ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിനെ ജീവപര്യന്തം തടവിനുശിക്ഷിച്ച ഡൽഹി ഹൈക്കോടതിവിധി ബി.ജെ.പി., ആം ആദ്മി പാർട്ടി, കോൺഗ്രസ് പഞ്ചാബ് ഘടകം സ്വാഗതം ചെയ്തു. ഹൈക്കോടതിവിധിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വാഗതം ചെയ്തു. അധികാരത്തിലിരുന്നവർ കൊലചെയ്ത നിരപരാധികൾക്ക് നീതി ലഭിക്കാൻ ഏറെ വൈകി. എത് ലഹളയിലും പങ്കുള്ളവർ എത്ര കരുത്തരാണെങ്കിലും അവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

കോടതിവിധിയെ സ്വാഗതംചെയ്ത എ.എ.പി. നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ എച്ച്.എസ്. ഫൂൽക, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. വൈകിയെങ്കിലും നീതി ലഭിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. സജ്ജൻ കുമാറിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകുമെന്ന് ബി.ജെ.പി. വക്താവ് തേജീന്ദർ പാൽസിങ് ബഗ്ഗ പറഞ്ഞു. കലാപത്തിൽ ഉൾപ്പെട്ടവർ ആരായിരുന്നാലും ശിക്ഷിക്കപ്പെടുമെന്ന് പാർട്ടിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് കോൺഗ്രസ് പഞ്ചാബ് ഘടകം പ്രസിഡന്റ് സുനിൽകുമാർ ഝാക്കർ എം.പി. പറഞ്ഞു.

വൈകിയെങ്കിലും അവസാനം നീതിലഭിച്ചു ആരും നിയമത്തിന് അതീതരല്ല. ഇത്തരത്തിലുള്ള നീചകുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ആരായാലും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും പാർലമെന്റിനു പുറത്തുവെച്ച് ഝാക്കർ പറഞ്ഞു. കലാപത്തിൽ പങ്കാളികളായവരുടെ പട്ടികയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പേര് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് വലിയ സംതൃപ്തി നൽകുന്ന വിധിയാണിതെന്ന് ശിരോമണി അകാലിദൾ നേതാവ് മഞ്ജീന്ദർസിങ് സിർസ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്നതിനാൽ നീതി ലഭിക്കാൻ നീണ്ട 34 വർഷം കാത്തിരിക്കേണ്ടിവന്നു. കേസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും നാനാവതി കമ്മിഷന്റെ നിർദേശപ്രകാരം അന്വേഷണം പുനരാരംഭിക്കുകയായിരുന്നുവെന്ന് സിർസ പറഞ്ഞു.