ഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. എക്സിറ്റ് പോളിൽനിന്ന് വ്യത്യസ്തമാകും ഫലമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞടുപ്പിൽ തകർപ്പൻ വിജയത്തോടെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ചാക്കോയുടെ പ്രതികരണം.
‘ഊഹിക്കുന്നതിൽ അർഥമില്ല. ഫലം വന്നുകഴിഞ്ഞാൽ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കാനോ ചർച്ച ചെയ്യാനോ കഴിയൂ. കോൺഗ്രസ് പൂജ്യമായി കുറയുമെന്ന് എക്സിറ്റ് പോൾ പ്രവചിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെയും ജാർഖണ്ഡിലെയും എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായിരുന്നില്ല. സർവേ പ്രവചിക്കുന്നതിനേക്കാൾ കോൺഗ്രസ് മെച്ചപ്പെടാൻ സാധ്യതയുണ്ട്. വോട്ടെടുപ്പ് പ്രവചനം തികഞ്ഞതാണെങ്കിൽ തിരഞ്ഞെടുപ്പ് ആവശ്യമില്ല. ഈ സർവേകൾ പറയുന്നതിനേക്കാൾ കോൺഗ്രസ് മെച്ചപ്പെടാനാണ് സാധ്യത. ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഞങ്ങളുടെ സ്ഥാനം മികച്ചതായിരിക്കാം’-ചാക്കോ പറഞ്ഞു.
‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏഴ് പാർലമെന്റ് സീറ്റുകൾ നേടി. 50 ശതമാനത്തിലധികം വോട്ടുകൾ നേടി. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ റോഡ് ഷോകൾ നടത്തി. 200 എം.പി. മാരെ ചേരികളിൽ പ്രവർത്തിക്കാൻ നിയോഗിച്ചു. വെള്ളംപോലെ പണം ചെലവഴിച്ചു. എന്നിട്ടും ബി.ജെ.പി. പറയുന്നത് 70-ൽ 40 സീറ്റുകൾ ലഭിക്കുമെന്നാണ്. ഇതിനർഥം ബി.ജെ.പി. താഴേക്ക് പോവുകയാണെന്നും അവർ അത് സമ്മതിക്കുകയാണെന്നും ആണ്’- തങ്ങൾ 48 സീറ്റുകൾ നേടുമെന്ന ബി.ജെ.പി. അധ്യക്ഷൻ മനോജ് തിവാരിയുടെ പ്രസ്താവനയോട് ചാക്കോ പ്രതികരിച്ചു.
മനോജ് തിവാരിയുടെ അവകാശവാദം ബി.ജെ.പി.യുടെ ബലഹീനത അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights; Possibility of Congress-AAP alliance depends on delhi election results: PC Chacko