ന്യൂഡൽഹി: ഡൽഹി റെയിൽവേ പോലീസിന്റെ സഹായനമ്പറിൽ ഇപ്പോൾ ലഭിക്കുന്നത് പിസ ഓർഡർ, മൊബൈൽ റീച്ചാർജ്, റെയിൽവേയിൽ ജോലി തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിദിനം വരുന്ന ഫോൺവിളികളിൽ 80 ശതമാനവുമെന്ന് പോലീസ് പറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിലെ ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിൽനിന്നാണ് ഇത്തരത്തിലുള്ള ഫോൺവിളികൾ ഏറ്റവുമധികം ലഭിക്കുന്നതെന്നാണ് പോലീസിന്റെ കണക്കുകൾ.

റെയിൽവേ പോലീസ് കൺട്രോൾ റൂമിലേക്ക് 1512 എന്ന സഹായനമ്പറിൽകൂടി ഒരുദിവസം ശരാശരി 200 ഫോൺവിളികളാണ് എത്തുന്നത്. ‘മൊബൈൽ റീച്ചാർജ് ചെയ്യണം, പിസ എത്തിക്കൂ, വൈദ്യുതബിൽ അടയ്ക്കാൻ സഹായിക്കൂ’ തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ഇവയിൽ ഭൂരിഭാഗവും. തീവണ്ടി യാത്രക്കാർക്ക് പരാതിപ്പെടാനും റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അറിയിക്കാനും 2015 ആരംഭിച്ചതാണ് 1512 എന്ന സഹായനമ്പർ.

റെയിൽവേ പോലീസിന്റെ സഹായം തേടാനുള്ള രാജ്യവ്യാപകമായ നമ്പറാണിതെങ്കിലും മിക്കസമയത്തും അന്വേഷണങ്ങൾക്കുവേണ്ടിയാണ് ഇതു ഉപയോഗപ്പെടുത്തുന്നതെന്ന് പോലീസ് പറയുന്നു. സഹായനമ്പറിന്റെ ഉപയോഗത്തെക്കുറിച്ച് ജനങ്ങൾക്ക് മതിയായ ധാരണയില്ലാത്തതാണ് ഇതിനിടയാക്കുന്നത്. കൺട്രോൾ റൂമിൽ നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്ക് ഇത്തരം ഫോൺവിളികൾ കൈകാര്യം ചെയ്യുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അനാവശ്യ ഫോൺവിളികൾ വർധിച്ചതിനെത്തുടർന്ന് ലഘുലേഖകളിലൂടെയും മറ്റും ഇതുസംബന്ധിച്ച് പോലീസ് ബോധവത്കരണം നടത്തുന്നുണ്ട്.