ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ സ്മരിച്ചുകൊണ്ട് രാജ്യം വ്യാഴാഴ്ച 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ രാവിലെ 7.55-ന് ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഡൽഹിയിൽ ഇത്തവണത്തെ ആഘോഷം. നഗരത്തിലൊട്ടാകെ സുരക്ഷാസേനകളെ വിന്യസിച്ചിട്ടുണ്ട്. കരസേന, അർധസൈനികർ, 20,000-ത്തോളം പോലീസുകാർ, കമാൻഡോകൾ തുടങ്ങിയവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മുഖം തിരിച്ചറിയാൻ സാധിക്കുന്ന സോഫ്റ്റ്‌വേറുള്ള ക്യാമറകൾ ചെങ്കോട്ടയിൽ സ്ഥാപിച്ചു. ഇതാദ്യമായാണ് ഈ സംവിധാനം ഡൽഹി പോലീസ് ഉപയോഗിക്കുന്നത്.

ഡ്രോണുകളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സംവിധാനവും ഒരുക്കി. ദേശീയപതാക ഉയർത്തുന്ന വേദിക്ക് സമീപം 500-ഓളം സി.സി.ടി.വി. ക്യാമറകളും സജ്ജീകരിച്ചു. ചെങ്കോട്ടയിലേക്കുള്ള റോഡുകൾ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. വാഹന പരിശോധനയ്ക്കായി ശ്വാന സേനയെയും ഏർപ്പെടുത്തി. പട്ടം പറത്തൽ, പാരാ ഗ്ലൈഡിങ്, ഹോട്ട്-എയർ ബലൂൺ പറത്തൽ തുടങ്ങിയവയ്ക്ക് ചെങ്കോട്ടയ്ക്ക് സമീപം നിരോധനമേർപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കൺട്രോൾ റൂമും തുറന്നു.

ഡൽഹി മെട്രോയുടെ വയലറ്റ് ലൈനിലെ ലാൽകില, ജുമാ മസ്ജിദ്, ഡൽഹി ഗേറ്റ്, ഐ.ടി.ഒ. എന്നീ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉച്ചയ്ക്ക് രണ്ടുവരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും വാഹനപാർക്കിങ്ങും വിലക്കി. ചെങ്കോട്ടയ്ക്ക് പുറമെ രാഷ്ട്രപതിഭവനിലും മറ്റു സർക്കാർ ഓഫീസുകളിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങ് നടക്കും.

Content Highlights: New Delhi ready for Independence Day celebrations