ന്യൂഡൽഹി: ഭരണഘടന വിഭാവനംചെയ്ത വൈജാത്യവും ബഹുസ്വരതയും ജീവിതത്തിൽ സാക്ഷാത്‌കരിക്കുകയും ചരിത്രത്തിൽകൂടി അതു നടപ്പാക്കുകയും ചെയ്ത ജനതയാണ് കേരളത്തിലേതെന്നതിനാലാണ് ബനാറസിലെ രാഷ്ട്രീയയോഗത്തിൽ പ്രധാനമന്ത്രി മലയാളികളെ മോശമാക്കി സംസാരിച്ചതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു. ജനസംസ്‌കൃതി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയൊരു വിഭാഗത്തിന്റെ ശീലങ്ങൾ മലയാളവു തമിഴും പോലുള്ള ഭിന്ന സംസ്‌കാരങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ സ്ഥിതി. ഫാസിസം എവിടെയൊക്കെ വന്നിട്ടുണ്ടോ അവിടെയെല്ലാം ഭൂരിപക്ഷത്തിന്റെ ഭാഷ, ഭക്ഷണം, ചിന്താഗതി, ജീവിതശൈലി എന്നിവ ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുക, അതിനുശേഷം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യുക എന്നീ നടപടികളാണ് ലോകമെമ്പാടും ഇന്നുവരെ കണ്ടിട്ടുള്ളത്. ശക്തമായ സാംസ്‌കാരികസ്വത്വമുള്ള സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളത്. അതിൽ സാക്ഷരതയിലും മറ്റുമായി കൂടുതൽ പ്രകടനാത്മകമായി പ്രവർത്തിക്കാൻ കഴിവുള്ളവരാണ് മലയാളികൾ. സാംസ്‌കാരികവൈവിധ്യത്തെ അടയാളമായി ഉയർത്തിപ്പിടിക്കുന്നത് മലയാളികളാണ്. ആ ഒരുദേഷ്യത്തിന്റെ പേരിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മലയാളിയെ പ്രധാനമന്ത്രി അപമാനിച്ചത്. ഹിന്ദുരാഷ്ട്രത്തെ കേരളത്തിലെ ജനസംഖ്യതന്നെ തടയുന്ന കാഴ്ചയാണ് ദൂരെനിന്നു നോക്കുമ്പോൾ ഇക്കൂട്ടർ കാണുന്നത്. കേരളത്തെപ്പോലൊരു സമൂഹം സൗഹാർദപരമായി ജീവിക്കുകയെന്നതുതന്നെ അവരുടെ രാഷ്ട്രീയസന്ദേശത്തിനെതിരാണ്. അവർക്കു കലാപം വേണം. ഒരു മതത്തെ മറ്റൊരു മതത്തെ അടിച്ചമർത്താൻ ഉപയോഗിക്കണം. എന്നാൽ, കേരളത്തിൽ മൂന്നു മതങ്ങളും വർഷങ്ങളായി പ്രകടമായി ഒരുവിധ പ്രശ്‌നങ്ങളുമില്ലാതെ ജീവിക്കുന്നു. ഒരു പ്രത്യേക രാഷ്ട്രീയവീക്ഷണമുള്ള ഇന്ത്യക്കാർ ലോകമെങ്ങും മലയാളിയെ അടിച്ചമർത്താനുള്ള ശക്തമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. മതേതരസ്വഭാവമുള്ള രണ്ടു കക്ഷികൾ തമ്മിലുള്ള രാഷ്ട്രീയമത്സരത്തിനിടയിൽ ബി.ജെ.പി. പിന്തള്ളപ്പെട്ടുവെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഇപ്പോൾ തികട്ടിവരുന്നതെന്നും എൻ.എസ്. മാധവൻ പറഞ്ഞു.

ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതു ബി.ജെ.പി.യുടെ രൗദ്രമുഖം സാക്ഷി മഹാരാജ് പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ എങ്ങനെ നേരിടണമെന്ന് മാർക്‌സും ലെനിനും പോലുള്ള ചിന്തകർ പറഞ്ഞുവെച്ചിട്ടുണ്ട്. ജർമനിയിൽ ഹിറ്റ്‌ലർക്കെതിരേ ഒന്നിച്ചുനിൽക്കണമെന്ന്‌ ഐൻെെസ്റ്റനെപ്പോലുള്ള ചിന്തകർ പത്രത്തിൽ പരസ്യം നൽകി. എന്നാൽ, ഫാസിസം സംഭവിച്ചാലും ഒരു പ്രശ്‌നവുമില്ല എന്നതാണ് ഡൽഹിയിൽ കോൺഗ്രസും എ.എ.പിയും തമ്മിലുള്ള സഖ്യം സംഭവിക്കാത്തതിന്റെ അർഥം. ഫാസിസത്തിനെതിരേ ഐക്യമുന്നണി സാധ്യമല്ലാത്ത ഒരിടമായി രാജ്യതലസ്ഥാനം മാറി. ഇന്നു നേരിടുന്ന വിപത്തിനെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നതാണ് ദുഃഖകരമായ സത്യമെന്നും എൻ.എസ്. മാധവൻ പറഞ്ഞു.

സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ സുരേന്ദ്രനാഥൻ, ജനനാട്യമഞ്ജ് പ്രവർത്തകൻ അശോക് തിവാരി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ. ശശികുമാർ (പ്രസിഡന്റ്), പ്രസന്ന കെ.കെ, ശ്രീനിവാസ് എൻ.വി (വൈസ് പ്രസിഡന്റ്), വിനോദ്കുമാർ കെ. (ജനറൽ സെക്രട്ടറി), പ്രസാദ് എ.കെ, സോനു വിൻസെന്റ്, രാജേഷ് കരോട്ടിൽ (ജോ. സെക്രട്ടറി), ബാബുരാജ്. പി.എൻ (ട്രഷറർ), ബി.ഷേക്‌സ് ലാൽ (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Content Highlights: NS Madhavan against PM Modi