ന്യൂഡല്‍ഹി: മെട്രോ നിരക്കുവര്‍ധന തിങ്കളാഴ്ച നടപ്പാക്കിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ മാംഗു സിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് മാംഗു സിങ്ങിന് കത്തയച്ചു.

തിങ്കളാഴ്ചമുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ള മെട്രോ നിരക്കുവര്‍ധനയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തയാളാണ് ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍. സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാട് മാനേജിങ് ഡയറക്ടര്‍ ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡില്‍ നടപ്പാക്കുമെന്ന് കരുതുന്നു. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലവിലുള്ള ചട്ടങ്ങളനുസരിച്ചു നടപടിയെടുക്കേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

ഗതാഗതമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ചീഫ് സെക്രട്ടറി എം.എം. കുട്ടി ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ മാനേജിങ് ഡയറക്ടര്‍ക്കു നല്‍കിയിട്ടുള്ള കത്ത്. മേയില്‍ മെട്രോ നിരക്കു വര്‍ധന നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ചമുതല്‍ രണ്ടാംഘട്ട വര്‍ധന നടപ്പാക്കാനുള്ള തീരുമാനം. ഇത് മെട്രോയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതേസമയം, മെട്രോയുടെ സാമ്പത്തികാരോഗ്യത്തിന് നിരക്കുവര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ഡി.എം.ആര്‍.സി.യുടെ വാദം.