ന്യൂഡല്‍ഹി: ബാരിക്കേഡുകള്‍ തമ്മില്‍ ബന്ധിച്ചിരുന്ന ചങ്ങലയില്‍ കഴുത്തുകുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. സുഭാഷ് പ്ലേസ് പോലീസ് സ്റ്റേഷനു സമീപം വാഴ്യാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ദുരന്തമുണ്ടായത്. നേതാജി സുഭാഷ് പ്ലേസില്‍ താമസിക്കുന്ന സ്വകാര്യ കാബ് ഡ്രൈവര്‍ അഭിഷേക് (21) ആണ് മരിച്ചത്.

പുലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന അഭിഷേകിന് പോലീസ് സ്റ്റേഷനുസമീപം വെച്ചിരുന്ന നാല് ബാരിക്കേഡുകള്‍ കടന്നുപോകണമായിരുന്നു. ഇരുട്ടായിരുന്നതിനാല്‍ ബാരിക്കേഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ചങ്ങല ശ്രദ്ധയില്‍പ്പെട്ടില്ല. ചങ്ങലയില്‍ കഴുത്തുകുരുങ്ങി മരിക്കുകയായിരുന്നുവെന്ന് ഡി.സി.പി. അസ്ലം ഖാന്‍ പറഞ്ഞു.

പോലീസിന്റെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നാല് ബീറ്റ് പോലീസുകാരെയും ഡിവിഷന്‍ സ്റ്റാഫിനെയും സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരവിന്ദ് കുമാറിനെ സ്ഥലംമാറ്റി. ബീറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ബാരിക്കേഡുകള്‍ക്ക് സമീപമില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാരിക്കേഡുകള്‍ക്ക് സമീപം പോലീസുകാര്‍ ഉണ്ടാകുകയോ, സ്ഥലം പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുകയോ വേണം. അശ്രദ്ധമൂലമുള്ള മരണത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 304(എ) വകുപ്പ് പ്രകാരം കേസെടുത്തതായി ഡി.സിപി. പറഞ്ഞു.

ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നിടത്ത് വെളിച്ചമില്ലായിരുന്നുവെന്ന് അഭിഷേകിന്റെ ബന്ധു സുനില്‍ പറഞ്ഞു. അതിനാല്‍ രണ്ട് ബാരിക്കേഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ചങ്ങല കാണാന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരില്ലായിരുന്നു. നാട്ടുകാരാണ് ആസ്​പത്രിയിലെത്തിച്ചത്. അഭിഷേകിന് അപകടമുണ്ടാകുന്നതിന് ഏതാനും മിനിറ്റുകള്‍ക്കുമുമ്പ് മറ്റൊരാളുടെ കഴുത്തിലുംചങ്ങലയില്‍ കുരുങ്ങി പരിക്കേറ്റിരുന്നതായി സുനില്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അഭിഷേകിന്റെ അമ്മ ആവശ്യപ്പെട്ടു. പോലീസില്‍ ചേരണമെന്നായിരുന്നു മകന്റെ ആഗ്രഹം. ആ പോലീസുതന്നെ അവന്റെ ജീവനെടുത്തു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുംവഴിയാണ് മകന് അപകടമുണ്ടായതെന്നും അമ്മ പറഞ്ഞു.