24-ന് വൈകിട്ട് ആറേമുക്കാലിന് ആരാധന. ഏഴേകാലിന് ദിവ്യബലി, വചനസന്ദേശം, നൊവേന- ഫാ. റോബി കുന്താനിയില്. തുടര്‍ന്ന് കൊടിയേറ്റ്. 25-ന് വൈകിട്ട് ആറേമുക്കാലിന് ആരാധന. ഏഴേകാലിന് ദിവ്യബലി, നൊവേന, അടിമവെയ്ക്കല്‍-ഫാ. സണ്ണി ജോസഫ്. തുടര്‍ന്ന് ഊട്ടുനേര്‍ച്ച.
തിരുനാള്‍ദിനമായ 26-ന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഫാ. ജോബി പുളിക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന്. 27-ന് വൈകിട്ട് 7.30-ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി. 23 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആറേമുക്കാലിന് ആരാധനയും നൊവേനയും ദിവ്യബലിയും ഉണ്ടായിരിക്കും. ഞായറാഴ്ചത്തെ ചടങ്ങുകള്‍ക്ക് മാര്‍ ഗ്രേഷ്യന് മുണ്ടാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്നുമുണ്ടാവും.
സി.എം.ഐ. ഭവന് 1990-ല്‍ ഗ്രെയ്റ്റര്‍ കൈലാഷില്നിന്ന് ഹരിനഗറിലെക്ക് മാറി. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് 2003 മേയ് 18-ന് സി.എം.ഐ. ഭവനെ മാസ് സെന്ററായി പ്രഖ്യാപിച്ചു. ചാവറ പിതാവിന്റെ നാമധേയത്തിലുള്ള മാസ് സെന്ററിനെ 2005 ഓഗസ്റ്റ് ഏഴിന് സ്വതന്ത്രചുമതലയുള്ള ഇടവകയായി പ്രഖ്യാപിച്ചു. പ്രഥമ വികാരിയായി ഫാ. ജോസ് ചിറ്റൂപറമ്പില്‍ നിയമിക്കപ്പെട്ടു. 2008-ല്‍ ഫാ. പീറ്റര്‍ ആടുകുഴിയില്‍ ചുമതലയേറ്റശേഷം ദേവാലയം കൂടുതല്‍ വളര്‍ച്ചപ്രാപിച്ചു. 2011-ല്‍ ഫാ. മാത്യു പേടിക്കാട്ട് കുന്നേല്‍ ചുമതലയേറ്റു. ഈ കാലഘട്ടത്തിലാണ് ഫരീദാബാദ് രൂപത നിലവില്‍വരുന്നതും അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് രൂപതയിലെ തന്റെ ആദ്യ അജപാലനസന്ദര്‍ശനം ഹരിനഗര്‍ ഇടവകയില്‍ നടത്തുന്നതും.
2014-ല്‍ ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ വികാരിയായി. അതേവര്‍ഷം ചാവറ പിതാവിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ ഹരിനഗര്‍ ഇടവക വടക്കിന്റെ മാന്നാനം എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന്, നവംബര്‍ മാസത്തില്‍ ഇടവക തിരുനാളും ചാവറ പിതാവിന്റെ വിശുദ്ധപദ പ്രഖ്യാപന വാര്‍ഷികവും സംയുക്തമായി ആഘോഷിക്കാന്‍ തുടങ്ങി.
ഏറെ കലാപ്രതിഭകളുള്ള ഈ ഇടവകയില്‍ ചാവറ തിയറ്റേഴ്സ് എന്നപേരില്‍ നാടകസംഘവുമുണ്ട്. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മതബോധനവിഭാഗം, വിന്‍സന്റ് ഡി പോള്‍, ജൂനിയര്‍ വിന്‍സന്റ് ഡി. പോള്‍, പിതൃവേദി, മാതൃജ്യോതിസ്, ഓള്‍ട്ടര്‍ എയ് ജല്‍സ്, ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്ന ചാവറ വോയ്സ് ഗായകസംഘം, ദൈവശുശ്രൂഷകര്‍, പ്രാര്‍ഥനാസംഘം, കെ.ഇ.സി. യുവജനപ്രസ്ഥാനം എന്നിവയും പ്രവര്‍ത്തിക്കുന്നു.
വിന്‍സന്റ് ഡി പോള്‍ സംഘടനയുടെ നേതൃത്വത്തിലാണ് നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള പഠനസഹായവും അനാഥാലയ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കുള്ള സഹായങ്ങള്‍ ചെയ്യുന്നതും.
മാതൃജ്യോതിസിന്റെ നേതൃത്വത്തില്‍ നിര്‍ധനകുടുംബങ്ങള്‍ക്കായി ആഴ്ചതോറും റേഷനും വിതരണം ചെയ്യുന്നു.
ഇടവക വികാരിയായ ഫാ. ആന്റോ കാത്തിരത്തിങ്കലിന്റെയും ഫാ. ജോസ് ഇളംതൂരുത്തിയുടെയും അസീസിഭവനിലെ സിസ്റ്റേഴ്സിന്റയും ആത്മീയനേതൃത്വത്തിലും കൈക്കാരന്മാരായ ബിജു കല്ലുപുര, ഷോജി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുമുള്ള പാരിഷ് കൗണ്‍സില്‍, അസോസിയേറ്റ്സ് ഓഫ് ടീം ചാവറ എന്നിവ ഭരണസമിതിയുടെ കൂട്ടായ്മയില്‍ വളരുകയാണ് ഇടവക. എം.എം. ജോയാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷത്തിന്റെ ജനറല്‍ കണ്‍വീനര്‍. വിവിധ ഉപസമിതികളും ആഘോഷത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.