ന്യൂഡൽഹി: മൂന്നാഴ്ചയോളം വളരെ മോശം നിലവാരത്തിലായിരുന്ന ഡൽഹിയിലെ വായുനിലവാരം അൽപ്പം ഭേദപ്പെട്ടു. ഞായറാഴ്ച ഡൽഹിയിലെ വായുനിലവാരസൂചിക 231 ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഒരാഴ്ചമുമ്പുപോലും സൂചിക 381 ആയിരുന്നു. വെള്ളിയാഴ്ച 370 ആയിരുന്ന സൂചിക ശനിയാഴ്ചയോടെ 336-ഉം ഞായറാഴ്ച 231-ഉം ആയി മെച്ചപ്പെട്ടു. എന്നാൽ തിങ്കളാഴ്ച മുതൽ വായുനിലവാരം വീണ്ടും മോശമാകുമെന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമാണ് വായുനിലവാരം മെച്ചപ്പെടാൻ കാരണമായത്. നിർമാണപ്രവർത്തനങ്ങൾ തടഞ്ഞും ഗതാഗതക്കുരുക്ക് നിയന്ത്രിച്ചതുമാണ് വായു നിലവാരം മെച്ചപ്പെടുത്തിയത്. സൂചിക പൂജ്യത്തിനും അമ്പതിനുമിടയിലാണെങ്കിൽ ഗുണനിലവാരം മികച്ചതാണെന്ന് കണക്കാക്കും. നൂറിനും 51-നുമിടയിലാണെങ്കിൽ കുഴപ്പമില്ലാത്ത നിലവാരമാണ്. നൂറ്റൊന്നിനും 200-നുമിടയിലാണെങ്കിൽ ഇടത്തരം നിലവാരവും 201-നും 300-നുമിടയിലാണെങ്കിൽ മോശവും 301-നും 400-നുമിടയിലാണെങ്കിൽ വളരേ മോശവുമാണ്. സൂചിക 401-ന് മുകളിലെത്തിയാൽ വായുവിന്റെ നിലവാരം ഗുരുതരാവസ്ഥയിലാണെന്ന് കണക്കാക്കും.

മണ്ണ് കുഴിച്ചെടുത്തുള്ള നിർമാണപ്രവർത്തനങ്ങൾ സർക്കാർ തടഞ്ഞിരുന്നു. ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും അധികൃതർ നിയന്ത്രണമേർപ്പെടുത്തി. ഏറെ പൊടിശല്യമുണ്ടാക്കുന്ന ക്വാറികളുടെ പ്രവർത്തനങ്ങളും നിർത്തിവെപ്പിച്ചു. നവംബർ ഒന്നു മുതൽ പത്ത് വരെ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നത് ശക്തമാക്കാൻ പോലീസിന് നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനയും നടക്കുന്നുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം 80 ലക്ഷം രൂപയാണ് മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് പിഴ ചുമത്തിയത്. ഏറ്റവുമധികം പരാതികൾ ലഭിക്കുന്നത് അനധികൃത നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ്. വെള്ളിയാഴ്ച 576-ഉം ശനിയാഴ്ച 465-ഉം പരാതികളാണ് ലഭിച്ചത്.

വായുമലിനീകരണം നിയന്ത്രിക്കാൻ നവംബർ ഒന്നു മുതൽ പത്തു വരെ ശക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതിമലിനീകരണ നിയന്ത്രണ അതോറിറ്റിയോട് കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് ശുപാർശ ചെയ്തിരുന്നു. കൽക്കരി ഫാക്ടറികൾ അടച്ചിടുക, വാഹനങ്ങളുടെ പുക പരിശോധന കർക്കശമാക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക തുടങ്ങിയവയാണ് വിവിധ നടപടിക്രമങ്ങൾ. നിർമാണസ്ഥലങ്ങളിൽ നിന്നുയരുന്ന പൊടിപടലങ്ങൾ, വാഹനങ്ങൾ പുറന്തള്ളുന്ന മാലിന്യം, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളിൽ തീയിടുമ്പോൾ ഉയരുന്നപുക എന്നിവയാണ് ഡൽഹിയിലെ വായു നിലവാരം മോശമാക്കുന്നത്.