ന്യൂഡൽഹി: ഡൽഹി മെട്രോ രാജ്യത്തെ മികച്ച മെട്രോ സർവീസെന്ന് പഠനം. നേതൃപാടവം, കൃത്യനിഷ്ഠ, സുരക്ഷ എന്നീ കാര്യങ്ങളിൽ ഡി.എം.ആർ.സി. മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് സന്നദ്ധ സംഘടനയായ ഐ.സി. സെന്റർ ഫോർ ഗവേണൻസ് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ജാർഖണ്ഡ് മുൻ ഗവർണർ പ്രഭാത് കുമാർ റിപ്പോർട്ട് പ്രകാശനം ചെയ്തു. ഡി.എം.ആർ.സി. ഡയറക്ടർ മാംഗു സിങ് ചടങ്ങിൽ പങ്കെടുത്തു. ധാർമിക മൂല്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതാണ് ഡൽഹി മെട്രോയുടെ വിജയമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

12,000 പേർക്ക് ഡി.എംആർ.സി. ജോലി നൽകുന്നു. ജീവനക്കാർക്ക് മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. കൂടാതെ തൊഴിലാളികളുടെ ക്ഷേമത്തിലും മുന്നിലാണ്. പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്താൻ ഡി.എം.ആർ.സി.ക്ക് സാധിച്ചു. സുരക്ഷയുടെ കാര്യത്തിലും സർവീസുകളുടെ സമയകൃത്യതയിലും മെട്രോ ഏറെ മുന്നിലാണ്. അഴിമതിയില്ലാതെയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത് ജനക്പുരി വെസ്റ്റ്-കൽക്കാജി മന്ദിർ പാത ഉൾപ്പെടെ 277 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ സർവീസ് നടത്തുന്നത്.

മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, കൺട്രോൾ റൂമുകൾ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഠനസംഘം മെട്രോ യാത്ര നടത്തുകയും യാത്രക്കാരോട് സംസാരിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ പാലിക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കും.