ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞുമൂലം ചൊവ്വാഴ്ചയും ഡല്‍ഹിയിലെ വ്യോമ-റെയില്‍ ഗതാഗതം താറുമാറായി. 20 അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ 50 വിമാന സര്‍വീസുകള്‍ വൈകി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങള്‍ റദ്ദാക്കി. 69 തീവണ്ടികള്‍ 29 മണിക്കൂറോളം വൈകുമെന്ന് ഉത്തരമേഖലാ റെയില്‍വേ വക്താവ് അറിയിച്ചു. 25 തീവണ്ടികള്‍ റദ്ദാക്കുകയും 24 എണ്ണത്തിന്റെ സമയക്രമം മാറ്റുകയും ചെയ്തു.

ചൊവ്വാഴ്ച ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ റണ്‍വേയില്‍ 600 മുതല്‍ 1000 മീറ്റര്‍ വരെ ദൃശ്യപരിധി ഉണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമഗതാഗതത്തിലുണ്ടായ താളംതെറ്റലാണ് ചൊവ്വാഴ്ചയും സര്‍വീസുകള്‍ മുടങ്ങാനിടയാക്കിയത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 75 മീറ്ററും പറന്നുയരാന്‍ 125 മീറ്ററും ദൃശ്യപരിധിയുമാണ് വേണ്ടത്.

തിങ്കളാഴ്ച 5.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്ന താപനില ചൊവ്വാഴ്ച 8.4 ഡിഗ്രി സെല്‍ഷ്യസിലേക്കുയര്‍ന്നു. ദൃശ്യപരിധി 400 മീറ്റര്‍ രേഖപ്പെടുത്തി. മൂടല്‍മഞ്ഞിനൊപ്പം വായുമലിനീകരണത്തിന്റെ തോതും ഉയര്‍ന്നു. ചൊവ്വാഴ്ച വായുഗുണനിലവാരം അപകടാവസ്ഥയിലേക്കു കടന്ന് സൂചിക 405 രേഖപ്പെടുത്തി. പഞ്ചാബി ബാഗിലാണ് ഏറ്റവും മോശം വായുഗുണനിലവാരം രേഖപ്പെടുത്തിയത്-477.

ബുധനാഴ്ച കുറഞ്ഞ താപനില ആറും കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ശീതക്കാറ്റ് വീശിയേക്കും.

അതിനിടെ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മൂടല്‍മഞ്ഞുമൂലം കാഴ്ച തടസ്സപ്പെട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനരികിലെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. ജമ്മുകശ്മീരില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.