ന്യൂഡൽഹി: തലസ്ഥാനനഗരത്തെ ബന്ധിപ്പിച്ചുള്ള പ്രത്യേക ഹരിത ഇടനാഴി ഫെബ്രുവരിയിൽ തുറക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സി.എൻ.ജി. വാഹനങ്ങൾക്കു വേണ്ടി മാത്രമായി നിർമിച്ച നാല് ഇടനാഴികളാണ് ഡൽഹിയെ ബന്ധിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നാലുദിശകളിൽനിന്ന്‌ ന്യൂഡൽഹിയെ ബന്ധിപ്പിക്കുന്നതാണ് ഹരിത ഇടനാഴി. ഡൽഹി- ആഗ്ര, ഡൽഹി-ചണ്ഡിഗണ്ഡ്, ഡൽഹി-ജെയ്പുർ, ഡൽഹി-ഹരിദ്വാർ എന്നിവയാണവ. ഇവയെല്ലാം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.- മന്ത്രി പറഞ്ഞു.

എട്ടു വലിയ സി.എൻ.ജി ബസുകളും സർക്കാർ വാങാനൊരുങുന്നതായി ഐ.ജി.എൽ. മാനേജിങ് ഡയറക്ടർ ഇ.എസ്. രംഗനാഥൻ പറഞ്ഞു. ഹരിത ഇടനാഴികളിലൂടെ അവ സർവീസ് നടത്തും. അശോക് ലെയ്‌ലൻഡ് രൂപകല്പന നിർവഹിച്ചതാണ് ബസുകൾ. അവയ്ക്ക് അംഗീകാരം നൽകൽ അന്തിമഘട്ടത്തിലാണ്. അതു ലഭിച്ചുകഴിഞ്ഞാൽ 45 ദിവസത്തെ പരീക്ഷണയോട്ടമുണ്ടാവും. അതുകൂടി പൂർത്തിയായാൽ പൊതുഗതാഗതത്തിനായി സർവീസിനിറക്കുമെന്നും രംഗനാഥൻ പറഞ്ഞു.

ഒരുതവണ സി.എൻ.ജി. റീഫിൽ ചെയ്തുകഴിഞ്ഞാൽ 700 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ബസുകൾ. ഒരെണ്ണത്തിനു 39 ലക്ഷം രൂപയാണ് വില. ആദ്യഘട്ട പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും.

ഹരിത ഇടനാഴിയിൽ ഓരോ അമ്പതു കിലോമീറ്ററിലും സി.എൻ.ജി. സ്റ്റേഷനുകളുണ്ടാവും. റോഡിന്റെ ഇരുവശങ്ങളിലും സി.എൻ.ജി. സ്റ്റേഷൻ പ്രവർത്തിക്കുമെന്നും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ഭാരവാഹികൾ അറിയിച്ചു.

2015-ൽ പ്രഖ്യാപിച്ചതാണ് ഹരിത ഇടനാഴി. 2017-ൽ യാഥാർഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പല കാരണങ്ങളാൽ നീണ്ടുപോയെന്നാണ് സർക്കാർതലത്തിലുള്ള വിശദീകരണം. തലസ്ഥാനനഗരത്തിലെ പൊതുഗതാഗതം മുഴുവൻ നേരത്തെത്തന്നെ സി.എൻ.ജി.യിലേയ്ക്കു മാറിയിട്ടുണ്ട്. എന്നാൽ, മറ്റു നഗരങ്ങളെക്കൂടി ഹരിത ഇടനാഴി വഴി ബന്ധിപ്പിക്കുകയാണ് സർക്കാർ. വായുമലിനീകരണം നേരിടാൻ സി.എൻ.ജി. പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതുകൂടി ലക്ഷ്യമിട്ടാണ് ഡൽഹിയെ കണ്ണിചേർത്തുള്ള നാലു പാതകൾ.

ആഗ്ര, ജെയ്പുർ എന്നിവിടങ്ങളിലേയ്ക്കു ബന്ധിപ്പിക്കുന്നതു വിനോദസഞ്ചാരമേഖലയിലും പുതിയ വഴിത്തിരിവാകും. സുരക്ഷിതയാത്രയ്ക്ക് ഇടനാഴി സഹായിക്കുമെന്നാണ് വിലയിരുത്തൽ. തീർഥാടകർക്ക് പ്രയോജനപ്പെടുന്നതാണ് ഹരിദ്വാറിലേയ്ക്കുള്ള പാത. ചണ്ഡീഗഢിലേയ്ക്കുള്ള ഇടനാഴി വിനോദസഞ്ചാരികൾക്കു പുറമെ, ദീർഘദൂര യാത്രക്കാർക്കു സഹായകരമാവും.