ന്യൂഡൽഹി : രണ്ടുകുപ്രസിദ്ധ കുറ്റവാളികൾ ഡൽഹി പോലീസിന്റെ വലയിൽ. കാലാ ജത്തേഡി എന്നു വിളിക്കപ്പെടുന്ന ഗുണ്ടാത്തലവൻ സന്ദീപ്, രാജസ്ഥാൻ ഡോൺ എന്നു കുപ്രസിദ്ധയായ അനുരാധ ചൗധരി എന്നിവരെയാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ സഹറൻപുരിൽ നിന്നാണ് കാലാ ജത്തേഡിയെ അറസ്റ്റുചെയ്തത്. ഇതിനു തൊട്ടു പിറകെ അനുരാധയും അറസ്റ്റിലായി.

കൊലപാതകമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ കാല ജത്തേഡിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് ഏഴു ലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടയാളാണ് ജത്തേഡി.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളിൽ പോലീസ് തേടിക്കൊണ്ടിരുന്നവരാണ് അനുരാധ. ഇവർ ഗുണ്ടാത്തലവൻ അനന്ത്പാൽ സിങ്ങിന്റെ സംഘാംഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ചുരു ജില്ലയിൽ 2017-ൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സിങ് കൊല്ലപ്പെട്ടു.

ഒളിമ്പിക് ജേതാവ് സുശീൽകുമാർ അറസ്റ്റിലായ സംഭവത്തിൽ ജത്തേഡിക്കുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നു. ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ സുശീൽകുമാറും സംഘവും തമ്മിലുള്ള സംഘർഷത്തിൽ ജത്തേഡിയുടെ ബന്ധു സോനുവിനു പരിക്കേറ്റിരുന്നു. അതിനുശേഷം ജത്തേഡി സുശീൽകുമാറിനെ പിന്തുടർന്നിരുന്നുവെന്നാണ് പോലീസിനുള്ള വിവരം.

അന്താരാഷ്ട്ര ഗുണ്ടാസംഘത്തിലേക്ക് ചുരുളഴിച്ച് ഓപ്പറേഷന്‍ ഡി-24

ന്യൂഡല്‍ഹി : കുപ്രസിദ്ധ കുറ്റവാളികളായ കാലാ ജത്തേഡിയും അനുരാധയും പിടിയിലായതോടെ അന്താരാഷ്ട്ര ഗൂഢസംഘത്തിന്റെ ചുരുളഴിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹി പോലീസ്. മൂന്നുരാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കുറ്റവാളിസംഘമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുക, ഭൂമിതട്ടിപ്പ്, കവര്‍ച്ച തുടങ്ങിയ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഈ അന്താരാഷ്ട്രസംഘം.

ഹരിയാണ സോനെപ്പത്ത് സ്വദേശിയാണ് കാലാ ജത്തേഡി. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ഇയാള്‍ ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 25 കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. ജി.ടി.ബി. ആശുപത്രിയില്‍വെച്ച് ഗുണ്ടാത്തലവന്‍ കുല്‍ദീപ് ഫജ്ജയെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള തന്ത്രം മെനഞ്ഞത് ജത്തേഡിയുടെ സംഘമാണെന്ന് പോലീസ് കരുതുന്നു. ഫജ്ജ പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ തായ്ലന്‍ഡിലുള്ള കാലാ റാണ എന്നറിയപ്പെടുന്ന വീരേന്ദ്ര പ്രതാപ്, കാനഡയില്‍ ഗുണ്ടാസംഘം നടത്തുന്ന ഗോള്‍ഡി ബ്രാര്‍ എന്നിവരുടെയൊക്കെ കൂട്ടാളിയാണ് ജത്തേഡി. ലോറന്‍സ് ബിഷ്‌ണോയി എന്ന ഗുണ്ടാത്തലവനെയും ഇയാള്‍ സഹായിക്കാറുണ്ട്. ലോറന്‍സ് ഇപ്പോള്‍ ജയിലിലായതിനാല്‍ അയാളുടെ സംഘത്തിനു നേതൃത്വം കൊടുക്കുന്നത് ജത്തേഡിയാണെന്നാണ് പോലീസിന്റെ പക്കലുള്ള വിവരം. ചലച്ചിത്രതാരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതു ലോറന്‍സ് ബിഷ്‌ണോയി ആയിരുന്നു.

ഗുണ്ടാത്തലവന്മാര്‍ കോഡുകളിലൂടെയാണ് പരസ്പരം ആശയവിനിമയം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആല്‍ഫ എന്നാണ് ജത്തേഡിയുടെ കോഡ്. കാലാ റാണയ്ക്ക് ടൈഗര്‍ എന്നും ഗോള്‍ഡി ബ്രാറിന് ഡോക്ടറെന്നുമാണ് കോഡുകള്‍. താന്‍ വിദേശത്താണെന്ന മട്ടില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ജത്തേഡി ശ്രമിച്ചെങ്കിലും ഒടുവില്‍ വലയില്‍ വീണു. പതിനഞ്ചുകേസുകളില്‍ പോലീസ് തേടിക്കൊണ്ടിരുന്ന കുറ്റവാളിയാണ് ഇയാള്‍.

അനുരാധ ചൗധരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ 12 കുറ്റകൃത്യങ്ങളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. തട്ടിക്കൊണ്ടുപോവല്‍, വെടിവെപ്പ് തുടങ്ങിയവയാണവ. ജത്തേഡി ബന്ധം പുലര്‍ത്തുന്ന ഗുണ്ടാസംഘവുമായി അടുപ്പമുള്ളയാളാണ് അനുരാധ. ഇവരെല്ലാം ചേര്‍ന്ന് അന്തസ്സംസ്ഥാന ആയുധക്കടത്തും നടത്തുന്നുണ്ടായിരുന്നു. ഇന്‍സ്‌പെക്ടര്‍ വിക്രം ദഹിയയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സെല്‍ സംഘം കഴിഞ്ഞ നാലുദിവസമായി ഇവരെ കണ്ടെത്താനുള്ള തീവ്രയത്‌നത്തിലായിരുന്നു. ഇവരുടെ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നരവര്‍ഷമായി പോലീസ് പരതുന്നുണ്ടായിരുന്നു.

തുടര്‍ന്ന്, കൂട്ടാളികളായ ഇരുപതുപേരെ പിടികൂടാനായി. ആദ്യം ഗോവ ബന്ധമാണ് പോലീസിനു ലഭിച്ചത്. അതുവഴിയുള്ള അന്വേഷണം ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ചില സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് നിര്‍ണായകവിവരം ലഭിച്ചു. സിഖ് വസ്ത്രമണിഞ്ഞ് കാലാ ജത്തേഡിയും ഒപ്പം അനുരാധയെയും ആ ദൃശ്യങ്ങളിലൊന്നില്‍ കണ്ടെത്തി. തുടര്‍ന്ന്, ഓപ്പറേഷന്‍ ഡി-24 എന്ന പേരിട്ട ദൗത്യത്തിലൂടെ ഇരുവരേയും സഹറന്‍പുര്‍ സര്‍സാവ ടോളിനു സമീപത്തുനിന്ന് പിടികൂടാനായി. റിവോള്‍വറും പിസ്റ്റളുമൊക്കെ ഇവരില്‍നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ചോദ്യംചെയ്യലിനായി 14 ദിവസത്തെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

content highlights: operation d 24: kala jathedi and anuradha choudhary arrested