ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ കാണാനെത്തിയ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ പോലീസ് കൈയേറ്റം ചെയ്തതായി പരാതി. ബലാത്സംഗത്തിനെതിരേ വനിതാകമ്മിഷന്‍ നടത്തുന്ന 'റേപ് രോക്കോ' പ്രചാരണത്തിന്റെ ഭാഗമായി ലഭിച്ച കത്തുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കാനാണ് സ്വാതിയെത്തിയത്. എന്നാല്‍, കൂടെയുണ്ടായിരുന്ന പ്രതിനിധി സംഘത്തെ വിജയ് ചൗക്കില്‍ വെച്ചു പോലീസ് തടഞ്ഞു. ഓഫീസിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സ്വാതിയെ മണ്ണിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

കൈകള്‍ക്ക് സാരമായി പരിക്കേറ്റ സ്വാതിയെ ഓഫീസില്‍ പ്രവേശിക്കാന്‍ പിന്നീട് അനുവദിച്ചു. ജനുവരിയില്‍ ആരംഭിച്ച റേപ് രോക്കോ പ്രചാരണത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് കത്തുകള്‍ കമ്മിഷന് ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി നടത്തണമെന്നാണ് കത്തുകളുടെ ഉള്ളടക്കം.

ബലാത്സംഗക്കേസുകളിലെ വിചാരണ അതിവേഗ കോടതികളിലേക്ക് മാറ്റി ആറുമാസത്തിനകം പ്രതികളെ ശിക്ഷിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.