ന്യൂഡൽഹി: തന്നെ ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. കഴിഞ്ഞദിവസം നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ തനിക്കെതിരേ നാലുതവണ അക്രമമുണ്ടായി. ഇതൊരു ചെറിയ കാര്യമല്ല. ഒരു മുഖ്യമന്ത്രി നാലുതവണ അക്രമിക്കപ്പെട്ട സംഭവം ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു വിശ്വസിക്കുന്നു. അക്രമം നടക്കുന്നതല്ല. അതു സൃഷ്ടിക്കപ്പെടുന്നതാണെന്നും കെജ് രിവാൾ പറഞ്ഞു. മറ്റു പാർട്ടികളുടെ സർക്കാരുകൾക്കു 70 വർഷത്തിനിടയിൽ ചെയ്യാൻ കഴിയാത്തതു എ.എ.പി. സർക്കാരിനു മൂന്നു വർഷത്തിനിടയിൽ ചെയ്യാനായി.

സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ വികസനമുണ്ടായി. എ.എ.പി. സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളൊന്നും എതിരാളികളുടെ കണ്ണിൽ പിടിക്കുന്നില്ല. അതുകൊണ്ടുത്തന്നെ എന്നെ ഇല്ലാതാക്കാൻ അവർ ഗൂഢാലോചന നടത്തുന്നു. തുടർച്ചയായി അക്രമങ്ങൾ നടത്തുന്നു. ഡൽഹിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളൊക്കെ സ്കൂളിലും ആശുപത്രിയിലുമൊക്കെ പ്രതിഫലിച്ചു. എന്തുകൊണ്ടാണ് നിങ്ങൾക്കിതൊന്നും ചെയ്യാനാവാതിരുന്നതെന്നു പൊതുജനങ്ങൾ ഈ പാർട്ടികളോടു ചോദിക്കുന്നു.

രക്തസാക്ഷികളുടെ കുടുംബത്തിനു ഒരുകോടി രൂപ നഷ്ടപരിഹാരം കെജ്‌രിവാളിനു കൊടുക്കാമെങ്കിൽ എന്തുകൊണ്ടു നിങ്ങൾ നൽകിയില്ലെന്നു ജനങ്ങൾ ചോദിക്കുന്നു. ഈ പാർട്ടി നിലനിന്നാൽ കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്നു ഞങ്ങളുടെ എതിരാളി പാർട്ടികൾ ചിന്തിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ അവർ എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നു.- മുഖ്യമന്ത്രി മാധ്യമപ്രർത്തകരോടു പറഞ്ഞു. രക്തസാക്ഷിയായ ബി.എസ്.എഫ്. ജവാൻ നരേന്ദർസിങ്ങിന്റെ കുടുംബത്തിനു ഒരു കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഹരിയാണയിലെ സോനെപ്പത്തിലെത്തിയതായിരുന്നു അദ്ദേഹം.

ജവാന്റെ ഗ്രാമക്കാരെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തു. നരേന്ദർ സിങ്ങിന്റെ രക്തസാക്ഷിത്വത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. നരേന്ദർസിങ്ങിനെപ്പോലുള്ള ജവാന്മാർ എത്രകാലം ഇങ്ങനെ രക്തസാക്ഷികളാവേണ്ടി വരും? എത്ര കുടുംബങ്ങൾക്ക് ഇങ്ങനെ പ്രിയപ്പെട്ടവരെ നഷ്ടമാവുമെന്നും കെജ്‌രിവാൾ ചോദിച്ചു.