ന്യൂഡല്‍ഹി: രാജ്യത്ത് ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫിഫ അണ്ടര്‍ 17 ലോകകപ്പ് വരെ സര്‍ക്കാര്‍ ഇന്ത്യയിലെത്തിച്ചു. ഫുട്‌ബോള്‍ പ്രേമം രാജ്യത്താകെ വ്യാപിച്ചുവരുമ്പോഴും കാല്‍പ്പന്തിനെ സ്‌നേഹിക്കാന്‍ ഡല്‍ഹി മടിക്കുന്നു. അറുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍.) ഫുട്‌ബോള്‍ കാണാന്‍ ബുധനാഴ്ച ആറായിരം പേര്‍ പോലുമെത്തിയില്ല. ശനിയാഴ്ചത്തെ ഡല്‍ഹിയിലെ ഉദ്ഘാടനമത്സരത്തിലും സ്ഥിതി ഒട്ടും മെച്ചമായിരുന്നില്ല. ഒമ്പത് മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ വരുംദിവസങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണം ഇതിലും കുറഞ്ഞേക്കും.

ഐ.എസ്.എല്ലിന്റെ നാലാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്നു സീസണിലും ഏറ്റവും കുറച്ച് കാണികളെത്തിയത് ഡല്‍ഹിയിലായിരുന്നു. കൊച്ചി, കൊല്‍ക്കത്ത, മുംബൈ തുടങ്ങി മറ്റെല്ലാ വേദികളിലും സ്റ്റേഡിയം നിറഞ്ഞുകവിയുമ്പോഴാണ് സംഘാടകര്‍ക്ക് തലവേദനയായി ഡല്‍ഹിയില്‍ ഈ ദുരവസ്ഥ.

കഴിഞ്ഞ സീസണുകളില്‍ ചില മത്സരങ്ങള്‍ക്ക് 25,000 പേര്‍ വരെ വന്നിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ കളിനടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കാണികളെത്താറ്്. എന്നാല്‍ ഇത്തവണ ഉദ്ഘാടനമത്സരംതന്നെ നോര്‍ത്ത് ഈസ്റ്റും ഡല്‍ഹിയും തമ്മിലായിട്ടും സീറ്റുകളില്‍ തൊണ്ണൂറു ശതമാനവും കാലിയായിക്കിടന്നു.

മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങള്‍ ഇത്തവണ ഐ.എസ്.എല്ലിനുണ്ട്. കഴിഞ്ഞ സീസണുകളില്‍ രണ്ടരമാസംകൊണ്ട് അവസാനിച്ചിരുന്ന ടൂര്‍ണമെന്റ് ഇക്കുറി നാലുമാസം നീണ്ടുനില്‍ക്കും. ഇത്തവണ രണ്ടു പുതിയ ടീമുകള്‍ കൂടി വരുകയുംചെയ്തു.

ഡല്‍ഹിയില്‍ കാണികളെ പിന്നോട്ടു നയിക്കുന്ന മുഖ്യവിഷയം മത്സരത്തിന്റെ സമയക്രമം കൂടിയാണ്. മുന്‍ സീസണുകളില്‍ വൈകീട്ട് ഏഴിന് ആരംഭിച്ച് ഒമ്പത് മണിയോടെ അവസാനിക്കുംവിധമായിരുന്നു ഡല്‍ഹിയിലെ മത്സരങ്ങള്‍. അതിനാല്‍ കാണികള്‍ക്ക് മെട്രോയിലോ ബസുകളിലോ തിരിച്ച് വീടെത്താന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ ഇത്തവണ രാത്രി എട്ട് മുതലാണ് മത്സരങ്ങള്‍. തീരുമ്പോള്‍ പത്തുമണിയോളമാകും. അതിന് ശേഷം ഡി.ടി.സി.യുടെ ബസുകള്‍ പ്രതീക്ഷിക്കാനാവില്ല. മെട്രോ സ്റ്റേഷനിലെത്തുമ്പോഴേക്കും വൈകുമെന്നതിനാല്‍ അവസാന സ്ഥലംവരെ പോകാനുള്ള ട്രെയിനുകള്‍ കിട്ടണമെന്നുമില്ല.

ശൈത്യകാലം ആരംഭിച്ചതോടെ രാത്രി വൈകി ജനങ്ങള്‍ പുറത്തിറങ്ങാനും മടിക്കുന്നു. ഫുട്‌ബോളിനോട് താത്പര്യം കുറവായ ഡല്‍ഹിക്ക് ഇതുകൂടിയാകുമ്പോള്‍ സ്റ്റേഡിയത്തിലെത്താതിരിക്കാന്‍ കാരണങ്ങളായി.

ജനുവരി പത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം ഡല്‍ഹിയില്‍ നടക്കുന്നത്. മലയാളികള്‍ ആവേശത്തോടെയാണ് മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനെ ഇവിടെ വരവേറ്റിരുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ ക്ലബ്ബായ മഞ്ഞപ്പടയ്ക്ക് ഇവിടെയും അംഗങ്ങളുണ്ട്. ഇഷ്ട ടീമിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണവര്‍.