ന്യൂഡൽഹി: രാജ്യംഭരിക്കുന്നത് ദരിദ്രരെമറന്ന സർക്കാരാണന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞടുപ്പിൽ ബി.ജെ.പി. വൻ പരാജയം ഏറ്റുവാങ്ങുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിയമം രാജ്യത്തുനടപ്പാവില്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ സഖ്യകക്ഷിസർക്കാർ അധികാരത്തിലേറിയാൽ മുത്തലാഖ് നടപ്പാക്കാൻ അനുവദിക്കില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് റാലിക്ക് ഐക്യദാർഢ്യമർപ്പിച്ച് മണിപ്പൂർ മുൻമുഖ്യമന്ത്രി ഒക്റോം ഇബോബി സിങ് എത്തി. ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രമല്ലെന്നും എല്ലാവിഭാഗം ജനങ്ങളുടേതുമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നതിനായി മുത്തലാഖ്, പൗരത്വ ഭേദഗതി, മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് പ്രധാനനിയമങ്ങൾ കൊണ്ടുവന്ന മോദി സർക്കാർ രാജ്യത്ത് ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതു തടയാൻ എന്തുകൊണ്ട് നിയമം കൊണ്ടുവന്നില്ലെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചോദിച്ചു. ന്യൂനപക്ഷങ്ങൾ രാഷ്ട്രീയമായി സംഘടിച്ചാൽ ഏതുതരത്തിലുള്ള അനീതികളെയും നേരിടാൻ അവർക്കുകഴിയുമെന്ന് മുസ്‌ലിം ലീഗ് ദേശീയട്രഷറർ പി.വി. അബ്ദുൾവഹാബ് എം.പി. പറഞ്ഞു.
രാജ്യത്തെ യുവാക്കൾ രോഷത്തിലാണന്നും മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരേ വരുംനാളുകളിൽ രാജ്യം വൻപ്രക്ഷോഭങ്ങൾക്ക് സാക്ഷിയാവുമെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ, കൗസർ ഹയാത് ഖാൻ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, അഡ്വ. വി.കെ. ഫൈസൽ ബാബു, ആസിഫ് അൻസാരി, മുഹമ്മദ് ആരിഫ്, സുബൈർ ഖാൻ, സെക്രട്ടറിമാരായ സജ്ജാദ് അക്തർ, യൂത്ത് ലീഗ് കേരള ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ്, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി, സെക്രട്ടറി അതീബ് ഖാൻ, വനിതാലീഗ് ദേശീയ പ്രസിഡന്റ് തഷ്രീഫ് ജഹാൻ, മുസ്‌ലിം ലീഗ് യു.പി. സംസ്ഥാന പ്രസിഡന്റ് മതീൻ ഖാൻ, പഞ്ചാബ് പ്രസിഡന്റ് മുഹമ്മദ് തിണ്ട്, ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്രാൻ ഐജാസ്, യൂത്ത് ലീഗ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇമ്രാൻ അഷ്റഫി, ഹരിയാന സംസ്ഥാന പ്രസിഡന്റ് അസഹറുദീൻ ചൗധരി, ഉത്തർപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, അസം സംസ്ഥാന പ്രസിഡന്റ് റജാവുൽ കരിം, ഡൽഹി യൂത്ത് ലീഗ് പ്രസിഡന്റ് മുദസ്സിർ ഉൽഹഖ്, ജനറൽ സെക്രട്ടറി ഷെഹസാദ് അബ്ബാസി, ഡൽഹി കെ.എം.സി.സി. പ്രസിഡന്റ് അഡ്വ. ഹാരിസ് മീരാൻ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലിം, സയ്യിദ് മർസൂഖ് ബാഫഖി, റഹ്മത്ത് നദവി, പി. ളംറത്ത്, അഡ്വ. എ.വി. അൻവർ, അഡ്വ. കെ.എം. ഹനീഫ, യൂസുഫ് പടനിലം, ഷിബു മീരാൻ, അഡ്വ. വി.കെ. റഫീഖ്, സിദ്ദിഖ് തങ്ങൾ, മുഹമ്മദലി ബാബു, റഷീദ് ഹാജി, നിസാർ ചെളേരി, സമാൻ കതിരൂർ, ഡൽഹി കെ.എം.സി.സി. നേതാക്കളായ സലിൽ ചെമ്പയിൽ, ഖാലിദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.