ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡെങ്കിപ്പനി പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നഗരത്തിലെ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. പടിഞ്ഞാറൻ ഡൽഹിയിലെ ത്രിനഗർ മേഖലയിൽ ഞായറാഴ്ച സന്ദർശനം നടത്തിയ കെജ്രിവാൾ കൊതുകുകൾ വളരുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.
കാമ്പയിൻ വിജയിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. നിലവിൽ, ഡെങ്കിക്കേസുകൾ കുറഞ്ഞു. ഡെങ്കിയെ നിയന്ത്രിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. നാലുവർഷംമുമ്പ് ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ഡൽഹിയിൽ ഡെങ്കി നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. സ്വന്തം വീടുകളിൽ പരിശോധന നടത്തുന്നതിനു പുറമേ ഇക്കാര്യം ചെയ്യാൻ അയൽവാസികളെയും ഓരോരുത്തരും പ്രേരിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ മയൂർവിഹാർ, പാണ്ഡവ് നഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തന്റെ മണ്ഡലമായ ശാകുർബസ്തിയിലെ പശ്ചിംവിഹാർ മേഖലയാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ സന്ദർശിച്ചത്. സ്വന്തം മണ്ഡലമായ ബല്ലിമാരനിലെ വീടുകളിലെത്തിയ മന്ത്രി ഇമ്രാൻ ഹുസൈൻ ഡെങ്കി പ്രതിരോധത്തെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തു.
മന്ത്രിമാരായ കൈലാഷ് ഗെലോട്ട്, രാജേന്ദ്രപാൽ ഗൗതം, ഗോപാൽ റായി എന്നിവരും നഗരത്തിന്റെ വിവിധയിടങ്ങൾ സന്ദർശിച്ചു. കാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ 3,000-ത്തോളം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളെകൂടി സർക്കാർ പങ്കെടുപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച തൽക്കത്തോറ സ്റ്റേഡിയത്തിൽ റെഡിഡന്റ്സ് അസോസിയേഷനുകളുടെ വൻ സമ്മേളനം നടക്കും. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ഈ കാമ്പയിൻ നവംബർ പകുതിയോടെ സമാപിക്കും. കെജ്രിവാളാണ് കാമ്പയിനിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം 2,798 ഡെങ്കിക്കേസുകളും നാലു മരണങ്ങളും നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.