ണനെ വാക്കുകളില്‍ വിചാരണചെയ്ത കവി ഇന്ദ്രപ്രസ്ഥത്തില്‍ സംസാരിക്കുമ്പോള്‍ കേള്‍വിയുടെ കൗതുകത്തിലായിരുന്നു സദസ്യര്‍. യുദ്ധോത്സുകമായ വര്‍ത്തമാനകാലത്ത് മനുഷ്യത്വത്തെക്കുറിച്ചും നന്മ പൂക്കേണ്ട ഭാവിയെക്കുറിച്ചും വിവരിച്ച കവിയെക്കേട്ട് അവര്‍ കവിപക്ഷത്തു തന്നെ ചേര്‍ന്നു. അങ്ങനെ, കവിതയുടെ ശ്യാമമാധവത്തില്‍ കരുണയിലേയ്ക്കു വഴി തെളിച്ച കൂട്ടായ്മയില്‍ ഡല്‍ഹിയിലെ മലയാളി സംഘടനകള്‍ കാവ്യശില്പയ്ക്ക് ആദരമര്‍പ്പിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ശ്യാമമാധവം കൃതിയുടെ രചയിതാവ് പ്രഭാവര്‍മയ്ക്ക് ഡല്‍ഹി നല്‍കിയ സ്വീകരണം ഒരു കൂട്ടുകാരനോടുള്ള ഹൃദയസമ്മാനമായിരുന്നു. കേരള ക്ലബ്ബ്, ജനസംസ്‌കൃതി, ഡി.എം.എ. തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നൊരുക്കിയ അനുമോദനത്തില്‍ കവി അത് തുറന്നു പ്രകടിപ്പിച്ചു. തന്റെ കാവ്യജീവിതത്തിന്റെ കളിത്തൊട്ടിലാണ് ഡല്‍ഹി. കവിതയെ ഗൗരവമായി സമീപിച്ചു തുടങ്ങുന്ന കാലത്ത് താന്‍ ഡല്‍ഹിയിലെത്തി.
 
അന്ന് കേള്‍വിക്കാര്‍ ഡല്‍ഹിയിലെ സുഹൃത്തുക്കളായിരുന്നു. കവിതയ്ക്ക് ഊര്‍ജമേകിയ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ തന്ന നഗരമാണ് ഡല്‍ഹി. സ്‌നേഹത്തിന്റെ കരുതലാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനം. അതു കാത്തുസൂക്ഷിക്കുന്നവരാണ് ഡല്‍ഹിയിലെ മലയാളി സമൂഹം. അതാണ് ഈ ആദരവിലെ സ്‌നഹം.-തനിക്കു മുന്നിലുള്ള സദസ്സിനോട് ഹൃദയത്തിന്റെ ഭാഷയിലായിരുന്നു കവിയുടെ മറുപടി. സാമൂഹികമായ ഇടങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് സംസാരം, പിന്നീട് കവിയുടെ കാഴ്ചപ്പാടുകളിലേയ്ക്ക് നീങ്ങി.
 
ഇന്ന് ഇടപാടുകാര്‍ മാത്രമേയുള്ളൂ. നമ്മുടെ മനുഷ്യത്വം എവിടെയൊക്കെയോ ചോര്‍ന്നു പോവുന്നു. ചൊവ്വയിലേയ്ക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഓരോ നിമിഷത്തിലും പുതിയ അറിവുകളുണ്ടാവുന്നു. ഈ യുഗത്തില്‍ മുന്നോട്ടു പോവുമ്പോഴും മനുഷ്യത്വം നഷ്ടമാവുന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാവുക എന്ന ചിന്തയ്ക്ക് അടിവരയിടണം.
 
കൃഷ്ണകഥകള്‍ പല ഭാഷകളിലായി ധാരാളമായി എഴുതപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയില്‍ നിന്നും പിറവിയെടുത്തതാണ് ശ്യാമമാധവം. കൃഷ്ണനെ ശപിച്ച ഗാന്ധാരിയുടെ ശകാരവും അതിനോടു കൃഷ്ണന്റെ മറുപടിയും ഒരു കുറ്റബോധത്തിന്റെ മിന്നല്‍വെട്ടം തനിക്കു കാണിച്ചു തന്നു. ആ വിചാരത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് ശ്യാമമാധവമെന്നും പ്രഭാവര്‍മ്മ വിവരിച്ചു.

ശ്രീകൃഷ്ണനെ മനുഷ്യനായി വിചാരണ ചെയ്യുന്ന കവിതയാണ് ശ്യാമമാധവമെന്ന് പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള പറഞ്ഞു. കൃഷ്ണന്റെ കുറ്റബോധം കാവ്യരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. കവിതയുടെ മനോഹാരിതയും ആശയത്തിന്റെ ഗാംഭീര്യവും ചേരുന്നതാണ് ഈ കവിതയെന്നും ഓംചേരി പറഞ്ഞു. കവിതയിലെ ഉറച്ച നിലപാടു കൊണ്ട് ആസ്വാദകര്‍ക്ക് ഇഷ്ടപ്പെടുന്ന വഴിയിലൂടെ തെളിയിച്ചു കൊണ്ടു പോയതാണ് പ്രഭാവര്‍മയുടെ സംഭാവനയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ പറഞ്ഞു.
 
ഡി.ഡി.എ. കമ്മിഷണര്‍ സുബു റഹ്മാന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍.അശോകന്‍, ജനസംസ്‌കൃതി ജനറല്‍ സെക്രട്ടറി എന്‍.വി. ശ്രീനിവാസ്, ബാബു പണിക്കര്‍, കെ. മാധവന്‍ നായര്‍, സി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചന്ദന പ്രസാദ് എന്ന വിദ്യാര്‍ഥിനി പ്രഭാവര്‍മയുടെ കവിതചൊല്ലി. പ്രഭാവര്‍മയ്ക്കുള്ള ഡല്‍ഹി മലയാളികളുടെ ഉപഹാരം ഓംചേരി സമ്മാനിച്ചു.