ന്യൂഡൽഹി: ‘മുഖ്യമന്ത്രി തീർഥയാത്രാ യോജന’യിൽ പുതിയ ഏഴു പാതകൾകൂടി ഉൾപ്പെടുത്തുന്നതിന് എ.എ.പി. സർക്കാർ അംഗീകാരം നൽകി. രാമേശ്വരം, ഷിർദി, തിരുപ്പതി, പുരി തുടങ്ങിയവ പുതുതായി ഉൾപ്പെടുത്തിയവയിലുണ്ട്. ഇതോടെ പദ്ധതിപ്രകാരം 13 സ്ഥലങ്ങളിലേക്ക് തീർഥയാത്ര പോവാൻ സാധിക്കും. റവന്യൂവകുപ്പിന്റെ നിർദേശം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അധ്യക്ഷനായ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിക്കുകയായിരുന്നു.

പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. മുതിർന്ന പൗരൻമാരെ പൂർണമായും സർക്കാർ ചെലവിൽ തീർഥയാത്രയ്ക്ക് കൊണ്ടുപോവുന്ന പദ്ധതി ഈമാസമാദ്യമാണ് ആരംഭിച്ചത്. അഞ്ചുസ്ഥലങ്ങളെയാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. കൂടുതൽപേർ താത്പര്യമുന്നയിച്ച സ്ഥലങ്ങളെയാണ് പുതുതായി കൂട്ടിച്ചേർത്തതെന്ന് കെജ്‌രിവാൾ പറഞ്ഞു. ത്രീ-ടയർ എ.സി. കോച്ചിലെ തീവണ്ടി യാത്രയ്ക്ക് പുറമേ സാധ്യമായ ഇടങ്ങളിൽ ശീതീകരിച്ച താമസസൗകര്യവും തീർഥാടകർക്കായി ഒരുക്കും. ആവശ്യമെങ്കിൽ ബസ് സൗകര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ, ഡൽഹി-മധുര-വൃന്ദാവൻ-ആഗ്ര-ഫത്തേപുർ സിക്രി, ഡൽഹി-ഹരിദ്വാർ-റിഷികേശ്-നീലകണ്ഠ്, ഡൽഹി-അമൃത്സർ-വാഗ-ആനന്ദ്പുർ സാഹിബ്, ഡൽഹി-വൈഷ്‌ണോ ദേവി-ജമ്മു, ഡൽഹി-അജ്മീർ-പുഷ്‌കർ എന്നീ സ്ഥലങ്ങളിലേക്കാണ് തീർഥയാത്ര. പദ്ധതിപ്രകാരം യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരൻമാർ താമസസ്ഥലത്തെ എം.എൽ.എ.യിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. മന്ത്രിമാർക്കും തീർഥയാത്ര വികാസ് സമിതി അധ്യക്ഷനും ഇനിമുതൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. യാത്രാച്ചെലവ്, ഭക്ഷണം, താമസം തുടങ്ങി തീർഥാടകരുടെ എല്ലാ ചെലവുകളും സർക്കാരാണ് വഹിക്കുക. ആവശ്യമുള്ളവർക്ക് സഹായികളെയും അനുവദിക്കും.

പുതിയ സ്ഥലങ്ങൾ

ഡൽഹി-രാമേശ്വരം-മധുര-ഡൽഹി (എട്ടുദിവസം)

ഡൽഹി-തിരുപ്പതി-ഡൽഹി (ഏഴുദിവസം)

ഡൽഹി-ദ്വാരക-നാഗേശ്വർ-ഡൽഹി (ആറുദിവസം)

ഡൽഹി-പുരി-കൊണാർക്ക്-ഭുവനേശ്വർ-ഡൽഹി (ഏഴുദിവസം)

ഡൽഹി-ഷിർദി-ഷനി ഷിംഗ്നാപുർ-ഡൽഹി (അഞ്ചുദിവസം)

ഡൽഹി-ഉജ്ജയ്ൻ-ഡൽഹി (ആറുദിവസം)

ഡൽഹി-ബോധ് ഗയ-സാരനാഥ്-ഡൽഹി (ദിവസം നിശ്ചയിച്ചിട്ടില്ല)