നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ യമുന എക്‌സ്‌പ്രസ് പാതയിൽ സ്വകാര്യബസ്, ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ടുപേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ അഞ്ചിന് രബുപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉത്തർപ്രദേശിലെ ജലൻ ജില്ലയിൽനിന്ന് നോയ്ഡയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ജലൻ സ്വദേശികളും യാത്രക്കാരുമായ വിനീത (32), അരുൺ (42), അസദ് ((12), സുമൻ (35), വിശ്വനാഥ് തിവാരി (75), രാജസ്ഥാനിലെ ധൗൾപുർ സ്വദേശികളായ ബസ് ഡ്രൈവർ മഹേഷ് കുമാർ (48), ക്ലീനർ ബണ്ഡു (25) എന്നിവരാണ് മരിച്ചത്. നോയ്ഡ, ജലൻ, ഔരിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പരിക്കേറ്റ യാത്രക്കാർ.

അതിവേഗതയിലായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പരിക്കേറ്റവർ ജേവാറിലെ കൈലാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്. ഗൗതംബുദ്ധ് നഗർ ജില്ലാ മജിസ്‌ട്രേറ്റ് ബി.എൻ. സിങ്, പോലീസ് മേധാവി വൈഭവ് കൃഷ്ണ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.