ന്യൂഡൽഹി: ഡൽഹിയിൽ 2019-ൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100-ൽ താഴെ മാത്രം ഡെങ്കിപ്പനിക്കേസുകളാണെന്നും മരണം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അതിനാൽ, ഡെങ്കിക്കെതിരായ യുദ്ധത്തിൽ ഡൽഹി വിജയിച്ചെന്നും കെജ്‌രിവാൾ ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു.

2015-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതു വലിയ നേട്ടമാണ്. 15,000-ലധികം ഡെങ്കിക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആ വർഷം 60 പേർ മരിക്കുകയും ചെയ്തു -ട്വിറ്ററിലിട്ട വീഡിയോ സന്ദേശത്തിൽ കെജ്‌രിവാൾ പറഞ്ഞു. ഡെങ്കിയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച കാമ്പയിനിനെ പിന്തുണച്ചതിൽ നഗരവാസികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

‘‘ഡൽഹിയെ ഓർത്തു ഞാൻ അഭിമാനിക്കുന്നു. ഡെങ്കിബാധ നിലനിൽക്കുന്ന നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാൽ, ഡെങ്കിയെ എങ്ങനെ ഫലവത്തായി പ്രതിരോധിക്കണമെന്ന് ആർക്കും മനസ്സിലായിരുന്നില്ല. ഇക്കാര്യത്തിൽ ഡൽഹി മാതൃക കാണിച്ചു’’ -കെജ്‌രിവാൾ ട്വീറ്റിൽ പറഞ്ഞു. ഡൽഹിയിൽ ആരംഭിച്ചതുപോലത്തെ കാമ്പയിനുകൾ മറ്റു സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ടതാണ്. ഇതു നടപ്പാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. പത്താഴ്ചമുമ്പ് ആരംഭിച്ച കാമ്പയിനിലൂടെയാണ് ഡെങ്കിക്കെതിരായ പോരാട്ടം തുടങ്ങിയത്. കാമ്പയിൻപ്രകാരം വീടും പരിസരവും ശുചിയാക്കേണ്ട അവസാന ഞായറാഴ്ചയായ നവംബർ 10-ന് നടത്തിയ അവലോകനത്തിൽ പോരാട്ടത്തിൽ വിജയിച്ചെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് -സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

കാമ്പയിനുമായി ഡൽഹിക്കാർ മികച്ചരീതിയിലാണ് സഹകരിച്ചത്. സിനിമാതാരങ്ങൾ, കായികതാരങ്ങൾ, മാധ്യമപ്രവർത്തകർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളിൽപ്പെട്ടവർ ഇതുമായി കൈകോർത്തു. ഡൽഹിക്ക് പുറത്തുള്ള ജനങ്ങൾപോലും ആശംസകൾ അറിയിക്കാൻ തയ്യാറായി -കെജ്‌രിവാൾ പറഞ്ഞു. ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഹഷ്മി, തപ്‌സി പന്നു, സ്വര ഭാസ്‌കർ, സംവിധായകൻ മഹേഷ് ഭട്ട്, മുൻ ക്രിക്കറ്റ് താരം കപിൽദേവ്, മുതിർന്ന മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, നിധി റസ്ദാൻ, ഫയേ ഡിസൂസ തുടങ്ങിയവർ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2019-ൽ നവംബർ രണ്ടുവരെയുള്ള കണക്കുപ്രകാരം 1069 ഡെങ്കിക്കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം 2798 കേസുകൾ ഉണ്ടാവുകയും നാലുപേർ മരിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മലേറിയ കേസുകളുടെ എണ്ണം വർധിച്ചു. തെക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം 617 മലേറിയ കേസുകളാണ് നഗരത്തിൽ ഉണ്ടായത്. കൂടാതെ 143 ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019-ൽ 473 മലേറിയ കേസുകളും 165 ചിക്കുൻഗുനിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.