ന്യൂഡല്‍ഹി: 'സ്വച്ഛ് മഹിള, സ്വസ്ഥ് മഹിള' പ്രചാരണവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തിറങ്ങി. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ പെണ്‍കുട്ടികളില്‍ മാസമുറ അടക്കമുള്ള വിഷയങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനാണ് പരിപാടി. ഡല്‍ഹി പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബോധവത്കരണയജ്ഞത്തിന്റെ ഭാഗമായി സൗജന്യമായി സാനിറ്ററി നാപ്കിനുകളും വിതരണം ചെയ്തു. ഡല്‍ഹിയിലെ 14 ജില്ലകളും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിഷ്ഠ മുഖര്‍ജി അറിയിച്ചു.

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് എം.പി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവര്‍ പങ്കെടുത്തു. സാനിറ്ററി നാപ്കിനുകള്‍ക്കുമേല്‍ 12 ശതമാനം ജി.എസ്.ടി. ചുമത്തിയ സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്നു സുസ്മിത ദേവ് കുറ്റപ്പെടുത്തി. സാനിറ്ററി നാപ്കിനുകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കാന്‍ കൈയൊപ്പു ശേഖരണവും നടത്തി. ഇതിനോടകം അമ്പതു ലക്ഷം കൈയൊപ്പു ശേഖരിച്ചു. വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു ആവശ്യമറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും സുസ്മിത ദേവ് കുറ്റപ്പെടുത്തി.

മാതൃകാപരമായ ബോധവത്കരണമാണ് മഹിളാ കോണ്‍ഗ്രസ് നടത്തുന്നതെന്നു ഷീലാ ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഭരണമുള്ള വേളയില്‍ ആറു മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.