ന്യൂഡൽഹി: ഹൈവേകളിലൂടെ പോകുന്ന ട്രക്കുകൾ കൊള്ളയടിക്കുന്ന സംഘത്തിലെ ഒമ്പതുപേർ പിടിയിൽ. ഗ്രേറ്റർ നോയ്ഡ എക്കോ ടെക് ഒന്ന് മേഖലയിൽനിന്നാണ് സംഘത്തലവൻ വിനീത് ഉൾപ്പെടെ ഒമ്പതുപേരെ ഉത്തർപ്രദേശ് പ്രത്യേക ദൗത്യസേന പിടികൂടിയത്.

ഉത്തർപ്രദേശ്, ഹരിയാണ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഹൈവേകളിലൂടെ പോകുന്ന ട്രക്കുകളിൽനിന്ന് പതിവായി കൊള്ളയടിച്ചിരുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് എസ്.ടി.എഫ്. പറഞ്ഞു.

ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സാധനങ്ങളുമായി പോകുന്ന ട്രക്കുകളാണ് ഇവർ പ്രധാനമായും കൊള്ളയടിച്ചിരുന്നത്. 388 മൊബൈൽ ഫോണുകൾ, 129 ജോഡി ഷൂസുകൾ, പത്ത് ജോഡി ചെരിപ്പുകൾ, ബെൽറ്റുകൾ, ടി.എഫ്.ടി. മോണിറ്ററുകൾ, രണ്ട് തോക്കുകൾ, 70,000 രൂപ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളായ ഒരു ഹോണ്ടാ സിറ്റിയും രണ്ട് മാരുതി എക്കോയും പിടിച്ചെടുത്തു.