ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും എന്നാൽ പാർട്ടിയുടെ നിർദേശം പാലിക്കുമെന്നും പ്രമുഖ ഹരിയാൺവി നർത്തകി സപ്‌നാ ചൗധരി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ മത്സരിക്കേണ്ടിവന്നാൽ പാർട്ടിവിടുമെന്നും അവർ പറഞ്ഞു.

ബി.ജെ.പി.യിൽ ചേർന്നശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽവെച്ചാണ് സപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. കെജ്‌രിവാളിന്റെ മുഖം കാണുന്നതോ അദ്ദേഹത്തിന്റെ സമീപത്ത് നിൽക്കേണ്ടിവരുന്നതോ തനിക്ക് ഇഷ്ടമല്ല. അതിനാൽ, അദ്ദേഹത്തിനെതിരേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. ഓരോരുത്തർക്കും അവരുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാനുള്ള അവകാശമുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ എല്ലാവരെയും ബഹുമാനിക്കണം. ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയാണ് പാർട്ടിയിലേക്ക് തന്റെ പ്രവേശനത്തിന് വഴിയൊരുക്കിയത്. എന്നാൽ, ബി.ജെ.പി. യിൽ ചേരണമെന്ന് അദ്ദേഹം നിർബന്ധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച സപ്‌ന അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞു. ഡൽഹിയിൽ ഞായറാഴ്ച നടന്ന ബി.ജെ.പി.യുടെ അംഗത്വവിതരണ പരിപാടിയിൽവെച്ചായിരുന്നു സപ്‌ന പാർട്ടിയിൽ ചേർന്നത്. മനോജ് തിവാരി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിപ്രവേശനം.