ന്യൂഡൽഹി: മോചനദ്രവ്യം ആവശ്യപ്പെടാനായി യുവാവിനെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർക്ക് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. മുപ്പത് വർഷം തടവ് പൂർത്തിയാക്കും മുമ്പ് പ്രതികളായ ജോഗീന്ദറിനും വികാസ് ചൗധരിക്കും പരോളോ മറ്റ് ഇളവുകളോ നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരുടെ ബെഞ്ചാണ് വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ചത്. എന്നാൽ, വിചാരണക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ച മറ്റൊരു പ്രതിയായ വികാസ് സിദ്ധുവിനെ ഹൈക്കോടതി വെറുതെവിട്ടു.

പതിനഞ്ച് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹി അശോക് വിഹാറിൽ നിന്ന് പ്രകാശ് ഛഡ്ഡ(20)യെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2003 ജനുവരി 18-നാണ് പ്രതികൾ ഛഡ്ഡയെ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായി തട്ടിക്കൊണ്ടുപോയത്. അന്നുതന്നെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചശേഷം ഉപേക്ഷിക്കുകയും ചെയ്തു.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ കോളുകളുടെ ശബ്ദം പരിശോധിച്ചപ്പോൾ ജോഗീന്ദറിന്റേയും ചൗധരിയുടേതും തിരിച്ചറിഞ്ഞു. എന്നാൽ സിദ്ധുവിനെതിരേ ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അതിനാൽ സിദ്ധു ഏതെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.