ഇതോടെ, കൗണ്ടറുകള്‍ക്കുമുന്നില്‍ വരിനിന്ന് സമയംകളയുന്നത് ഒഴിവാക്കാന്‍ ഇനി മെട്രോ യാത്രക്കാര്ക്കുസാധിക്കും. ടിക്കറ്റ് യന്ത്രങ്ങളില്‍ നേരിട്ട് പണംനല്‍കാതെ, ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ടോക്കണ്വാങ്ങാനും സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജു ചെയ്യാനും എളുപ്പത്തില്‍ കഴിയുന്നതാണ് പുതിയസംവിധാനം. ചെങ്കോട്ടയില്മാത്രം ആറിടത്ത് ഈ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. താമസിയാതെ ഐ.ടി.ഒ. മുതല്‍ കശ്മീരിഗേറ്റ് വരെയുള്ള പൈതൃകപാതയിലെ സ്റ്റേഷനുകളിലെല്ലാം ഈ സംവിധാനം നടപ്പാക്കും. ഈ വര്‍ഷം അവസാനത്തോടെ ഇത്തരം 400 യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ഡി.എം.ആര്.സി. വൃത്തങ്ങള്‍ പറഞ്ഞു. അടുത്തവര്‍ഷം മൂന്നാംഘട്ട മെട്രോയില്‍ ഉള്‍പ്പെടെ 500 യന്ത്രങ്ങള്‍ സ്ഥാപിക്കും.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനാണ് പുതിയ സംവിധാനമെന്ന് മാംഗു സിങ് പറഞ്ഞു. മെട്രോ യാത്ര വേഗത്തിലാക്കാനും ഇതുസഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.എം.ആര്.സി. സ്വന്തംനിലയില്‍ ആവിഷ്കരിച്ചതാണ് ഈ പുതിയ സാങ്കേതികവിദ്യ. ആള്സഹായമില്ലാത്തതിനാല് യാത്രക്കാരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ഘടിപ്പിച്ചതാണ് യന്ത്രങ്ങള്‍. ഡിജിറ്റല്‍ സ്ക്രീനില്‍ തങ്ങള്ക്കുപോവേണ്ട സ്റ്റേഷന് യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. അവിടേയ്ക്കുള്ള ടിക്കറ്റ് തുക യന്ത്രം എഴുതിക്കാണിക്കും. കൂടാതെ, എത്ര ടോക്കണ്വേണമെന്നും ചോദിക്കും. മൊത്തത്തിലുള്ള യാത്രാക്കൂലി കണക്കാക്കി യന്ത്രം തന്നെ അതു സ്ക്രീനില്‍ തെളിയിക്കും. തുടര്‍ന്ന്, യാത്രക്കാര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടോക്കണ്വാങ്ങാം. സമാനമായ രീതിയില്‍ത്തന്നെ സ്മാര്‍ട്ട് കാര്‍ഡുകളും റീച്ചാര്‍ജ് ചെയ്യാം. ഓരോ ഇടപാടിനും അതാതുബാങ്കുകള് ചെറിയതുക സര്‍ചാര്‍ജായി ഈടാക്കും.
മെട്രോ യാത്രാ ടിക്കറ്റിനുപകരം കാര്‍ഡ് ഉപയോഗിക്കുന്നതിലേക്കു മാറ്റാന്‍ ഡി.എം.ആര്.സി. ഒട്ടേറെ നടപടികളെടുത്തിരുന്നു. ടിക്കറ്റ് കൗണ്ടറുകളില്‍ കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് ചെയ്യുന്ന സംവിധാനവും ഏര്‍പ്പെടുത്തി. കൂടാതെ, പണംനല്‍കി ടോക്കണ്വാങ്ങുന്ന യന്ത്രങ്ങളും സ്ഥാപിച്ചു. പരിഷ്കാരങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കാര്‍ഡ് ഉപയോഗിച്ച് ടോക്കണ്വാങ്ങുന്ന ഇപ്പോഴത്തെ സംവിധാനം.