ന്യൂഡൽഹി: ഡൽഹി സാങ്കേതിക സർവകലാശാലയിൽനിന്ന് മികച്ച സംരംഭകർ വാർത്തെടുക്കപ്പെടുന്നതിന്റെ വിവരങ്ങൾ പങ്കുവെക്കപ്പെടണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച സുവർണ-വജ്ര ജൂബിലി ബാച്ചുകളിലെ പൂർവവിദ്യാർഥികളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി ഡൽഹി സർക്കാർ മികച്ച പ്രവർത്തനങ്ങൾ നടത്തുകയാണ്. അതിനാൽ, സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് എല്ലാ വിധത്തിലും അതിനെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കണമെന്ന് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു. സുവർണജൂബിലി ബാച്ചിൽപ്പെട്ട 70 പേരും വജ്രജൂബിലി ബാച്ചിൽപ്പെട്ട അഞ്ചു പേരും പരിപാടിയിൽ പങ്കെടുത്തു.
സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ്ങും സംസാരിച്ചു.