ന്യൂഡൽഹി: നഗരത്തിലെ പൊതുഗതാഗതം ശക്തിപ്പെടുത്താൻ സഹായകമായി പുതിയ 100 ബസുകൾകൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. ഹൈഡ്രോളിക് ലിഫ്റ്റുകൾ, സി.സി.ടി.വി. ക്യാമറകൾ, അപായ ബട്ടൺ, ജി.പി.എസ്. ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഫ്ളോർ ബസുകളാണ് ഇവ.

ഇതോടെ ക്ലസ്റ്റർ പദ്ധതിപ്രകാരമുള്ള ബസുകളുടെ എണ്ണം 2,008 ആയി ഉയർന്നു. ഈവർഷം ഓഗസ്റ്റിനുശേഷം 329 സ്റ്റാൻന്റേർഡ് ഫ്‌ലോർ ബസുകളാണ് പുറത്തിറക്കിയത്. സമാനമായ 100 ബസുകൾ ഈ മാസമാദ്യം ഇറക്കിയിരുന്നു. കൂടുതൽ ബസുകൾ എത്തിയതോടെ പൊതുഗതാഗതം കാര്യക്ഷമമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾപോലെ പൊതുഗതാഗതത്തിലും പരിവർത്തനം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് മുബാറക്പുർ ദാബാസ്, നിലോത്തി, ബകോലി ക്ഷേത്രം, രോഹിണി സെക്ടർ 23 എന്നിവിടങ്ങളിലേക്കാണ് പുതിയ സ്റ്റാൻഡേർഡ് ഫ്ളോർ ബസുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുക.

15 ബസുകൾ കുത്തബ്ഗഢ്-പാലിക കേന്ദ്രറൂട്ടിലും 20 ബസുകൾ ഉത്തംനഗർ-ഡൽഹി വിമാനത്താവളം റൂട്ടിലും സർവീസ് നടത്തും. ഡി.ടി.സി. പദ്ധതിപ്രകാരം അടുത്തവർഷം മേയിൽ പുതിയ 470 ലോ ഫ്ളോർ ബസുകൾ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.