ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന അശോക പാർക്കിലെ 124 വ്യവസായ യൂണിറ്റുകൾ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻ.ഡി.എം.സി.) അടച്ചുപൂട്ടി. ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇ.പി.സി.എ.)യുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

ഡൽഹി മാസ്റ്റർ പ്ലാൻ 2021 പ്രകാരം പാർപ്പിട മേഖലകളിൽ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണ്. ടാർ ഓയിൽ സൂക്ഷിച്ചിരുന്ന യൂണിറ്റുകളാണ് മുദ്രവെച്ചത്. സമീപവാസികളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഈ യൂണിറ്റുകൾ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് ചൊവ്വാഴ്ചയാണ് ഇ.പി.സി.എ. ചെയർമാൻ ഭുരേലാൽ ഉത്തരവിട്ടത്.

അശോക പാർക്കിലെ ഇടുങ്ങിയ വഴികളിലാണ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. ടാർ ഓയിൽ നീക്കം ചെയ്യുന്ന യൂണിറ്റുകളും ഇവിടെയുണ്ടായിരുന്നു. വലിയതോതിലുള്ള മലിനീകരണമാണ് ഇവയുണ്ടാക്കുന്നത്.

വരുംദിവസങ്ങളിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടുന്നത് തുടരുമെന്ന് എൻ.ഡി.എം.സി. അധികൃതർ അറിയിച്ചു.

ജനവാസ മേഖലയിൽ വ്യവസായ യൂണിറ്റുകളെ തുടരാൻ അനുവദിക്കില്ലെന്ന് കരോൾബാഗ് സോൺ ഡെപ്യൂട്ടി ഡയറക്ടർ കപിൽ റസ്‌തോഗി വ്യക്തമാക്കി.

വടക്കൻ ഡൽഹിയിലെ വിജയ് നഗറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഇ.പി.സി.എ. ഉത്തരവിട്ടു. കെട്ടിട നിയമങ്ങൾ പാലിക്കാത്ത ഉടമസ്ഥർക്കെതിരേ നടപടിയെടുക്കാനും അതോറിറ്റി എൻ.ഡി.എം.സി.യോട് ആവശ്യപ്പെട്ടു. ഉടമസ്ഥർക്കും താമസക്കാർക്കും ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. ഒരു മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

പാകിസ്താനിൽ നിന്നും കുടിയേറിയ അഭയാർഥികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് 1947-ൽ വിജയ് നഗർ കോളനി നിർമിച്ചത്. സൗജന്യമായാണ് കേന്ദ്രം ഭൂമി വിട്ടുനൽകിയത്. എന്നാൽ പിന്നീട് പുറത്തുനിന്നുള്ളവർ കൈയേറി കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു.